KSDLIVENEWS

Real news for everyone

‘അൻവർ നിയമത്തിന് അതീതനല്ല, ഭൂമിയുടെ അളവ് വിചിത്രം; സിപിഎമ്മിന് ഇത് ഭൂഷണമല്ല’

SHARE THIS ON

പി.വി.അൻവർ എംഎൽഎ കൈവശം വച്ചിട്ടുള്ള 207 ഏക്കർ അധികഭൂമി കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തിയതിനു പിന്നാലെ മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കോടതിയലക്ഷ്യ ഹർജി അടക്കമുള്ള നടപടികളുമായി മുന്നോട്ട്. തിരഞ്ഞെടുപ്പ് നാമനിർദേശ പത്രികയിൽ നൽകിയിട്ടുള്ള സ്വത്തുവിവരത്തിൽ പി.വി.അൻവർ തന്നെ ഇത്രയും ഭൂമി കൈവശം വയ്ക്കുന്നതായി സത്യപ്രസ്താവന നൽകിയതടക്കം ചൂണ്ടിക്കാട്ടി വിവരാവകാശ കൂട്ടായ്മ സംസ്ഥാന കോഓർഡിനേറ്റർ കെ.വി.ഷാജി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് അധികഭൂമി സംബന്ധിച്ച് നടപടിയെടുത്ത് ആറു മാസത്തിനകം കോടതിയെ അറിയിക്കാൻ ഉത്തരവിട്ടിരുന്നു. 

വിധി വന്ന് എട്ടു മാസം കഴിഞ്ഞിട്ടും സർക്കാരിന്റെയോ ലാൻഡ് ബോർഡിന്റെയോ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് വിവരാവകാശ കൂട്ടായ്മ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഭൂസമരങ്ങളുടെ നേതാക്കളെക്കൂടി അണിനിരത്തി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തിയത്. ഇതോടൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഭൂസമരങ്ങളെ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങളും കൂട്ടായ്മ നടത്തുന്നു. 

പി.വി.അൻവറിന്റെ അധികഭൂമി സംബന്ധിച്ച് നിയമപരമായ തുടർപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോൾ തന്നെ, സംസ്ഥാനത്ത് ഭൂമി സംബന്ധിച്ച ഒരു ചർച്ച ഉയർത്തിക്കൊണ്ടുവരാനും അതിനായി വിപുലമായ ഒരു സാമൂഹിക ബോധവൽക്കരണ ക്യാംപെയ്ൻ സംഘടിപ്പിക്കാനും വിവരാവകാശ കൂട്ടായ്മ മുൻകൈയെടുക്കും. പി.വി.അൻവർ എംഎൽഎയുടെ അധികഭൂമി സംബന്ധിച്ച കേസിലെ പരാതിക്കാരനും വിവരാവകാശ കൂട്ടായ്മ സംസ്ഥാന കോഓർഡിനേറ്ററുമായ മലപ്പുറം ചേലേമ്പ്ര സ്വദേശി കെ.വി.ഷാജി സംസാരിക്കുന്നു. 

∙ സെക്രട്ടേറിയറ്റ് സമരത്തിന്റെ സാഹചര്യം? 

പി.വി.അൻവറും കുടുംബവും നിയമപരമായി കൈവശം വയ്ക്കാവുന്നതിന്റെ പലമടങ്ങ് ഭൂമി കൈവശം വച്ചുപോരുന്നതായി വെളിപ്പെടുന്നത് ആരെങ്കിലും ആരോപണം ഉന്നയിച്ചിട്ടല്ല. നിയമസഭയിലേക്കും ലോക്സഭയിലേക്കും മത്സരിക്കുന്ന വേളയിൽ നാമനിർദേശ പത്രികയോടൊപ്പം സമർപ്പിക്കുന്ന സത്യവാങ്മൂലത്തിൽ അൻവർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. 207 ഏക്കറിലധികം ഭൂമി കൈവശം വച്ചുപോരുന്നതായാണ് സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്. ഇതേത്തുടർന്ന്, നിയമവിരുദ്ധമായി കൈവശം വച്ച അധികഭൂമി സർക്കാരിലേക്കു കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ തിരഞ്ഞെടുപ്പു കമ്മിഷൻ, ഗവർണർ, നിയമസഭാ സ്പീക്കർ, റവന്യു മന്ത്രി എന്നിവർക്കു പരാതി നൽകി. 

