KSDLIVENEWS

Real news for everyone

മുഖ്യമന്ത്രിക്ക് രാഷ്‌ട്രീയവിരോധം; സിൽവർലൈന് സഹായം തേടരുതെന്ന് ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു- ഇ ശ്രീധരൻ

SHARE THIS ON

പൊന്നാനി:മുഖ്യമന്ത്രിക്ക് തന്നോട് രാഷ്ട്രീയ വിരോധമാണെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. സിൽവർലൈൻ പാതയുമായി ബന്ധപ്പെട്ട് തന്റെ സഹായം തേടരുതെന്ന് ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദേശംനൽകിയെന്നും മെട്രോമാൻ ആരോപിച്ചു. രാഷ്ട്രീയവിരോധം മാത്രമല്ല, പിണറായി വിജയനുമായി പല കാര്യങ്ങളിലുമുണ്ടായ വിയോജിപ്പും കാരണമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

“കേരളത്തിന് ഒട്ടും ഗുണകരമല്ലാത്ത തലശ്ശേരി-മൈസൂരു പാതയ്ക്കായി പിണറായി സമ്മർദം ചെലുത്തി. ഞാനതിനു വഴങ്ങിയില്ല. നിലമ്പൂർ-നഞ്ചൻകോട് പാതയാണ് കേരളത്തിന് ആവശ്യമെന്ന നിലപാടിൽ ഉറച്ചുനിന്നു. ഇതിന്റെ ദേഷ്യത്തിലാണ് തിരുവനന്തപുരം ലൈറ്റ് മെട്രോ, കോഴിക്കോട് ലൈറ്റ് മെട്രോ, സിൽവർലൈൻ എന്നീ പദ്ധതികളിൽനിന്ന് ഒഴിവാക്കിയത്. അതിവേഗ റെയിൽപ്പാതയ്ക്കായി പദ്ധതി തയ്യാറാക്കാൻ 2010-ൽ അന്നത്തെ വ്യവസായവകുപ്പ് മന്ത്രി എളമരം കരീം എന്നെ നേരിട്ടുവന്നു കണ്ടതാണ്”- അദ്ദേഹം പറഞ്ഞു.


“സിൽവർലൈൻ പദ്ധതി നാടിനു നല്ലതല്ല. ശരിയായ പദ്ധതിയാണെങ്കിൽ കൂടെനിൽക്കാൻ തയ്യാറാണ്. പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രിയെ പലരും തെറ്റിദ്ധരിപ്പിക്കുകയാണ്. ഈ പദ്ധതിയുമായി മുന്നോട്ടുപോകാൻ പറ്റിയ അവസ്ഥയല്ല കേരളത്തിന്റേത്. ഇപ്പോഴത്തെ പദ്ധതിയിൽ സാങ്കേതികപ്പിഴവുകൾ ധാരാളമുണ്ട്. എന്നെപ്പോലുള്ള 10 ശ്രീധരൻമാരുണ്ടായാലും 10 വർഷംകൊണ്ട് ഈ പദ്ധതി തീർക്കാനാവില്ല.

ഒരു പഠനവും നടത്താതെയാണ് പദ്ധതി രൂപരേഖ തയ്യാറാക്കിയത്. അഞ്ചുവർഷംകൊണ്ട് ഭൂമിയേറ്റെടുക്കൽപോലും പൂർത്തീകരിക്കാനാവില്ല. 55 ദിവസംകൊണ്ടാണ് പദ്ധതി രൂപരേഖ തയ്യാറാക്കിയത്. ഇത്തരത്തിലൊരു പദ്ധതി തയ്യാറാക്കാൻ ചുരുങ്ങിയത് രണ്ടുവർഷമെങ്കിലും വേണം. പദ്ധതി തുടങ്ങിവെച്ചാലും പൂർത്തീകരിക്കാൻ കഴിയില്ല” -അദ്ദേഹം പറഞ്ഞു.


ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല

പരാജയത്തിൽനിന്ന് പാഠംപഠിച്ചെന്നും പ്രായം 90 കഴിഞ്ഞതിനാൽ ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും ഇ. ശ്രീധരൻ പറഞ്ഞു. എന്നാൽ, രാഷ്ട്രീയം ഉപേക്ഷിക്കില്ല. ബി.ജെ.പി. ദേശീയ കൗൺസിലിൽ പ്രത്യേക ക്ഷണിതാവായി തുടരും -അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥിയായിരുന്നു ശ്രീധരൻ.

“തിരഞ്ഞെടുപ്പിൽ തോറ്റഘട്ടത്തിൽ നിരാശയുണ്ടായിരുന്നു. എം.എൽ.എ. ആയതുകൊണ്ടുമാത്രം ഒന്നും ചെയ്യാൻ കഴിയില്ലെന്നു തിരിച്ചറിഞ്ഞതോടെ നിരാശമാറി. രാഷ്ട്രീയക്കാരനായല്ല ബ്യൂറോക്രാറ്റ് ആയിട്ടാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. രാഷ്ട്രീയത്തിൽ ഇല്ലാതെതന്നെ നാടിനെ സേവിക്കാനാവുന്നുണ്ട്. ബി.ജെ.പി.യുടെ വളർച്ച താഴേയ്ക്കുപോയി. സംസ്ഥാനതലത്തിൽ തിരുത്തലുകൾ നടത്തിയാൽ പാർട്ടിക്കു മുന്നോട്ടുപോകാൻ കഴിയും”-അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!