എം സി ഖമറുദീൻ എം എൽ എക്കെതിരെ ഒൻപത് കേസുകൾ കൂടി രജിസ്ട്രർ ചെയ്തു

കാസര്‍കോട്: ജ്വല്ലറി നിക്ഷപ തട്ടിപ്പ് കേസില്‍ എം.സി ഖമറുദീന് എം.എല്‍.എക്കെതിരെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നിക്ഷേപകരുടെ പരാതികളില്‍ ചന്തേര പൊലീസ് നാല് വഞ്ചന കേസുകളും കാസര്‍കോട് ടൗണ്‍ പൊലീസ് അഞ്ച് വഞ്ചന കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം നിക്ഷേപതട്ടിപ്പില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി പി.പി മൊയ്തീന്‍കുട്ടിക്കാണ് അന്വേഷണ ചുമതല. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പി.കെ. സുധാകരന്, ഇന്‍സ്പെക്ടര്‍മാരായ അബ്ദുള്‍ റഹീം, മാത്യു, മധൂസൂദനന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. 13 എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തെന്നും ലോക്കല്‍ പൊലീസില്‍ നിന്ന് കൂടുതല്‍ കേസ് ഫയലുകള്‍ കിട്ടാനുണ്ടെന്നും ക്രൈംബ്രാഞ്ച് എസ്.പി പി.പി മൊയ്തീന് കുട്ടി അറിയിച്ചു. എം.എല്‍.എയെ ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ ഇതിന് ശേഷമാകും തീരുമാനിക്കുക.
എം.സി കമറുദീന് എം.എല്‍.എക്കും എം.ഡി പൂക്കോയ തങ്ങള്‍ക്കുമെതിരെ രണ്ട് വണ്ടി ചെക്ക് കേസുകളടക്കം 41 വഞ്ചന കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മടക്കര, കാടങ്കോട് സ്വദേശികളായ നാല് പേരില്‍ നിന്നായി നിക്ഷേപമായി വാങ്ങിയ 56 ലക്ഷം തട്ടിയെന്ന പരാതിയിലാണ് ചന്തേര പൊലീസ് നാല് വഞ്ചന കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തത്. 41 പരാതികളിലായി 5 കോടി 73 ലക്ഷം രൂപയുടെ തട്ടിപ്പ് കേസാണ് ഇതിനകം എം.എല്‍.എക്കതിരെ രജിസ്റ്റര്‍ ചെയ്തത്.