pv-anvar-land

പി.വി.അൻവർ എംഎൽഎ കൈവശം വയ്ക്കുന്ന അധികഭൂമി കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന സമരം പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി ഉദ്ഘാടനം ചെയ്യുന്നു.

എന്നാൽ ഈ പരാതികളിലൊന്നിലും നടപടിയുണ്ടായില്ലെന്നു മാത്രമല്ല, നിയമങ്ങളിലെ പഴുതുകളുപയോഗിച്ചും രാഷ്ട്രീയ, സാമ്പത്തിക അധികാരം ഉപയോഗിച്ചും എംഎൽഎയും സർക്കാരും ഈ പരാതികളിൽ തുടർനടപടികൾ തടസ്സപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇതിനിടെ, കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടർമാർ തങ്ങളുടേതായ രീതിയിൽ ഒരന്വേഷണം നടത്തുകയും എംഎൽഎ പരിധിയിൽ കവിഞ്ഞ സ്വത്ത് കൈവശം വയ്ക്കുന്നുണ്ടെന്ന് വ്യക്തമാക്കി സർക്കാരിനു റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പി.വി.അൻവറിനെതിരെ സ്വമേധയാ കേസെടുക്കണമെന്ന് 19–07–2017ന് സംസ്ഥാന ലാൻഡ് ബോർഡ് ചെയർമാൻ താമരശ്ശേരി ലാൻഡ് ബോർഡിന് നിർദേശം നൽകി. എന്നാൽ നാലു വർഷമായിട്ടും നിർദേശം നടപ്പിലാക്കാൻ നടപടി ഉണ്ടായില്ല. ഈ ഘട്ടത്തിലാണ് ഞാൻ വിവരാവകാശ കൂട്ടായ്മ കോഓർഡിനേറ്റർ എന്ന നിലയിൽ ഹൈക്കോടതിയെ സമീപിച്ചത്. 

പി.വി.അൻവറിനു പുറമേ, കേരള സർക്കാർ, സംസ്ഥാന ലാൻഡ് ബോർഡ്, കോഴിക്കോട് ജില്ലാ കലക്ടർ, താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാൻ, താമരശ്ശേരി അഡീഷനൽ തഹസിൽദാർ എന്നിവരെ എതിർകക്ഷികളാക്കി നൽകിയ റിട്ട് ഹർജിയിൽ കഴിഞ്ഞ മാർച്ച് 24ന് ജസ്റ്റിസ് രാജ വിജയരാഘവൻ വിധി പറഞ്ഞു. പി.വി.അൻവറിന്റെയും കുടുംബത്തിന്റെയും അധികഭൂമി സംബന്ധിച്ച് നിയമപരമായ നടപടി സ്വീകരിച്ച്് ആറു മാസത്തിനകം റിപ്പോർട്ട് നൽകാനായിരുന്നു വിധി. എന്നാൽ വിധി പ്രസ്താവിച്ച് എട്ടു മാസമായിട്ടും സർക്കാരോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ വിധി നടപ്പാക്കിയെടുക്കാനുള്ള എന്തെങ്കിലും നടപടികൾ ആരംഭിക്കുകപോലും ചെയ്തില്ല. 

kv-shaji

വിവരാവകാശ കൂട്ടായ്മ കോ ഓർഡിനേറ്റർ കെ.വി.ഷാജി.

