KSDLIVENEWS

Real news for everyone

പിങ്ക് പോലീസിന്റെ പരസ്യ വിചാരണ; ഉദ്യോഗസ്ഥയ്‌ക്കെതിരേ നടപടി വേണം, മൂന്നാം ക്ലാസുകാരി ഹൈക്കോടതിയില്‍

SHARE THIS ON

കൊച്ചി : ആറ്റിങ്ങലിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പിതാവിനെയും മകളെയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ ആരോപണ വിധേയയായ ഉദ്യോഗസ്ഥയ്ക്കെതിരേ നടപടി സ്വീകരിക്കാത്തതിനെതിരേ ഹൈക്കോടതിയിൽ ഹർജി. പരസ്യ വിചാരണയ്ക്കിരയായ തോന്നയ്ക്കൽ ജയചന്ദ്രന്റെ മൂന്നാം ക്ലാസുകാരിയായ മകളാണ് ഹർജി നൽകിയത്. ഓഗസ്റ്റ് 27-നായിരുന്നു ഇരുവരെയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ സി.പി. രജിത പരസ്യ വിചാരണയ്ക്ക് വിധേയയാക്കിയത്. തന്റെ മൊബൈൽ ഫോൺ പോലീസ് വാഹനത്തിൽ നിന്ന് എടുത്തുവെന്ന് ആരോപിച്ചായിരുന്നു ഇത്. കുട്ടിയെ കള്ളിയെന്നു വരെ ഉദ്യോഗസ്ഥ വിളിച്ചതായി ഹർജിയിലുണ്ട്.

ഉദ്യോഗസ്ഥയുടെ മൊബൈൽ ഫോൺ പോലീസ് വാഹനത്തിൽനിന്നുതന്നെ ലഭിച്ചു. മൊബൈൽ കണ്ടെത്തിയിട്ടും പോലീസ് ഉദ്യോഗസ്ഥ മാപ്പ് പറയാൻ പോലും തയ്യാറായില്ല. മാനസികമായി തകർന്ന കുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കേണ്ടി വന്നു.


രജിതയ്ക്കെതിരേ പോലീസ് മേധാവിക്കടക്കം പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ഹർജിയിൽ പറയുന്നു.

സംഭവത്തെ തുടർന്ന് രജിതയെ കൊല്ലത്തേയ്ക്ക് സ്ഥലം മാറ്റിയതുപോലും അവർക്ക് അനുകൂലമായ തീരുമാനമായിരുന്നു. രജിതയ്ക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കാൻ നിർദേശിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.


തുമ്പ വി.എസ്.എസ്.സി.യിലേക്ക് വലിയ ലോറിയിൽ കാർഗോ കൊണ്ടുപോകുന്നത് കാണുന്നതിനാണ് ജയചന്ദ്രൻ മകളെയും കൂട്ടി ദേശീയപാതയിലെ മൂന്നുമുക്ക് ജങ്ഷനിൽ എത്തിയത്. ഇതിനിടയിലായിരുന്നു പോലീസിന്റെ മോശം പെരുമാറ്റം ഉണ്ടായത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!