ചീറിപ്പാഞ്ഞ് പോയ കാറില്‍നിന്ന് യുവതിയുടെ മൃതദേഹം നടുറോഡില്‍ തള്ളി; വാഹനങ്ങള്‍ കയറിയിറങ്ങി

കോയമ്പത്തൂർ: യുവതിയുടെ മൃതദേഹം കാറിൽകൊണ്ടുവന്ന് നടുറോഡിൽ തള്ളി. കോയമ്പത്തൂർ അവിനാശി റോഡിൽ ചിന്നിയംപാളത്ത് തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. മൃതദേഹത്തിലൂടെ ഒട്ടേറെ വാഹനങ്ങൾ കയറിയിറങ്ങിയതിനാൽ ആളെ തിരിച്ചറിയാനായിട്ടില്ല.
തിങ്കളാഴ്ച പുലർച്ചെ ചില ബൈക്ക് യാത്രക്കാരാണ് നടുറോഡിൽ അർധനഗ്നയായനിലയിൽ യുവതിയുടെ മൃതദേഹം കണ്ടത്. ഇവരാണ് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് പോലീസ് സമീപത്തെ കടയിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചതോടെയാണ് മൃതദേഹം കാറിൽകൊണ്ടുവന്ന് തള്ളിയതാണെന്ന് വ്യക്തമായത്.
അതിവേഗത്തിൽ പോയ ഒരു എസ്.യു.വിയിൽനിന്നാണ് മൃതദേഹം റോഡിൽ തള്ളിയത്. പിന്നാലെ ഇതുവഴിയെത്തിയ പലവാഹനങ്ങളും മൃതദേഹത്തിലൂടെ കയറിയിറങ്ങി. അതിനാൽ തന്നെ മുഖം വികൃതമായി ആളെ തിരിച്ചറിയാൻ കഴിയാത്തനിലയിലായിരുന്നു. മൃതദേഹം പിന്നീട് കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം ഉൾപ്പെടെ വ്യക്തമാവുകയുള്ളൂ. സംഭവത്തിൽ പോലീസിന്റെ രണ്ട് പ്രത്യേകസംഘങ്ങളാണ് അന്വേഷണം നടത്തുന്നത്