ഹൈക്കോടതി വിധി നടപ്പാക്കാതെ നിയമവാഴ്ചയെത്തന്നെ വെല്ലുവിളിച്ച്, ജനാധിപത്യ, ഭരണഘടനാ സങ്കൽപ്പങ്ങളെത്തന്നെ അട്ടിമറിച്ച് തങ്ങളുടെ പക്ഷക്കാരനായ എംഎൽഎയെ നിയമനടപടികളിൽനിന്നു രക്ഷപ്പെടുത്തിയെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭൂസമരം നടത്തുന്ന ഭൂരഹിതരുടെയും സംഘടനകളുടെയും പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തി, പി.വി.അൻവറും കുടുംബവും നിയമവിരുദ്ധമായി കൈവശം വച്ചുപോരുന്ന അധികഭൂമി പിടിച്ചെടുത്ത് ആദിവാസികൾക്കും ഭൂരഹിതർക്കും വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തിയത്. സമരം ഉദ്ഘാടനം ചെയ്തത് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയാണ്. 

∙ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പി.വി.അൻവർ എംഎൽഎ പറയുന്നത് തന്നെ വ്യക്തിപരമായി വേട്ടയാടാൻ ശ്രമം നടക്കുന്നു എന്നാണ്. ഈ കേസും അത്തരത്തിലുള്ള ഒന്നാണോ? അതല്ലെങ്കിൽ അനധികൃതമായി ഭൂമി കൈവശം വച്ച നിരവധി പേർ ഉണ്ടാകാമെന്നിരിക്കേ അൻവറിലേക്കു മാത്രം കേസ് കേന്ദ്രീകരിക്കാൻ കാരണമെന്താണ്?

ഒന്നാമത്തെ കാര്യം ഈ സമരം അൻവറിലേക്കു മാത്രം കേന്ദ്രീകരിക്കുന്നതല്ല എന്നതാണ്. കേരളത്തിൽ ഒരു തുണ്ടു ഭൂമിയില്ലാതെ ദുരിതമനുഭവിക്കുന്ന പതിനായിരക്കണക്കിനു മനുഷ്യരുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആദിവാസികളുടേതടക്കമുള്ള ഒട്ടേറെ സംഘടനകൾ ഭൂമിക്കായി സമരം ചെയ്തുപോരുന്നുണ്ട്. ഇത്തരം സമരങ്ങളെ ഏകോപിപ്പിക്കാനുള്ള ഒരു ശ്രമം വിവരാവകാശ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്. ഭൂമിക്കായുള്ള ഒരു സംഘടിത സമരം തന്നെയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിലാണ് അനധികൃതമായി ഭൂമി കൈവശം വച്ചുപോരുന്ന ഭൂപ്രഭുക്കളുടെ പ്രശ്നം കൂടി ഉയർന്നുവരുന്നത്. ഇതിൽ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളുമൊക്കെ ഉൾപ്പെടുന്നുണ്ട്.

പി.വി.അൻവർ എംഎൽഎ.

ഇവരുടെയൊക്കെ ആസ്തികളും ജീവിതരീതികളും സംബന്ധിച്ച് ഒരു സോഷ്യൽ ഓഡിറ്റിങ് ആവശ്യമുണ്ടെന്ന് വിവരാവകാശ കൂട്ടായ്മ കരുതുന്നു. അനധികൃത സ്വത്ത് കൈവശം വച്ചവർക്കെതിരെ ഒരേ സമയം സാമൂഹികമായ ബോധവൽക്കരണവും സമരവും അതോടൊപ്പം നിയമനടപടികളും ഉണ്ടാവേണ്ടതുണ്ട്. ഇത്തരമൊരു നീക്കത്തിന്റെ തുടക്കമാണിത്. അത് അൻവറിലാകാനും കാരണങ്ങളുണ്ട്. ഒന്നാമത്തേത്, ഒരു കുടുംബത്തിന് 15 ഏക്കർ ഭൂമിയേ കൈവശം വയ്ക്കാൻ അനുമതിയുള്ളൂ എന്നിരിക്കേ, അൻവറും കുടുംബവും അതിന്റെ പലമടങ്ങായ 207 ഏക്കർ കൈവശം വച്ചിരിക്കുന്നു എന്ന് അദ്ദേഹം തന്നെയാണ് തിരഞ്ഞെടുപ്പു കമ്മിഷനു മുന്നിൽ സത്യപ്രസ്താവന നടത്തിയിരിക്കുന്നത്. ഇത് നിഷേധിക്കാനാവാത്ത തെളിവാണ്. അതുകൊണ്ട് അധികഭൂമി കൈമാറുകയല്ലാതെ നിയമത്തിനു മുന്നിൽ അദ്ദേഹത്തിനു മറ്റു മാർഗങ്ങളില്ല. 

