KSDLIVENEWS

Real news for everyone

കര്‍ണാടകയില്‍ കൂടുതല്‍ നിയന്ത്രണം; മാളുകളിലും തിയറ്ററുകളിലും രണ്ടു ഡോസ് വാക്സിനെടുത്തവര്‍ക്ക് മാത്രം പ്രവേശനം

SHARE THIS ON

ബംഗളൂരു: കൊറോണയുടെ ഒമിക്രോണ്‍ വകഭേദം രണ്ടു പേരില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കര്‍ണാടക സര്‍ക്കാര്‍ നിയന്ത്രണം കടുപ്പിച്ചു. സംസ്ഥാനത്തെ മാളുകള്‍, സിനിമ തിയറ്ററുകള്‍, മള്‍ട്ടിപ്ലക്സുകള്‍ തുടങ്ങിയവയില്‍ രണ്ടു ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് മാത്രമെ പ്രവേശിക്കാനാവൂ. വെള്ളിയാഴ്ച ചേര്‍ന്ന ഉന്നതതല യോഗശേഷമാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.

18 വയസ്സിന് താഴെ സ്കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ നിര്‍ബന്ധമായും രണ്ടു ഡോസ് വാക്സിനെടുക്കണം. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സാംസ്കാരിക പരിപാടികളും മറ്റ് ആഘോഷങ്ങളും 2022 ജനുവരി 15 വരെ മാറ്റിവെക്കണമെന്ന് ഉത്തരവിലുണ്ട്. അടിയന്തര പ്രാധാന്യത്തോടെ എല്ലാ ജില്ലകളിലും പുതിയ മാര്‍ഗനിര്‍ദേശം നടപ്പാക്കണമെന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി തുഷാര്‍ ഗിരിനാഥ് ഉത്തരവില്‍ പറയുന്നു. കേരള, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ക്കുള്ള ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിബന്ധന തുടരും.

അതിര്‍ത്തി ജില്ലകളില്‍ പരിശോധന കര്‍ശനമാക്കും. പൊതുപരിപാടികള്‍, യോഗങ്ങള്‍, സമ്മേളനങ്ങള്‍, മറ്റ് കൂടിച്ചേരലുകള്‍ എന്നിവക്കെല്ലാം പരമാവധി 500 പേരെ പങ്കെടുപ്പിക്കാവൂ. ആരോഗ്യപ്രവര്‍ത്തകര്‍, 65വയസ്സിന് മുകളിലുള്ളവര്‍, അസുഖബാധിതര്‍ എന്നിവരെ സര്‍ക്കാര്‍ കോവിഡ് പരിശോധനക്ക് വിധേയമാക്കും.

എല്ലാ സര്‍ക്കാര്‍ ജീവനക്കാരും രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചിരിക്കണം. മാസ്ക് ധരിക്കാത്തവരില്‍നിന്ന് മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയില്‍ 250 രൂപയും ഗ്രാമീണ മേഖലയില്‍ 100 രൂപയും പിഴ ഈടാക്കും. രോഗ വ്യാപനം തടയാനായി മൈക്രോ കണ്ടെയ്ന്‍മെന്‍റ് നടപടികള്‍ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!