ഹലാൽ, നാർകോട്ടിക് വിവാദങ്ങൾ തെറ്റിദ്ധാരണകളിൽ നിന്ന് ഉടലെടുത്തത് : ഡോ.ഹകീം അസ്ഹരി

വാടാനപ്പള്ളി: കേരളത്തിൽ ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ച ഹലാൽ, നാർകോട്ടിക് വിവാദങ്ങൾ തെറ്റിദ്ധാരണയിൽ നിന്ന് ഉടലെടുത്ത അഭ്യൂഹങ്ങൾ മാത്രമാണെന്ന് എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി പറഞ്ഞു. മുഹമ്മദ് നബി ലോകത്തിന് വിഭാവനം ചെയ്ത സന്ദേശങ്ങൾ മുഴുവനും സാഹോദര്യമാണെന്നും ഇസ്ലാമിക സമരങ്ങളിൽ പോലും മാനവികമല്ലാത്തതൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വാടാനപ്പള്ളി ഇസ്റ നബിദിന സാമയികത്തിൽ ആറാമത് സ്നേഹ റസൂൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇസ്റ ട്രഷറർ ഇ.കെ ഹനീഫ ഹാജിയുടെ അധ്യക്ഷതയിൽ നടന്ന നബിദിന സമ്മേളനം ടി.എൻ പ്രതാപൻ എംപി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ ഇസ്ഹാഖ് ഫൈസി ചേറ്റുവ,ഇസ്റ ഗൾഫ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ സഖാഫി വാടാനപ്പള്ളി,എസ്.വൈ. എസ് വാടാനപ്പള്ളി സർക്കിൾ പ്രസിഡന്റ് പി.കെ നൂറുദ്ദീൻ സഖാഫി, ഇസ്റ പ്രസിഡന്റ് ബഷീർ റഹ്‌മാനി കൊപ്പം എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പ്രമുഖ ജീവകാരുണ്യ വിദ്യാഭ്യാസ പ്രവർത്തകൻ ആർ.കെ ജലാൽ ഹാജിയെ ഡോ. ഹകീം അസ്ഹരിയും ടി.എൻ പ്രതാപനും ചേർന്ന് ആദരിച്ചു. യോഗത്തിൽ ഡോ. അബ്ദുറഊഫ് നൂറാനി സ്വാഗതവും ഷഹീർ സൈദലവി നന്ദിയും പറഞ്ഞു.

