KSDLIVENEWS

Real news for everyone

കാസർകോട് – കാഞ്ഞങ്ങാട് പാതയിൽ 2 അപകടങ്ങളിലായി 2 മരണം

SHARE THIS ON

കാഞ്ഞങ്ങാട് ∙ കാസർകോട് – കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ 12 മണിക്കൂറിനിടെ ഉണ്ടായ 2 അപകടങ്ങളിൽ സ്കൂൾ വിദ്യാർഥിയടക്കം 2 പേർ മരിച്ചു. 5 പേർക്കു പരുക്കേറ്റു. കാഞ്ഞങ്ങാട് അതിഞ്ഞാലിലാണ് 2 അപകടങ്ങളും നടന്നത്. പൂച്ചക്കാട് ചിറക്കലിലെ മുബീസിന്റെ ഭാര്യ ഷഹാന (25), അജാനൂർ പാലായി വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന മലപ്പുറം സ്വദേശി മുസ്തഫയുടെ മകൻ മിജുവാദ് (14) എന്നിവരാണ് 2 അപകടങ്ങളിലായി മരിച്ചത്.

മലപ്പുറത്ത് നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം തിരിച്ചു വന്ന കാറും ടൂറിസ്റ്റ് ബസും കുട്ടിയടിച്ചുണ്ടായ അപകടത്തിലാണു ഷഹാന മരിച്ചത്. ഭർത്താവ് മുബീസ് (30), മക്കളായ അമീർ (3), അൻസാർ (ഒന്നര), ബന്ധു നബീസ (50) എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. തിങ്കളാഴ്ച പുലർച്ചെ ആണ് അപകടം നടന്നത്. വാഹനത്തിൽ ഉണ്ടായിരുന്ന നബീസയുടെ ഭർത്താവ് ഷൗക്കത്ത് തന്റെ ഇരുചക്രവാഹനം കാഞ്ഞങ്ങാട് ടൗണിൽ വച്ചതിനാൽ അവിടെ ഇറങ്ങി. ആവിക്കരയിലെ പരേതനായ ഷംസുദ്ദീന്റെയും ബീഫാത്തിമയുടെയും മകളാണ് മരിച്ച ഷഹാന. സഹോദരങ്ങൾ: ഷിഹാദ്, ഷിഫാന.

കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടം നടന്ന സ്ഥലത്തിന് 500 മീറ്റർ അകലെയാണ് വിദ്യാർഥി മിജുവാദ് ബൈക്കിടിച്ചു മരിച്ചത്. അമിത വേഗത്തിലെത്തിയ ബൈക്ക് മിജുവാദിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കൂട്ടുകാരാടൊപ്പം കോയപ്പള്ളിയിലെ പള്ളിക്കുളത്തിൽ കുളിച്ചു മടങ്ങുമ്പോഴായായിരുന്നു അപകടം. ഇന്നലെ 12.30നാണു സംഭവം നടന്നത്. മഡിയൻ ഭാഗത്തു നിന്നു കാഞ്ഞങ്ങാട്ടേക്ക് വന്നതാണ് ബൈക്ക്. നാട്ടുകാർ ചേർന്ന് ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ഇക്ബാൽ ഹയർസെക്കൻഡറി സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർഥിയാണ് മിജുവാദ്.അപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രക്കാരനായ പെരിയ പൂക്കളത്തെ ശരത്തിനെ (19) മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജുവൈരിയയാണ് മിജുവാദിന്റെ മാതാവ്. സഹോദരങ്ങൾ: ഇസാഫ്, ജെസീന, ജെസീറ മിസ്രി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!