മികവുകളേറെ;,സ്വന്തം പേരിൽ സസ്യങ്ങളും; മുട്ടിൽ മരംമുറിക്കേസ് ‘ഹീറോ’ ഇനി കാസർകോട് ഡിഎഫ്ഒ-

കാസർകോട് ∙ മുട്ടിൽ മരംമുറി കേസ് വെളിച്ചത്തുകൊണ്ടു വന്ന കോഴിക്കോട് ഫ്ലൈയിങ് സ്ക്വാഡ് ഡിഎഫ്ഒ പി.ധനേഷ്കുമാർ ഇനി കാസർകോട് ഡിഎഫ്ഒ. പ്രതികളുടെ ഇടപെടലിനെതുടർന്ന് ഇദ്ദേഹത്തെ അന്വേഷണ സംഘത്തിൽ നിന്നു മാറ്റിയതും പിന്നീട് സ്ഥലം മാറ്റിയതുമടക്കം വിവാദമായിരുന്നു. ഈട്ടി മരം മുറിയിലും തടി കടത്തിലും പ്രതിയായ വ്യക്തിയുമായി ചേർന്ന് സൗത്ത് വയനാട് ഡിവിഷനൽ ഓഫിസിലെ സീനിയർ സൂപ്രണ്ട് വ്യാജരേഖ ചമച്ചു എന്നതടക്കമുള്ള റിപ്പോർട്ട് കോഴിക്കോട് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിനു നൽകിയത് ഇദ്ദേഹമാണ്. സൂര്യ ടിംബേഴ്സിനുള്ള അനുമതി പത്രം ഉപയോഗിച്ച് ചെക്ക് പോസ്റ്റ് വഴി അനധികൃത മരം കടത്തിയതായും മുൻ തീയതി രേഖപ്പെടുത്തി ഓഫിസിൽ ഇതു സ്വീകരിക്കാൻ ഉദ്യോഗസ്ഥർ കൂട്ടു നിന്നുവെന്നും ധനേഷ്കുമാർ 2021 ഫെബ്രുവരിയിൽ നൽകിയ റിപ്പോർട്ടിലുണ്ടായിരുന്നു. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയാണ് ധനേഷ്കുമാർ. റേഞ്ച് ഓഫിസറായി മാനന്തവാടി, ചാലക്കുടി, മറയൂർ, അട്ടപ്പാടി എന്നിവിടങ്ങളിൽ വനംകൊള്ളക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുള്ള ഇദ്ദേഹം പലതവണ ക്വട്ടേഷൻ സംഘങ്ങളുടെ കയ്യിൽ നിന്നു തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വേട്ടക്കാരുടെ സംഘം ചേർന്നുള്ള ആക്രമണത്തിൽ പല തവണ പരുക്കും സംഭവിച്ചു. ‘ഓപ്പറേഷൻ ഗജ’ പുനരാരംഭിക്കും കാസർകോട് ജില്ലയിലെ പ്രധാന പ്രശ്നമായ കാട്ടാന ശല്യം സംബന്ധിച്ച് വിശദമായി പഠനം നടത്തും. കർണാടക വനംവകുപ്പുമായി നാളെ രാവിലെ 11ന് ഓൺലൈൻ ചർച്ച സംഘടിപ്പിച്ചിട്ടുണ്ട്. കർണാടകയും കേരളവും സംയുക്തമായി കാട്ടാനശല്യം പരിഹരിക്കാനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഇവിടെ നിന്ന് കാട്ടാനകളെ തുരത്തുമ്പോൾ കർണാടക വനംവകുപ്പ് തിരികെ ഇവിടേക്കു തന്നെ വിടാൻ ശ്രമിക്കുന്നതടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കും വനം സ്റ്റേഷൻ അന്തിമഘട്ടത്തിൽ ആവശ്യത്തിനു ജീവനക്കാരും വാഹനങ്ങളും ഇല്ലാത്ത പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്. കാസർകോട് ജില്ലയിൽ ഫോറസ്റ്റ് സ്റ്റേഷൻ ആരംഭിക്കുന്നതോടെ 13 ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർ, 4 ഡപ്യൂട്ടി റേഞ്ചർമാർ, 4 സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാർ, വാഹനങ്ങൾ എന്നിവ എത്തുമെന്നാണ് പ്രതീക്ഷ. കർഷകർക്ക് നഷ്ടപരിഹാരം കർഷകർക്കു നഷ്ടപരിഹാരം വൈകുന്നതിനുള്ള പ്രധാന കാരണം ഫണ്ടിന്റെ ലഭ്യതക്കുറവാണ്. ഇത്തരം കാര്യങ്ങൾ പഠിച്ച് ഉചിതമായ നടപടി സ്വീകരിക്കും. അക്കേഷ്യ മരങ്ങൾ മുറിക്കും പരിസ്ഥിതി സംരക്ഷണത്തിനു മുൻഗണന നൽകിയുള്ള പദ്ധതികളുണ്ടാവും. ജില്ലയിൽ ജല ദൗർബല്യം പരിഹരിക്കാൻ വനമേഖലയിലെ അക്കേഷ്യ മരങ്ങൾ വെട്ടിമാറ്റാനുള്ള തീരുമാനം കാര്യക്ഷമമായി നടപ്പാക്കും. പകരം പരിസ്ഥിതിക്കു യോജിച്ച മരങ്ങൾ വച്ചു പിടിപ്പിക്കും. കടുവാ വേട്ട അന്വേഷണമടക്കം മികവുകളേറെ; സ്വന്തം പേരിൽ സസ്യങ്ങളും മറയൂരിലെ ചന്ദനക്കൊള്ള, വയനാട്ടിലെ കടുവാ വേട്ട, അട്ടപ്പാടിയിലെ കഞ്ചാവ് വേട്ട, നെല്ലിയാമ്പതിയിലെ കയ്യേറ്റം എന്നിവ അന്വേഷിച്ച് കണ്ടെത്തിയത് ധനേഷായിരുന്നു. ഇപ്പോൾ വയനാട്ടിലെ മുട്ടിൽ മരംമുറി കൊള്ളയും കൃത്യമായി അന്വേഷിച്ച് റിപ്പോർട്ട് നൽകിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. പരിസ്ഥിതി സ്നേഹവും വനസംരക്ഷണത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളും കണക്കിലെടുത്ത് ആദര സൂചകമായി സഹ്യാദ്രിയിലെ രണ്ടു സസ്യങ്ങൾക്ക് സസ്യശാസ്ത്രഞ്ജർ ധനേഷിന്റെ പേരിട്ടിട്ടുണ്ട്. സിസിജിയം ധനേഷിയാന, റൊട്ടാല ധനേഷിയാന എന്നിങ്ങനെയാണ് പശ്ചിമഘട്ടത്തിലെ രണ്ടു സസ്യങ്ങൾക്ക് ബൊട്ടണിക്കൽ നാമം. നെന്മാറ ഡിഎഫ്ഒ ആയിരിക്കെ നഷ്ടപ്പെട്ടുപോയ വനംഭൂമി തിരിച്ചുപിടിക്കുന്നതിലും മികവുകാട്ടി. 2008–11 ൽ നെല്ലിയാമ്പതിയിൽ കയ്യേറ്റമുണ്ടായ 6000 ഏക്കർ ഭൂമിയാണ് ‘ഓപ്പറേഷൻ നെല്ലിയാമ്പതി’യിലൂടെ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ തിരിച്ചുപിടിച്ചത്. സാങ്ച്വറി ഏഷ്യ 2012 പുരസ്കാരവും വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പുരസ്കാരവും ഇദ്ദേഹത്തെ തേടിയെത്തി.

