തിരുനെല്‍വേലിയില്‍ സ്‌കൂള്‍ ശൗചാലയ ഭിത്തി തകര്‍ന്ന് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം

തെന്മല: തിരുനെൽവേലിയിൽ സ്കൂളിലെ ശൗചാലയത്തിന്റെ ഭിത്തി തകർന്നുവീണ് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. തിരുനെൽവേലി നഗരത്തിലെ സാപ്റ്റർ ഹയർ സെക്കൻഡറി സ്കൂളിലെ ശൗചാലയത്തിന്റെ ഭിത്തിയാണ് തകർന്നുവീണത്. അൻപഴകൻ (14), വിശ്വരഞ്ജൻ (13), സുധീഷ് (11) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 10.50-ന് സ്കൂൾ ഇടവേളയ്ക്കിടയായിരുന്നു സംഭവം നടന്നത്. മരിച്ച മൂന്നു കുട്ടികൾ ഉൾപ്പെടെ നിരവധി പേർ ഈ സമയം ശൗചാലയത്തിലേക്ക് പോകുകയായിരുന്നു. ഈ സമയം ഭിത്തി തകർന്ന് കുട്ടികളുടെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു.
സംഭവസ്ഥലത്തുവെച്ചും ആശുപത്രിയിൽ കൊണ്ടു പോകുന്നതിനിടയിലുമാണ് കുട്ടികൾ മരിച്ചത്. കനത്ത മഴയിൽ ഭിത്തി നനഞ്ഞിരുന്നതും മുൻപ് പൊട്ടൽ ഉണ്ടായിരുന്നതുമാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക സൂചന.