ഈയൊരു സാഹചര്യത്തിലാണ് ആദ്യഘട്ടമെന്ന നിലയിൽ അൻവറിനെതിരെ വിവരാവകാശ കൂട്ടായ്മ നിയമനടപടിക്കു തയാറായത്. രണ്ടാമത്തെ കാര്യം, അൻവർ പ്രതിനിധീകരിക്കുന്ന നിലമ്പൂർ മണ്ഡലത്തിൽ മാത്രം ഭൂരഹിതരായ മൂവായിരത്തോളം ആദിവാസി കുടുംബങ്ങൾ ഉണ്ടെന്നതാണ്. മറ്റു ഭൂരഹിതർ വേറെയുമുണ്ട്. അതുകൊണ്ടാണ് ഈ അധികഭൂമി സർക്കാർ കണ്ടുകെട്ടി ഭൂരഹിതർക്കു കൈമാറണമെന്ന വാദം ഉന്നയിക്കുന്നത്.

∙ തനിക്കും കുടുംബത്തിനും 207 ഏക്കർ ഭൂമിയുണ്ടെന്നു തന്നെയാണോ അദ്ദേഹം സത്യവാങ്മൂലം നൽകിയത്?

അതാണു വിചിത്രമായ കാര്യം. നിലമ്പൂരിൽനിന്നു രണ്ടുതവണ നിയമസഭയിലേക്കു മത്സരിച്ചപ്പോഴും വയനാട്ടിൽനിന്ന് ലോക്സഭയിലേക്കു മത്സരിച്ചപ്പോഴും നാമനിർദേശപത്രികയോടൊപ്പം നൽകിയ സ്വത്തുവിവരങ്ങളിൽ അദ്ദേഹം തന്റെ കൈവശമുള്ള ഭൂമിയുടെ അളവു പറയുന്നത് സെന്റിലോ ഏക്കറിലോ ഹെക്ടറിലോ ഒന്നുമല്ല. സ്ക്വയർ ഫീറ്റിലാണ്. ഇത് മറ്റു സ്ഥാനാർഥികളാരും ചെയ്യാത്തതാണ്. ഇക്കാരണത്താൽ തന്നെ ഒറ്റനോട്ടത്തിൽ ഇതെത്ര ഭൂമിയാണെന്നോ അധികഭൂമി കൈവശം വച്ചിട്ടുണ്ടെന്നോ വ്യക്തമാകില്ല. ഇങ്ങനെ അദ്ദേഹത്തിന്റെ കൈവശമുള്ള ഓരോ ഭൂമിയുടെയും സ്ക്വയർ ഫീറ്റിലുള്ള അളവ് സെന്റിലേക്കും ഏക്കറിലേക്കും മാറ്റി ആകെ കൈവശഭൂമി കണക്കാക്കിയപ്പോഴാണ് ഇത് 207 ഏക്കറിലേറെ വരുമെന്നു കണ്ടെത്തിയത്. 

ഇങ്ങനെ കണക്കുകൂട്ടിയെടുക്കുക എന്നതുതന്നെ വലിയൊരു ജോലിയായിരുന്നു. ഈ കണക്ക് അദ്ദേഹം നിഷേധിച്ചിട്ടുമില്ല. ഹൈക്കോടതിയിൽ നൽകിയ ഹർജിക്കൊപ്പം ഈ ഭൂമികളുടെയെല്ലാം സർവേ നമ്പർ അടക്കമുള്ള വിവരങ്ങളും ലാൻഡ് ബോർഡ് ചെയർമാന്റെയും കോഴിക്കോട്, മലപ്പുറം കലക്ടർമാരുടെയും റിപ്പോർട്ടുകളുടെ കോപ്പികളും നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിന്റെ പകർപ്പുകളും സമർപ്പിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് അധികസ്വത്ത് സംബന്ധിച്ച് ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ കോടതി നിർദേശം നൽകിയത്. വ്യക്തമായ തെളിവുകളുള്ള കേസ് എന്നതിനാലാണ് ആദ്യ കേസ് അൻവറിനെതിരായത്. 

