KSDLIVENEWS

Real news for everyone

ദത്ത് വിവാദം: കുഞ്ഞിനെ കൊണ്ടുവരാന്‍ ഇന്ന് ആന്ധ്രയിലേക്ക് പോകും

SHARE THIS ON

തിരുവനന്തപുരം∙ അനധികൃതമായി കുഞ്ഞിനെ ദത്തു നൽകിയെന്ന അനുപമ എസ്.ചന്ദ്രന്റെ പരാതിയുമായി ബന്ധപ്പെട്ട കേസിൽ കുഞ്ഞിനെ തിരികെ കൊണ്ടുവരാൻ ശിശുക്ഷേമ സമിതി പ്രതിനിധികൾ ആന്ധ്രാപ്രദേശിലേക്കു തിരിച്ചു. സ്പെഷൽ ജുവനൈൽ പൊലീസ് യൂണിറ്റ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വനിത പൊലീസ് ഉൾപ്പെട്ട സംഘവും സുരക്ഷ ഒരുക്കാനായി ഒപ്പമുണ്ട്.
അനുപമയുടെ ഹർജി തിരുവനന്തപുരം കുടുംബക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. ദത്തുനടപടികൾ നിർത്തിവയ്ക്കാൻ ഈ മാസം ആദ്യം കോടതി ഉത്തരവിട്ടിരുന്നു. ദത്തിനു മുന്നോടിയായി താൽക്കാലിക സംരക്ഷണത്തിന് ആന്ധ്രയിലെ ദമ്പതികൾക്കു കൈമാറിയ കുഞ്ഞിനെ 5 ദിവസത്തിനകം തിരികെ എത്തിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) 17 ന് ഉത്തരവിട്ടത് ഇതേത്തുടർന്നാണ്. ഇനി രണ്ടു ദിവസം ശേഷിക്കെയാണു കുഞ്ഞിനെ കൊണ്ടുവരാൻ ഇവിടെ നിന്നുള്ള സംഘം പോകുന്നത്.

ദത്തിൽ വ്യക്തത വരുത്തണമെന്നും, താനറിയാതെയാണ് കുഞ്ഞിനെ ദത്ത് നൽകിയതെന്നുള്ള അനുപമയുടെ പരാതിയിൽ വ്യക്തത വരുത്താൻ ആവശ്യമെങ്കിൽ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്നും കോടതി ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. അഞ്ചു ദിവസത്തിനുള്ളിൽ ഡിഎൻഎ ടെസ്റ്റ് നടത്താനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുന്നതായി ഇന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി കോടതിയെ അറിയിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!