KSDLIVENEWS

Real news for everyone

മാനഹാനി ഭയന്ന് അരുംകൊല; കാടാമ്പുഴയിലെ ഇരട്ടക്കൊല കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം

SHARE THIS ON

മലപ്പുറം: കാടാമ്പുഴയിൽ പൂർണഗർഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. വെട്ടിച്ചിറ ചാലിയത്തൊടി മുഹമ്മദ് ഷരീഫി(42)നെയാണ് മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.

കാടാമ്പുഴ തുവ്വപ്പാറ വലിയപീടിയേക്കൽ ഉമ്മുസൽമ (26), മകൻ മുഹമ്മദ് ദിൽഷാദ് (ഏഴ്) എന്നിവരെയാണ് മാനഹാനി ഭയന്ന് മുഹമ്മദ് ഷരീഫ് കൊലപ്പെടുത്തിയത്. 2017 ജൂണിലായിരുന്നു സംഭവം.

കൊലപാതകം, കൊല്ലണമെന്ന ലക്ഷ്യത്തോടെ വീട്ടിൽ അതിക്രമിച്ചുകയറൽ, ഗർഭസ്ഥശിശുവിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെയുള്ള കുറ്റകൃത്യം എന്നീ വകുപ്പുകളാണ് പ്രതിയുടെ പേരിൽ ചുമത്തിയിരുന്നത്. ഇവയെല്ലാം പ്രോസിക്യൂഷന് തെളിയിക്കാനായി. യുവതിയും മകനും ആത്മഹത്യചെയ്തതാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. ദൃക്സാക്ഷികളില്ലാത്ത കേസിൽ കൽപ്പകഞ്ചേരി പോലീസ് ശേഖരിച്ച സാഹചര്യത്തെളിവുകളും ശാസ്ത്രീയ കണ്ടെത്തലുകളുമാണ് നിർണായകമായത്.

കരാറുകാരനായ പ്രതി വീടുപണിക്ക് വന്നപ്പോഴാണ് ഭർത്താവുമായി പിരിഞ്ഞ് വീട്ടിൽ കഴിയുകയായിരുന്ന ഉമ്മുസൽമയെ പരിചയപ്പെടുന്നത്. പിന്നീട് ഇവർ അടുപ്പത്തിലായി. ഉമ്മുസൽമ ഗർഭിണിയാകുകയും പ്രസവശേഷം ഷരീഫിനൊപ്പം താമസിക്കണമെന്ന് നിർബന്ധം പിടിക്കുകയുംചെയ്തു. ഇതോടെ ഭാര്യയും മക്കളുമുള്ള ഷരീഫ് തന്റെ രഹസ്യബന്ധം പുറത്തറിയാതിരിക്കാൻ ആസൂത്രിതമായി കൊലപാതകം നടത്തുകയായിരുന്നു.

വളാഞ്ചേരി സി.ഐ. കെ.എ. സുലൈമാന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. സി. വാസുവാണ് ഹാജരായത്.

കോടതിയുടെ ശിക്ഷാവിധി സ്വാഗതാർഹമാണെന്നും പ്രതിക്ക് അർഹിക്കുന്ന ശിക്ഷയാണ് ലഭിച്ചതെന്നും പ്രോസിക്യൂട്ടർ പ്രതികരിച്ചു. പൈശാചികമായ കൊലപാതകമാണ് പ്രതി നടത്തിയതെന്നും നിയമവ്യവസ്ഥയുടെ ശക്തി തെളിയിക്കുന്ന വിധിയാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നതും അദ്ദേഹം പറഞ്ഞു.

പത്തുമാസം ഗർഭിണിയായ ഉമ്മുസൽമയെ കൊന്നത് കഴുത്ത് ഞെരിച്ച്, മകനെയും വെറുതെവിട്ടില്ല…

പത്തുമാസം ഗർഭിണിയായ ഉമ്മുസൽമയെ വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയത്. കണ്ടുനിന്ന മകൻ ദിൽഷാദിനെയും ഇതേരീതിയിൽ കൊലപ്പെടുത്തി. കൊലപാതകത്തിനിടെ ഉമ്മുസൽമ പാതി പ്രസവിക്കുകയും ശുശ്രൂഷകിട്ടാതെ നവജാതശിശു മരിക്കുകയുംചെയ്തു. ദിവസങ്ങൾക്കുശേഷം നാട്ടുകാരാണ് മൃതദേഹങ്ങൾ കിടപ്പുമുറിയിൽ പുഴുവരിച്ചനിലയിൽ കണ്ടെത്തിയത്.

മരണവിവരം അറിഞ്ഞിട്ടും വീട്ടിൽ നിത്യസന്ദർശകനായ ഷരീഫിന് പരാതിയൊന്നുമുണ്ടായില്ല. ഉമ്മുസൽമയുടെ ഫോൺകോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. മരണം ആത്മഹത്യയാണെന്നു വരുത്താൻ ഇയാൾ ഇരുവരുടെയും കൈഞരമ്പുകൾ മുറിക്കുകയായിരുന്നുവെന്ന് ശാസ്ത്രീയപരിശോധനയിൽ തെളിഞ്ഞു. കുറ്റിക്കാട്ടിൽ വലിച്ചെറിഞ്ഞ താക്കോലും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

പ്രതിയുടെ ആത്മഹത്യാശ്രമം…

കേസിൽ ശിക്ഷ വിധിക്കുന്ന ദിവസം പ്രതി മുഹമ്മദ് ഷരീഫ് പാലക്കാട്ടെ ജയിലിൽവെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കൈഞരമ്പ് മുറിച്ചാണ് ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ജയിൽ അധികൃതർ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ നേരത്തെയും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!