KSDLIVENEWS

Real news for everyone

കേരളത്തില്‍ കോവിഡ് മരണം കൂടുന്നു; നാല് ജില്ലകളിലെ സ്ഥിതിയില്‍ ആശങ്കയെന്ന് കേന്ദ്രം

SHARE THIS ON

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് മരണം കൂടുന്നതായി കേന്ദ്രസർക്കാർ. ഡിസംബർ മൂന്നിന് അവസാനിച്ച ആഴ്ചയിൽ 2118 മരണമാണ് റിപ്പോർട്ട് ചെയ്തത്. തൊട്ടുമുൻപുള്ള ആഴ്ചയിലേതിനേക്കാൾ കൂടുതലാണിത്.

തൃശൂർ, കോഴിക്കോട് മലപ്പുറം കൊല്ലം എന്നീ ജില്ലകളിലാണ് ആശങ്ക ഉയർത്തുന്ന തരത്തിൽ മരണസംഖ്യ കൂടുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ആരോഗ്യ വകുപ്പിനയച്ച കത്തിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഒരു മാസത്തിനിടെ കേരളത്തിൽ 1,71,521 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ഒരു മാസത്തെ ആകെ പുതിയ കേസുകളുടെ 55.8 ശതമാനമാണിത്. സംസ്ഥാനത്തെ 13 ജില്ലകളിലും കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്ത പുതിയ കേസുകളിൽ വർധനവ് ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂർ, കോട്ടയം എന്നീ ജില്ലകളിലെ പുതിയ കേസുകളാണ് ആശങ്ക ഉളവാക്കുന്നതെന്ന് കേന്ദ്രം പറയുന്നു.

തിരുവനനന്തപുരം, കോഴിക്കോട്, കോട്ടയം, വയനാട് എന്നീ ജില്ലകളിലെ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് പത്ത് ശതമാനത്തിൽ കൂടുതലാണ്. ഒമ്പത് ജില്ലകളിൽ 5-10 ശതമാനത്തിനിടയിലാണ് രോഗസ്ഥിരീകരണ നിരക്ക്.


ഒമിക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾ നിരീക്ഷണവും പരിശോധനയും കർശനമാക്കണമെന്ന് കേന്ദ്രം നിർദേശിച്ചു. രോഗം സ്ഥിരീകരിക്കുന്നവർ 14 ദിവസം സമ്പർക്ക വിലക്കിലാണെന്ന് ഉറപ്പുവരുത്തണമെന്നും സംസ്ഥാനത്തോട് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!