KSDLIVENEWS

Real news for everyone

ശില്‍പ്പയ്ക്കും കുന്ദ്രയ്ക്കുമെതിരേ 75 കോടിയുടെ നോട്ടീസ് അയച്ച് ഷെര്‍ലിന്‍ ചോപ്ര

SHARE THIS ON

മുംബൈ: താനനുഭവിച്ച മാനസികപീഡനത്തിന് നഷ്ട പരിഹാരമായി 75 കോടി രൂപ നൽകണമെന്നാവശ്യപ്പെട്ട് നടി ശിൽപ്പാ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരേ മോഡൽ ഷെർലിൻ ചോപ്ര നോട്ടീസയച്ചു. ഇരുവരും അധോലോകക്കുറ്റവാളികളെ ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും ഷെർലിൻ ചോപ്ര ഉന്നയിച്ചിട്ടുണ്ട്.

ശിൽപ്പാ ഷെട്ടിയ്ക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരേ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് ഷെർലിൻ ചോപ്ര മുംബൈ പോലീസിൽ പരാതി നൽകിയിരുന്നു. രാജ് കുന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും ശിൽപ്പാ ഷെട്ടി മാനസികപീഡനത്തിനും തട്ടിപ്പിനും ഇരയാക്കിയെന്നുമാണ് പരാതിയിൽ പറയുന്നത്. കെട്ടിച്ചമച്ച പരാതിനൽകി തങ്ങളെ അപകീർത്തിപ്പെടുത്തിയതിന് 50 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ശിൽപ്പയും ഭർത്താവും ഷെർലിൻ ചോപ്രയക്ക് വക്കീൽ നോട്ടീസയച്ചു.


ഇതിനോടുള്ള പ്രതികരണമായാണ് 75 കോടി രൂപ ആവശ്യപ്പെട്ട് ഷെർലിൻ ചോപ്ര നോട്ടീസ് അയച്ചത്. അധോലോകക്കുറ്റവാളികളെ ഉപയോഗിച്ച് ശിൽപ്പയും രാജും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും മുംബൈ പോലീസ് തന്റെ മൊഴി രേഖപ്പെടുത്തണമെന്നും ഷെർലിൻ ചോപ്ര പറഞ്ഞു.

2019 മാർച്ച് 27-ന് രാത്രി വൈകി രാജ് കുന്ദ്ര തന്റെ വീട്ടിലെത്തിയെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് നേരത്തേ നൽകിയ പരാതിയിൽ ഷെർലിൻ പറഞ്ഞിട്ടുള്ളത്. രാജിനെതിരേ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നെന്ന് ഷെർലിൻ തന്നോട് സമ്മതിച്ചതാണെന്ന് ശിൽപ്പ പറയുന്നു.


ശിൽപ്പയെയും രാജിനെയും അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് വ്യാജപരാതി നൽകിയതെന്ന് കാണിച്ചാണ് ഇരുവരും വക്കീൽ നോട്ടീസ് അയച്ചത്. ആരോപണങ്ങൾ പിൻവലിച്ച് നിരുപാധികം മാപ്പുപറഞ്ഞില്ലെങ്കിൽ കോടതിയിൽ പോകുമെന്ന് വക്കീൽ നോട്ടീസിൽ പറയുന്നു.

രാജ് കുന്ദ്ര പ്രതിയായ നീലച്ചിത്രക്കേസിൽ മുംബൈ പോലീസ് നേരത്തേ ഷെർലിൻ ചോപ്രയുടെ മൊഴിയെടുത്തിരുന്നു. തന്റെ സംരഭത്തിനുവേണ്ടി ചിത്രങ്ങളിൽ അഭിനയിക്കണമെന്ന് രാജ് കുന്ദ്ര പലവട്ടം ആവശ്യപ്പെട്ടിരുന്നെന്ന് ഷെർലിൻ ചോപ്രയുടെ മൊഴിയിൽ പറയുന്നുണ്ട്. എരിവുള്ള ഉള്ളടക്കമാണ് ഉദ്ദേശിക്കുന്നതെന്നും ഒന്നും വകവെക്കാതെ അഭിനയിക്കണമെന്നുമായിരുന്നു നിർദേശം.

ഇക്കാര്യങ്ങളിലും പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ധാരണയിലെത്താൻ കഴിയാതിരുന്നതുകാരണം കുന്ദ്രയുടെ സംരംഭത്തിനുവണ്ടി താൻ അഭിനയിച്ചിട്ടില്ലെന്നാണ് ഷെർലിൻ മൊഴി നൽകിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!