ബെംഗളൂരു യെലഹങ്ക മേൽ പാലത്തിന് സവർക്കറുടെ പേര് :
കന്നടിഗരുടെ പ്രതിഷേധത്തിൽ ബി ജെ പി സർക്കാർ പ്രതിരോധത്തിൽ

ബെംഗളൂരു: ബെംഗളൂരു യെലഹങ്ക മേല്‍പാലത്തിന് ആര്‍.എസ്.എസ് ആചാര്യന്‍ സവര്‍ക്കറുടെ പേര് നല്‍കിയതിന് പിന്നാലെ കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ കന്നടിഗരുടെ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്ത് ഒട്ടെറെ സ്വാതന്ത്ര്യ സമര സേനാനികള്‍ ഉണ്ടെന്നിരിക്കെ കര്‍ണാടകയുമായി യാതൊരു ബന്ധവുമില്ലാത്ത സവര്‍ക്കറെ ഇറക്കുമതി ചെയ്ത് ബി.ജെ.പി സര്‍ക്കാര്‍ വിവാദമുണ്ടാക്കുകയാണെന്നാണ് പ്രധാന വിമര്‍ശനം.
അധികാരം ഉപയോഗിച്ച് കാവിവത്കരണം നടപ്പാക്കാനുള്ള നീക്കമാണ് ബി.ജെ.പിയുടെതെന്നും കന്നട അനുകൂല സംഘടനകള്‍ ആരോപിക്കുന്നു. കന്നടിഗരുടെ താല്‍പര്യങ്ങള്‍ പരിഗണിക്കാതെ രാഷ്ട്രീയ മേലാളന്‍മാരെ തൃപ്തിപെടുത്താനായാണ് സവര്‍ക്കറുടെ പേരു നല്‍കി മേല്‍പാലം മുഖ്യമന്ത്രി ബി.എസ്.
യെദിയൂരപ്പ ഉദ്ഘാടനം ചെയ്തതെന്ന് കന്നട അനുകൂല സംഘടനകള്‍ ആരോപിക്കുന്നു. ട്വിറ്ററിലും മറ്റു സാമൂഹിക മാധ്യമങ്ങളിലും കന്നടിഗരുടെ പ്രതിഷേധം ശക്തമായതോടെ ബി.ജെ.പി സര്‍ക്കാര്‍ പ്രതിരോധത്തിലായി.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ബി.ബി.എം.പി കൗണ്‍സില്‍ മേല്‍പാലത്തിന് സവര്‍ക്കരുടെ പേരു നല്‍കാന്‍ അനുമതി നല്‍കിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. സവര്‍ക്കറുടെ ജന്മദിനമായ മേയ് 28-ന് മേല്‍പാലം ഉദ്ഘാടനം ചെയ്യാന്‍ യെദിയൂരപ്പ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍, പ്രതിഷേധം കനത്തതോടെ ഉദ്ഘാടനം മാറ്റിവെച്ചു. മേല്‍പാലത്തിന് സവര്‍ക്കറിെന്‍റ പേരു നല്‍കാനുള്ള ശ്രമം സംസ്ഥാനത്തെ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞിരുന്നത്. കര്‍ണാടകയുടെ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിച്ചവരെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി പറഞ്ഞത്. എന്നാല്‍, പ്രതിപക്ഷത്തിെന്‍റ പ്രതിഷേധം കണക്കിലെടുക്കാതെ കഴിഞ്ഞ ദിവസം മേല്‍പാലത്തിന് സവര്‍ക്കറുടെ പേരു നല്‍കി ആഘോഷമായി ഉദ്ഘാടനം നടത്തി. ഇതിന് പിന്നാലെയാണ് ബനവാസി ബളഗ, കന്നട രക്ഷണെ വേദികെ തുടങ്ങിയ നിരവധി കന്നട അനുകൂല സംഘടനകള്‍ പ്രതിഷേധം കടുപ്പിച്ചത്.
കര്‍ണാടകക്ക് സ്വന്തമായി സ്വാതന്ത്ര്യ സമര സേനാനി ഇല്ലാതിരുന്നിട്ടാണോ സംസ്ഥാനത്തെ ചരിത്രമായോ സംസ്കാരമായോ ബന്ധമില്ലാത്ത സവര്‍ക്കറെ പോലുള്ളവരുടെ പേര് നല്‍കുന്നതെന്നാണ് ട്വിറ്ററിലൂടെ ബനവാസി ബളഗ അംഗം അരുണ്‍ ജവ്ഗല്‍ ചോദിക്കുന്നത്. ബംഗളൂരുവിലെ പാര്‍ക്കിന് ജനസംഘം സ്ഥാപകന്‍ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ പേര് നല്‍കുന്നതിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. കന്നട സംഘടനകള്‍ക്കൊപ്പം മറ്റു സാംസ്കാരിക പ്രവര്‍ത്തകരും എതിര്‍പ്പുയര്‍ത്തിയിട്ടുണ്ട്. ഹിന്ദി ദേശീയ ഭാഷയായി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതുപോലെ ബി.ജ.പി അവരുടെ ആശങ്ങള്‍ ജനങ്ങള്‍ക്ക് മേല്‍ നടപ്പാക്കുകയാണെന്ന് സംവിധായക കവിത ലങ്കേഷ് ആരോപിച്ചു. അധികാരം ഉപയോഗിച്ച് ബി.ജെ.പി അവരുടെ കാവിവത്കരണ അജണ്ട നടപ്പാക്കുകയാണെന്നാണ് ബെളഗവാവി ജില്ല കന്നട ഒാര്‍ഗനൈസേഷന്‍ ആക് ഷന്‍ കമ്മിറ്റി പ്രസിഡന്‍റ് അശോക് ചന്ദാര്‍ഗി ആരോപിച്ചത്. സവര്‍ക്കര്‍ ദേശീയവാദിയായതിനാലാണ് അദ്ദേഹത്തിന് ആദരമായി മേല്‍പാലത്തിന് പേരു നല്‍കിയതെന്നാണ് ടൂറിസം മന്ത്രി സി.ടി. രവിയുടെ വിശദീകരണം.