∙ ഈ കേസിൽ അൻവറിന്റെ പാർട്ടിയായ സിപിഎമ്മിനെ വിവരാവകാശ കൂട്ടായ്മ സമീപിച്ചിരുന്നോ? എന്തായിരുന്നു പ്രതികരണം?

നേരിട്ടു സമീപിച്ചിട്ടില്ല. ഇക്കാര്യത്തിൽ പാർട്ടിക്ക് നേരിട്ട് ഉത്തരവാദിത്തം ഉണ്ടെന്നും പറയാനാവില്ല. പക്ഷേ, മറ്റൊരു കാര്യമുണ്ട്. ഭൂമിയുടെ അവകാശവും വിതരണവും സംബന്ധിച്ച് ഭൂപരിഷ്കരണ നിയമം പോലെ വിപ്ലവകരമായ ഒരു നിയമം കൊണ്ടുവന്ന പാർട്ടിയുടെ ജനപ്രതിനിധി തന്നെ ഈ നിയമത്തെ പരസ്യമായി വെല്ലുവിളിക്കുകയും പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ സംവിധാനങ്ങൾ ഈ അട്ടിമറിക്കു കൂട്ടുനിൽക്കുകകയും ചെയ്യുന്നത് പാർട്ടിക്കോ മുന്നണിക്കോ സർക്കാരിനോ ഭൂഷണമല്ല. പാർട്ടി ഇക്കാര്യത്തിൽ ഒരു പുനരാലോചന നടത്തേണ്ടതുണ്ട്.

കോടതിവിധി നടപ്പാക്കാൻ ഉദ്യോഗസ്ഥർ വിമുഖത കാട്ടുന്നതിനു പിന്നിൽ അവരുടെ എന്തെങ്കിലും താൽപര്യമാണെന്നു പറയാനാവില്ല. അൻവറിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ചുമാറ്റാൻ ഹൈക്കോടതി ഉത്തരവിടുകയും അന്ത്യശാസനം നൽകുകയും ചെയ്തിട്ടുപോലും അതു നടപ്പാകാതെ പോകുന്നതിനു പിന്നിലും ഈ പ്രശ്നമുണ്ട്. സ്വയം അപായപ്പെടുത്തി ഇത്തരമൊരു നിലപാടെടുക്കാൻ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നതിനു പിന്നിൽ സർക്കാർ തലത്തിലുള്ള ഇടപെടലുകൾ ഉണ്ടാകുമെന്നുറപ്പാണ്. അധികഭൂമി കണ്ടുകെട്ടുന്ന കാര്യത്തിലും സർക്കാർ തലത്തിൽ തന്നെയാണ് ആദ്യം അനുകൂല നിലപാടുണ്ടാകേണ്ടത്.

∙ സർക്കാർ ഈ വിമുഖത തുടരുകയാണെങ്കിൽ കേസിന് എന്തു സംഭവിക്കുമെന്ന് ആശങ്കയുണ്ടോ? എന്താണ് ഇനിയുള്ള നീക്കങ്ങൾ?

