KSDLIVENEWS

Real news for everyone

10 വര്‍ഷത്തെ ഒറ്റമുറി ജീവിതം; പ്രണയത്തിന് സാഫല്യം, റഹ്മാനും സജിതയും ഇനി നിയമപരമായി വിവാഹിതര്‍

SHARE THIS ON

നെന്മാറ: പത്ത് വർഷത്തെ ഒറ്റമുറി ജീവിതത്തിൽ നിന്ന് പുറത്ത് വന്ന റഹ്മാനും സജിതയും നിയമപരമായി വിവാഹിതരായി. അയിലൂർ കാരക്കാട്ടുപറമ്പ് സ്വദേശികളായ റഹ്മാനും, സജിതയുമാണ് 10 വർഷത്തെ അവിശ്വസനീയ പ്രണയത്തിനുശേഷം സ്പെഷൽ മാരേജ് ആക്ട് പ്രകാരം വിവാഹിതരായത്. സെപ്തംബർ 15 നാണ് ഇരുവരും വിവാഹിതരാകുന്നതിനായി നെന്മാറ സബ്ബ് രജിസ്ട്രാർ മുൻപാകെ അപേക്ഷ സമർപ്പിച്ചത്. അപേക്ഷയിൽ ആക്ഷേപങ്ങളൊന്നും ലഭിക്കാത്തതിനാൽ ഇരുവർക്കും നെന്മാറ സബ്ബ് രജിസ്ട്രാർ കെ.അജയകുമാർ വ്യാഴാഴ്ച വിവാഹ സർട്ടിഫിക്കറ്റ് അനുവദിച്ചു.

സബ്ബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ കെ.ബാബു എം.എൽ.എ. ഇരുവർക്കും വിവാഹ സർട്ടിഫക്കറ്റ് കൈമാറി.


2010 ഫെബ്രുവരിയിലാണ് റഹ്മാനോടൊപ്പം ജീവിക്കാൻ 18 കാരിയായ സജിത വീട് വിട്ടിറങ്ങിയത്. ഇലക്ട്രിക്കൽ ജോലിയും പെയിന്റിങും ചെയ്യുന്ന റഹ്മാനോടൊപ്പം കഴിയുന്നതിനായി ഇറങ്ങിത്തിരിച്ച സജിതയെ റഹ്മാൻ ആരുമറിയാതെ വീട്ടിലെ മുറിയിൽ താമസിപ്പിക്കുകയായിരുന്നു. പുറത്ത് സ്വതന്ത്രമായി ജീവിക്കണമെന്ന മോഹത്തിൽ 2021 മാർച്ചിൽ ഇരുവരും വീട് വിട്ടിറങ്ങി വിത്തനശ്ശേരിയ്ക്ക് സമീപം വാടക വീട്ടിലേക്ക് താമസം മാറുകയായിരുന്നു. റഹ്മാനെ കാണാനില്ലെന്ന പരാതിയിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെ സഹോദരൻ റഹ്മാനെ നെന്മാറയിൽ വെച്ച് കാണുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രണയ ജിവിതത്തിന്റെ 10 വർഷത്തെ ചരിത്രം പുറം ലോകമറിഞ്ഞത്.

കഴിഞ്ഞ ഏഴ് മാസമായി ഒരുമിച്ച് കഴിഞ്ഞുവരുന്ന ഇരുവർക്കും പുരോഗമന കലാ സാഹിത്യ സംഘം കൊല്ലങ്കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിവാഹതിരാകുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. അപേക്ഷ നൽകി ഒരു മാസം പൂർത്തിയായതോടെ വിവാഹം രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു. രജിസ്ട്രേഷൻ തുക പുരോഗമന കലാ സാഹിത്യ സംഘം കൊല്ലങ്കോട് മേഖല കമ്മിറ്റിയാണ് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!