KSDLIVENEWS

Real news for everyone

കാലില്‍ ചോരക്കറ, റെയില്‍വേ സ്‌റ്റേഷനില്‍ പുകവലിച്ചു; ഭാര്യയെ കൊന്ന് നാടുവിടാനിരിക്കെ കുടുങ്ങി

SHARE THIS ON

പെർളടുക്കം : ഉഷയെ അശോകൻ വെട്ടിക്കൊന്നു. തിരിച്ചറിയാനാകാത്ത വിധം കഷണങ്ങളാക്കി പായയിൽ കെട്ടി മുറിയിൽ ഉപേക്ഷിച്ചു. നാടുവിട്ട അയാൾ കാസർകോട്ട് പിടിയിലായി’- നടുക്കുന്ന കൊലപാതകവിവരമറിഞ്ഞാണ് പെർളടുക്കത്തുകാർ തിങ്കളാഴ്ച ഉണർന്നത്. പുലർച്ചെ ആറോടെയാണ് സംഭവം നാടറിയുന്നത്.

ശബരിമലദർശനത്തിന് മാലയിട്ടിരിക്കുകയായിരുന്നു അശോകൻ. വൃശ്ചികം ഒന്നുമുതൽ തൊട്ടടുത്തുള്ള അയ്യപ്പഭജനമന്ദിരത്തിൽ മറ്റു ഭക്തരോടൊപ്പം പുലർച്ചെ മുടങ്ങാതെ ശരണജപത്തിനെത്താറുണ്ട്. നേരം വൈകിയിട്ടും തിങ്കളാഴ്ച അശോകൻ അയ്യപ്പഭജനമന്ദിരത്തിൽ എത്തിയില്ല. മറ്റുള്ളവർ ഫോൺവിളിച്ചപ്പോൾ എടുത്തതുമില്ല. ഉഷയും ഫോണെടുത്തില്ല. തുടർന്ന് സുഹൃത്തുക്കൾ ക്വാർട്ടേഴ്സിലെത്തി. മുറിയുടെ വാതിൽ താക്കോലിട്ട് പൂട്ടിയിരിക്കുകയായിരുന്നു. ഫോൺ വിളിച്ചപ്പോൾ രണ്ടുപേരുടേയും ഫോൺ മുറിക്കകത്തുനിന്ന് ബെല്ലടിക്കുന്നുണ്ടായിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് ക്വാർട്ടേഴ്സ് ഉടമയെത്തി മറ്റൊരു താക്കോലുപയോഗിച്ച് വാതിൽ തുറന്നപ്പോൾ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച.

ചുമരിനപ്പുറമുള്ളവർപോലും അറിഞ്ഞില്ല


ബേഡഡുക്ക പഞ്ചായത്ത് ഒന്നാംവാർഡ് വാതിൽ നമ്പർ-494 മുറിയിൽ ഉഷയെ വെട്ടിനുറുക്കിയപ്പോൾ തൊട്ടടുത്ത മുറികളിൽ താമസിക്കുന്നവർ പോലും അറിഞ്ഞില്ല. പൊയിനാച്ചി-പെർളടുക്കം റോഡരികിൽനിന്ന് 25 മീറ്ററോളം ദൂരമേയുള്ളൂ ഒറ്റനില ക്വാർട്ടേഴ്സിലേക്ക്. കെട്ടിടത്തിന്റെ മുൻഭാഗത്ത് നാല് മുറികളുണ്ട്. അശോകനും ഉഷയും രണ്ടുവർഷമായി ഇവിടെ താമസിക്കുന്നു. കിഴക്കേ അറ്റത്തുള്ള മുറിയാണ് ഇവരുടേത്. എല്ലാ മുറികളിലും ആൾതാമസമുണ്ട്. ഒച്ചയൊന്നും കേട്ടിരുന്നില്ലെന്നാണ് അടുത്ത മുറിയിലുള്ളവർ പറയുന്നത്.

കൃത്യത്തിനുശേഷം മുറി വൃത്തിയാക്കി

ഇടുങ്ങിയ കിടപ്പുമുറി, റോഡിലേക്ക് കാഴ്ച ലഭിക്കുന്നതിന് ഇരു പാളികളിൽ ചില്ലുജനാലയുള്ള ചെറിയ ഹാൾ, അടുക്കള എന്നിവയാണ് ഇവർ താമസിച്ച ക്വാർട്ടേഴ്സിനുള്ളത്. കിടപ്പുമുറിയിലാണ് ദേഹമാസകലം വെട്ടിനുറുക്കിയ നിലയിൽ പായയിൽ കെട്ടിയ മൃതദേഹം കിടന്നിരുന്നത്. നിലത്തും ചുമരുകളിലും പതിച്ച ചോരക്കറ തുടച്ച് വൃത്തിയാക്കിയാണ് പ്രതി പുറത്തിറങ്ങി മുറി പൂട്ടിയത്.

രക്തക്കറ പുരണ്ട നാല് കത്തികൾ അടുക്കളയിൽനിന്ന് പോലീസ് കണ്ടെത്തി. മൃതദേഹം കഷ്ണങ്ങളാക്കി ചുമന്നുകൊണ്ടുപോയി കരിച്ചേരി പുഴയിൽ തള്ളാനായിരുന്നു പ്രതിയുടെ ഉദ്ദേശ്യമെന്നും ഭാരക്കൂടുതൽ കാരണം ശ്രമം ഉപേക്ഷിക്കുകയായിരുന്നെന്നും ബേഡകം പോലീസ് പറഞ്ഞു.