പി.വി.അൻവറല്ല, ഒരു വ്യക്തിയും നിയമത്തിന് അതീതരല്ല. വിധി നടപ്പാക്കിക്കിട്ടും വരെ പോരാട്ടം തുടരുക തന്നെ ചെയ്യും. എട്ടു മാസം കഴിഞ്ഞിട്ടും വിധി നടപ്പാക്കാനുള്ള നടപടികൾ ആരംഭിക്കുകയോ ഇതുസംബന്ധിച്ച് കോടതി ആവശ്യപ്പെട്ട റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ ഉടൻ തന്നെ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യും. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഈ കേസിൽ വിധി എന്തുതന്നെ ആയാലും സർക്കാരിന് ഇക്കാര്യത്തിൽ ഒരു നിലപാടെടുക്കേണ്ടിവരും. ഇത് കേരളത്തിൽ ഭൂമി സംബന്ധിച്ച ഒരു ചർച്ചയ്ക്കു വഴിവയ്ക്കും എന്നാണ് ഞങ്ങൾ കരുതുന്നത്.

kerala-high-court

കേരള ഹൈക്കോടതി.

ഇതോടൊപ്പം, സംസ്ഥാനത്താകെ നടക്കുന്ന ഭൂസമരങ്ങളെ ഏകോപിപ്പിക്കാനുള്ള ശ്രമവും പുരോഗമിക്കുകകയാണ്. ഇപ്പോഴത്തെ ഭൂസമരങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ട്, ഭൂപരിഷ്കരണത്തിനു ശേഷം ഇത്രയും കാലംകൊണ്ട് കേരളത്തിലെ ഭൂമിവിന്യാസവും ഭൂവിനിയോഗവും എവിടെ എത്തിനിൽക്കുന്നു എന്നതു സംബന്ധിച്ച് പൊതുസമൂഹത്തിൽ ഒരു ചർച്ച ഉയർത്തിക്കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന സമരത്തെ തുടർന്ന് ഇതുസംബന്ധിച്ച ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി ഭൂപ്രഭുക്കൾ കൈവശം വച്ചിട്ടുള്ള മിച്ചഭൂമി കണ്ടെത്താനും ഇതിന്റെ കണക്കെടുക്കാനും വിവരാവകാശ നിയമം അടക്കം ഉപയോഗപ്പെടുത്തി ഇതിന്റെ രേഖകൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. 

അൻവറിന്റെ ഭൂമിയുടെ ആധാരമടക്കമുള്ള മുഴുവൻ രേഖകളും കണ്ടെത്തിയ രീതി ഇതിനു മാതൃകയാക്കും. ഇതോടൊപ്പം സർക്കാർ പാട്ടത്തിനു നൽകിയ പതിനായിരക്കണക്കിന് ഏക്കർ തോട്ടഭൂമി പലരും കാലാവധി കഴിഞ്ഞും കൈവശം വയ്ക്കുന്നതിന്റെയും കണക്കു ശേഖരിക്കും. പി.വി.അൻവറിന്റെ സ്വത്തു സംബന്ധിച്ച് ഏറ്റവും പുതിയ മറ്റൊരു നീക്കവും കൂടി നടത്തുന്നുണ്ട്. അൻവറിന്റെ സ്വത്തുക്കൾ സംബന്ധിച്ചും കണക്കിൽപെടാത്ത വരുമാന സ്രോതസ്സുകൾ സംബന്ധിച്ചും അന്വേഷണം ആവശ്യപ്പെട്ട് വിവരാവകാശ കൂട്ടായ്മ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അപേക്ഷ നൽകിയിരുന്നു. ഇതിലും നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് കേന്ദ്ര സർക്കാരിനെയും ഇഡിയെയും കക്ഷിയാക്കി ഹൈക്കോടതിയിൽ ഹർജി നൽകുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. ഇഡി അന്വേഷണമുണ്ടായാൽ സ്വാഭാവികമായും അധികസ്വത്ത് അടക്കമുള്ള കാര്യത്തിൽ വ്യക്തത വരുത്തേണ്ടിവരും. നിലവിലുള്ള ഭൂനിയമം അനുസരിച്ച് അധികസ്വത്ത് സർക്കാരിനു കൈമാറുകയല്ലാതെ പി.വി.അൻവറിനു വേറെ വഴിയില്ലെന്നു തന്നെയാണ് വിവരാവകാശ കൂട്ടായ്മ കരുതുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!