ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി 5%

തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന സ്വകാര്യ ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍, മോട്ടോര്‍ കാര്‍, പ്രൈവറ്റ് സര്‍വ്വീസ് വാഹനങ്ങള്‍, ത്രീവീലര്‍ എന്നിവയുടെ ഒറ്റത്തവണ നികുതി, വിലയുടെ 5% ആയി നിജപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു, ഇ.ടി.ടൈസന്റെ സബ്മിഷന് മറുപടിയായി നിയമസഭയെ അറിയിച്ചു. മറ്റു വാഹനങ്ങള്‍ക്ക് 9% മുതല്‍ 21% വരെയാണ് ഒറ്റത്തവണ നികുതി. 2021 ഏപ്രില്‍ 1 മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയില്‍ രജിസ്ട്രേഷന് തീയതി മുതല്‍ ആദ്യത്തെ അഞ്ചു വര്‍ഷത്തെ തുകയുടെ 50% ഇളവനുവദിച്ചിട്ടുണ്ട്. ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ നികുതി രജിസ്ട്രേഷന് തീയതി മുതല്‍ ആദ്യത്തെ അഞ്ചു വര്‍ഷത്തേക്ക് ഒഴിവാക്കിയിട്ടുണ്ട്. 3,00,000 രൂപ വരെ വാര്‍ഷിക വരുമാനമുള്ള ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ഉടമസ്ഥര്‍ക്ക് 30,000 രൂപ സബ്സിഡിയും നല്കുന്നു. ഇലക്ട്രിക് വാഹനങ്ങളെ പെര്‍മിറ്റില്‍ നിന്ന് ഒഴിവാക്കി. രജിസ്ട്രേഷന് ഫീസ് ഒഴിവാക്കി കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 81ല്‍ ഭേദഗതി ചെയ്ത് ഉത്തരവിറക്കിയിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തില്‍ കെ.എസ്.ആര്.ടി.സിയുടെ ഫീഡര്‍ സര്‍വ്വീസ് തുടങ്ങുന്നതിന് 30 ഇലക്ട്രിക് ഓട്ടോകള്‍ കെ.ടി.ഡി.എഫ്.സി വഴിയും, രണ്ടാം ഘട്ടത്തില്‍ 500 എണ്ണം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലും, മൂന്നാം ഘട്ടത്തില്‍ ഇലക്ട്രിക് കാറുകളും ഓട്ടോറിക്ഷകളും പൊതുജനങ്ങളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഉപയോഗത്തിനായി വാങ്ങുമെന്നും മന്ത്രി പറഞ്ഞു.

