KSDLIVENEWS

Real news for everyone

കോട്ടയം കൂട്ടിക്കലില്‍ ഉരുൾപൊട്ടൽ; 13 പേരെ കാണാതായി, മൂന്ന് വീടുകൾ ഒലിച്ചു പോയി

SHARE THIS ON

കോട്ടയം: ശക്തമായി മഴ തുടരുന്ന കോട്ടയത്ത് ഉരുൾപൊട്ടി. ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടലിൽ മൂന്ന് വീടുകൾ ഒലിച്ചു പോയി. 13 പേരെ കാണാതായതായാണ് വിവരം. ആറ് പേരും വീട്ടിലെ അംഗങ്ങളാണ്. മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്താതും വിവരമുണ്ട്.

പ്രദേശത്ത് മഴ ഇപ്പോഴും തുടരുകയാണ്. പ്രദേശത്തെ കടയിൽ ചായ കുടിച്ചു കൊണ്ടിരുന്ന ആളുകളാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം.

കൂട്ടിക്കൽ കവലയിൽ ഒരാൾപൊക്കത്തിൽ വെള്ളം നിലവിലുണ്ട്. പ്രദേശത്തെ പ്രധാനപ്പെട്ട കവലകളായ കൂട്ടിക്കൽ, ഏന്തയാർ, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്. റോഡ് മാർഗം പ്രദേശത്ത് എത്താൻ നിലവിൽ വഴികളൊന്നുമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്.

പ്രദേശത്ത് പലരും വീടുകളുടെ രണ്ടാം നിലയിലേക്ക് കയറി നിൽക്കുകയാണെന്നാണ് വിവരം. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനുള്ള സംവിധാനങ്ങളാണ് ഇപ്പോൾ ആലോചിക്കുന്നത്.

കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലകളിൽ രക്ഷാപ്രവർത്തനത്തന് വ്യോമസേനയുടെ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സഹകരണ – രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ അറിയിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട- മുണ്ടക്കയം കൂട്ടിക്കൽ ഭാഗത്ത് രക്ഷാപ്രവർത്തനം നടക്കുന്ന മേഖലയിൽ മന്ത്രി ഉടൻ എത്തുമെന്നും അറിയിച്ചിട്ടുണ്ട്.

പൂഞ്ഞാർ ബസ്സ്റ്റോപ് നിലവിൽ പൂർണ്ണമായും വെള്ളത്തിലാണെന്നാണ് വിവരം. ശക്തമായ മലവെള്ളപ്പാച്ചിലിൽ ഏന്തയാറും മുക്കളവും തമ്മിൽ ബന്ധിപ്പിക്കുന്ന വലിയ പാലം തകർന്നിട്ടുണ്ട്. വർഷങ്ങൾ പഴക്കമുള്ള പാലമായിരുന്നു ഇത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!