ഭക്ഷണത്തില്‍ നിന്നും ഉരുകിയ പ്ലാസ്റ്റിക്കും ചത്ത ഒച്ചിനേയും ലഭിച്ചു: ജനകീയ ഹോട്ടലിനെതിരെ പരാതിയുമായി അഭിഭാഷകന്

കൊല്ലം : ജനകീയ ഹോട്ടലിലെ ഭക്ഷണത്തിനെതിരെ പരാതിയുമായി അഭിഭാഷകന്. കൊല്ലം സിവില്‍ സ്റ്റേഷന് സമീപത്തായി പ്രവര്‍ത്തിക്കുന്ന ജനകീയ ഹോട്ടലിലെ ഭക്ഷണത്തിനെതിരെയാണ് പരാതിയുമായി അഷ്ടമുടി ലാ ചേമ്ബേഴ്സിലെ അഡ്വ.അരുണ്‍ ഷിബു രംഗത്തെത്തിയിരിക്കുന്നത്.
ഒരു ദിവസം കഴിച്ച ഭക്ഷണത്തില്‍ നിന്നും പ്ലാസ്റ്റിക്കും മറ്റൊരു ദിവസം ഒച്ചിനേയും കിട്ടിയെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ഇദ്ദേഹം കോര്പ്പറേഷന് സെക്രട്ടറിക്കും, ജില്ല കളക്ടര്‍ക്കും, ഫുഡ് സേഫ്റ്റി കമ്മീഷണര്‍ക്കും പരാതി നല്കി.
ഈ മാസം മൂന്നിന് ഹോട്ടലില്‍ നിന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ സാമ്ബാറില്‍ നിന്ന് ഉരുകിയ പ്ലാസ്റ്റിക്ക് ലഭിച്ചിരുന്നു.19-ന് കഴിച്ച ഭക്ഷണത്തിനൊപ്പം കുടിച്ച വെള്ളത്തില്‍ നിന്ന് ചത്ത ഒച്ചിനേയും കിട്ടിയെന്നാണ് പരാതി. സ്റ്റീല്‍ ജഗ്ഗില്‍ ഇരുന്ന ഗ്ലാസില്‍ പകര്‍ത്തി കുടിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെടുകയും, പാത്രത്തിലേക്ക് ഛര്‍ദ്ദിക്കുകയുമായിരുന്നു. ഇതില്‍ ചത്ത ഒച്ച് ഉണ്ടായിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ പരാതി.
സ്റ്റീല്‍ ഗ്ലാസിന് പകരം പേപ്പര്‍ ഗ്ലാസ് ആവശ്യപ്പെട്ടുവെങ്കിലും അത് ജീവനക്കാര്‍ നല്‍കിയില്ലെന്നും, മോശം പെരുമാറ്റമാണ് അവരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും പരാതിക്കാരന് ആരോപിക്കുന്നു. 20 രൂപയ്ക്ക് ഊണ് നല്കുന്നതിനാല് അഹങ്കാരവും പുച്ഛവും നിറഞ്ഞ പെരുമാറ്റമാണ് നടത്തിപ്പുകാരില്‍ നിന്ന് ജീവനക്കാരില്‍ നിന്നും ഉള്ളതെന്നും ഇദ്ദേഹം പരാതിയില്‍ പറയുന്നു.

