KSDLIVENEWS

Real news for everyone

സ്‌കൂള്‍ തുറക്കാന്‍ എസ്.സി.ഇ.ആര്‍.ടിയുടെ കരട് മാര്‍ഗരേഖ; ജാഗ്രതാ സമിതികള്‍ രൂപീകരിക്കും

SHARE THIS ON

സ്‌കൂളുകള്‍ തുറക്കാന്‍ എസ്.സി.ഇ.ആര്‍.ടിയുടെ കരട് മാര്‍ഗരേഖ അടിസ്ഥാനമാക്കാന്‍ ഒരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്. സ്‌കൂള്‍ തലത്തില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിച്ചാകും സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുക. ഇതില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെ ഡോക്ടറും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും തദ്ദേശ ഭരണ പ്രതിനിധികളുമുണ്ടാകും. ഓരോ ഘട്ടത്തിലും ആരോഗ്യ വകുപ്പിന്‍റെ ഇടപെടല്‍ നിര്‍ബന്ധമാക്കുന്ന തരത്തിലുള്ള നടപടികളാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം വന്നതിനു പിന്നാലെ ഇതിനുള്ള ഒരുക്കങ്ങളിലേക്ക് വിദ്യാഭ്യാസ വകുപ്പ് കടന്നു. കോവിഡ് ഒന്നാം തരംഗത്തിനു ശേഷം സ്‌കൂള്‍ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ എസ്.സി.ഇ.ആര്‍.ടിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. അന്ന് തയ്യാറാക്കിയ കരട് നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കി തയ്യാറെടുപ്പുകള്‍ തുടങ്ങാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. ഇതില്‍ ഏറ്റവും പ്രധാനം സ്‌കൂള്‍ തല ജാഗ്രതാ സമിതികളാണ്. ഇതില്‍ പ്രദേശത്തെ പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ഡോക്ടറും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും അംഗങ്ങളാകും. കുട്ടികള്‍ സ്‌കൂളിലേക്ക് വരുന്നതിനേക്കാള്‍ ജാഗ്രത വേണ്ടത് തിരികെ പോകുമ്പോഴാണെന്നും വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തുന്നു. കുട്ടികള്‍ ഒരുമിച്ച് സ്‌കൂള്‍ വിട്ട് പോകുന്നത് ഒഴിവാക്കാന്‍ ഓരോ ക്ലാസിലേയും കുട്ടികളെ ഒരു നിശ്ചിത സമയത്ത് മാത്രം ക്ലാസ് വിട്ട് പോകാന്‍ അനുവദിക്കുക എന്നതാണ് ആലോചിക്കുന്നത്. ഇതിനൊപ്പം ഒരു ബഞ്ചില്‍ രണ്ടു കുട്ടികള്‍ മാത്രം, വീട്ടിലിരുന്ന് ഓണ്‍ലൈന്‍ പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം, സ്‌കൂളില്‍ വരുന്ന കുട്ടികളില്‍ നിന്നും മാതാപിതാക്കളുടെ സമ്മതപത്രം എന്നിവയും പരിഗണനയിലുണ്ട്. സ്‌കൂളിലുണ്ടാകില്ല. കണ്ടെയ്‌ന്‍മെന്‍റ് സോണില്‍ നിന്നുള്ള കുട്ടികള്‍ സ്‌കൂളില്‍ വരേണ്ടതില്ലെന്ന നിര്‍ദേശവുമുണ്ടാകും. റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടേയും പ്രിന്‍സിപ്പല്‍മാരുടേയും യോഗം വിളിക്കും. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് വിഭാഗങ്ങളിലായി 15,892 സ്‌കൂളുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 7012 എണ്ണം എല്‍.പി സ്‌കൂളുകളും 3008 യു.പി സ്‌കൂളുകളുമാണ്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിരോധ നടപടികള്‍ക്ക് പ്രാധാന്യം നല്‍കാനാണ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!