KSDLIVENEWS

Real news for everyone

യുഎഇയിലേക്ക് ജനങ്ങളുടെ കുത്തൊഴുക്ക് തുടരുന്നു; എക്‌സ്‌പോ 2020 ദുബൈയില്‍ വന്‍ ജനപ്രവാഹം

SHARE THIS ON

കൊറോണ വ്യാപനം പിന്നിട്ട യുഎഇയിലേക്ക് ജനങ്ങളുടെ കുത്തൊഴുക്ക് തുടരുകയാണ്. എക്‌സ്‌പോ 2020 ദുബൈയില്‍ വന്‍ ജനപ്രവാഹം റിപ്പോര്‍ട്ട് ചെയ്തുകൊണ്ട് അധികൃതരും രംഗത്ത്. എക്സ്പോ ആറാഴ്ച പിന്നിട്ടപ്പോള്‍ ഇതുവരെ മുപ്പത്തഞ്ച് ലക്ഷത്തിലധികം പേര്‍ സന്ദര്‍ശനം നടത്തിയതായി അധികൃതര്‍ അറിയിക്കുകയുണ്ടായി. കൃത്യ കണക്ക് പ്രകാരം 35,78,653 പേരാണ് ഇതുവരെ എക്സ്പോ സന്ദര്‍ശിച്ചത്. അതേസമയം, വെര്‍ച്വലായി ഒരുകോടി അന്‍പത്തിയേഴു ലക്ഷം പേരും എക്സ്പോ കണ്ടതായി അധികൃതര്‍ അറിയിച്ചു.

ഒക്ടോബര്‍ ഒന്നിനാണ് പ്രകാശം പറത്തിക്കൊണ്ട് എക്‌സ്‌പോ 2020 ആരംഭിച്ചത്. നവംബര്‍ പകുതി വരെ എക്പോ സന്ദര്‍ശിച്ചവരുടെ എണ്ണമാണ് ദുബൈ മീഡിയ ഓഫീസ് തിങ്കളാഴ്ച പുറത്ത് വിട്ടത്. കൊറിയന്‍ പോപ് ഗായകരുടെയും ലെബനീസ് സൂപ്പര്‍ താരങ്ങളായ നാന്‍സി അജ്‌റാമിന്റെയും റാഗിബ് അലാമയുടെയും പ്രകടനങ്ങളുമാണ് കഴിഞ്ഞ ആഴ്ചയില്‍ എക്‌സ്‌പോയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം ഉയര്‍ത്തിയത് തന്നെ. ടിക്കറ്റിന്റെ വില പകുതിയായി കുറച്ച നംവബറിലെ ഓഫര്‍ നിരവധി പേര്‍ പ്രയോജനപ്പെടുത്തുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളിലാണ് ടിക്കറ്റിന് ഓഫര്‍ ലഭിക്കുക. ഈ ടിക്കറ്റിന് 45 ദിര്‍ഹമാണ് നിരക്ക്.

അതേസമയം വെള്ളി, ശനി ദിവസങ്ങളില്‍ ടിക്കറ്റിന് സാധാരണ നിരക്കായ 95 ദിര്‍ഹമാണ്. പകുതി നിരക്കില്‍ ലഭ്യമാക്കുന്ന നവംബര്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് 10 സ്മാര്‍ട്ട് ക്യൂ ബുക്കിങ് സൗകര്യവുമുണ്ട്. ഇത്തരത്തില്‍ സ്മാര്‍ട്ട് ക്യൂവില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് വരി നില്‍ക്കാതെ പവലിയനുകളില്‍ പ്രവേശിക്കാം. ഈ ആഴ്ചകളില്‍ എ ആര്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള ഫിര്‍ദൗസ് ഓര്‍കസ്ട്രയുടെ പ്രകടനവും ഉണ്ട്. ഇതോടെ സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ.

അതോടൊപ്പം തന്നെ ‘എക്സ്പോ വീസ’യില്‍ രാജ്യത്തെത്തിയ പ്രതിനിധികള്‍ക്ക് യുഎഇ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനുള്ള നടപടികള്‍ ലളിതമാക്കി അധികൃതര്‍ . ഇതിന്റെ ഭാഗമായി എക്സ്പോയില്‍ ആര്‍ടിഎ ഓഫിസ് തുറന്നു. സ്വദേശത്ത് ലൈസന്‍സുള്ളവര്‍ക്ക് പരിശീലനത്തിലടക്കം ഇളവു ലഭിക്കും. ലൈസന്‍സ് ലഭിക്കാനുള്ള അന്തിമ ടെസ്റ്റില്‍ ഇവര്‍ക്കു നേരിട്ടു പങ്കെടുക്കാമെന്ന് ഡ്രൈവിങ് ലൈസന്‍സ് വിഭാഗം മേധാവി അബ്ദുല്ല അല്‍ അലി വ്യക്തമാക്കി . വിജയിച്ചാല്‍ അന്നു തന്നെ ലൈസന്‍സ് ലഭിക്കും. നയതന്ത്ര വിഭാഗം ജീവനക്കാര്‍ക്ക് ഡ്രൈവിങ് പരിശീലന സമയം 20 മണിക്കൂറില്‍ നിന്നു 10 ആക്കി. 5 പ്രവൃത്തി ദിവസങ്ങള്‍ക്കകം പരിശീലനം പൂര്‍ത്തിയാക്കാനാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!