‘ഭർത്താവ് സ്വാമിയാണ്, നേരത്തേ ചെന്ന് ഭക്ഷണം ഉണ്ടാക്കണം’

ഭർത്താവ് ശബരിമലയ്ക്കുപോകാൻ മാലയിട്ടിരിക്കുകയാണെന്നതിനാൽ നേരത്തേ ചെന്ന് ഭക്ഷണമുണ്ടാക്കി നൽകണമെന്ന് ബന്ധുക്കളോട് പറഞ്ഞാണ് ഞായറാഴ്ച ഉച്ചയോടെ ഉഷ ഉദുമ ബേവൂരിലെ തറവാട്ടിൽനിന്ന് പെർളടുക്കത്തേക്ക് തിരിച്ചത്. അതിനാൽ സംഭവം വിശ്വസിക്കാനാകാത്തവിധം തകർന്നിരിക്കുകയാണ് ഉഷയുടെ തലക്ലായിലുള്ള വീട്ടുകാർ. പുതിയത് കൊടുക്കൽ, മേൽമാട് സമർപ്പണം എന്നീ ചടങ്ങുകളിൽ പങ്കെടുക്കാനായിരുന്നു ബേവൂരിൽ എത്തിയത്. പെർളടുക്കത്ത് തിരിച്ചെത്തിയശേഷം അടുക്കള ഭാഗത്ത് അലക്കിയിട്ട വസ്ത്രങ്ങൾ ചൂണ്ടിക്കാട്ടി സമീപമുറികളിൽ താമസിക്കുന്ന സ്ത്രീകളും വിലപിക്കുന്നു.


പറയത്തക്ക തർക്കങ്ങളൊന്നും ഇവർ തമ്മിൽ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് ഉഷയുടെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. കോവിഡ് വ്യാപനത്തിനുമുൻപ് ആറുവർഷം ദേളി അപ്സര പബ്ലിക് സ്കൂൾ ബസിൽ ആയയായിരുന്നു ഉഷ. ബീഡിതെറുപ്പ് ജോലിയും ഉണ്ടായിരുന്നു. 22 വർഷം മുൻപായിരുന്നു അശോകനും ഉഷയും വിവാഹിതരായത്. മകൻ ആദിഷ് (21) രണ്ടുമാസം മുൻപാണ് ഗൾഫിൽ പോയത്. ബേക്കൽ ഡിവൈ.എസ്.പി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഫൊറൻസിക് സംഘവും വിരലടയാള വിദഗ്ധസംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ബേഡകം ഇൻസ്പെക്ടർ ടി.ദാമോദരനാണ് അന്വേഷണ ചുമതല.

റെയിൽവേ സ്റ്റേഷനിൽ പുകവലിച്ചതിന് പിടിച്ചു; ചോദ്യംചെയ്യലിൽ കുടുങ്ങി

പെർളടുക്കം: തിങ്കളാഴ്ച രാവിലെ ഏഴുമണി. കാസർകോട് റെയിൽവേ സ്റ്റേഷൻ ഒന്നാംനമ്പർ പ്ളാറ്റ്ഫോമിന്റെ തെക്കുഭാഗത്തുള്ള നടപ്പാലത്തിനടുത്തുനിൽക്കുന്ന ഒരാൾ പുകവലിക്കുന്നു. റെയിൽവേ പോലീസിലെ എം.വി.പ്രകാശൻ, ഗംഗാധരൻ പഴയപെരിങ്ങേത്ത്, ചിത്ര എന്നിവർ ഇയാളെ ചോദ്യംചെയ്തു. പരസ്പരവിരുദ്ധവും സംശയം ജനിപ്പിക്കുന്നതുമായ മറുപടി. അയ്യപ്പഭക്തന്റെ വേഷമാണെങ്കിലും പുലർച്ചെ കുളിച്ച്, ശരണം വിളിയിലേർപ്പെട്ടതിന്റെയോ ചന്ദനക്കുറിയും ഭസ്മവും അണിഞ്ഞതിന്റെയൊ ലക്ഷണമില്ല. കൈവശം 26,000 രൂപ. കൈനഖങ്ങൾക്കിടയിലും കാലിലും ചോരക്കറ. താൻ പെർളടുക്കത്താണ് താമസമെന്നും ഇവിടെ ക്ഷേത്രത്തിൽ വന്നതാണെന്നും അയാൾ പോലീസിന് മറുപടി നൽകി. പെർളടുക്കം സ്വദേശിയും ആദൂർ സ്റ്റേഷനിലെ പോലീസ് ഓഫീസറുമായ അശോകനെ റെയിൽവേ പോലീസ് ബന്ധപ്പെട്ടു. അപ്പോഴാണ് അറിയുന്നത് ഭാര്യയെ വെട്ടിനുറുക്കിയ പ്രതിയാണ് മുന്നിലെന്ന്. തുടർന്ന് റെയിൽവേ പോലീസ് അശോകനെ ബേഡകം പോലീസിന് കൈമാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!