തീരുമാനങ്ങള്‍ തെറ്റായിരുന്നിരിക്കാം; ഉദ്ദേശങ്ങള്‍ തെറ്റായിരുന്നെന്ന് ആര്‍ക്കും പറയാനാവില്ല- അമിത് ഷാ

ലഖ്നൗ: ചില തീരുമാനങ്ങൾ തെറ്റായിരുന്നെങ്കിലും കേന്ദ്ര സർക്കാരിന്റെ ഉദ്ദേശങ്ങൾ തെറ്റായിരുന്നെന്ന് ആർക്കും പറയാനാകില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞ ഏഴ് വർഷത്തിനിടെ രാജ്യത്ത് ഏറെ മാറ്റങ്ങളുണ്ടായതായി സർക്കാരിന്റെ വിമർശകർ പോലും പറയുമെന്നും അമിത് ഷാ പറഞ്ഞു.
ഈ സർക്കാരിനെതിരെ ഒരു അഴിമതി ആരോപണം പോലും ഉയർന്നില്ല. ഇന്ത്യൻ ജനതയ്ക്ക് നഷ്ടപ്പെട്ട ജനാധിപത്യത്തിലുള്ള വിശ്വാസം പുനഃസ്ഥാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചുവെന്നും കോൺഗ്രസിനുള്ള വിമർശനമായി അമിത് ഷാ കൂട്ടിച്ചേർത്തു..
‘മോദി സർക്കാർ ആദ്യമായി അധികാരം ഏൽക്കുമ്പോൾ ജനങ്ങൾക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടമായിരുന്നു. ബഹുകക്ഷി ജനാധിപത്യ ഭരണത്തിൽ ജനങ്ങൾക്ക് നഷ്ടപ്പെട്ട വിശ്വാസം പുനഃസ്ഥാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചു’ – അമിത് ഷാ പറഞ്ഞു.
ഉത്തർപ്രദേശിലെ ലഖ്നൗവിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി യോഗി ആദിത്യനാഥും പരിപാടിയിൽ പങ്കെടുത്തു.

