യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന; കൊച്ചി മെട്രോ സര്‍വീസുകളുടെ എണ്ണം കൂട്ടുന്നു

കൊച്ചി: മെട്രോ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന. സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ച് കെഎംആര്‍എല്‍. പ്രതിദിന യാത്രക്കാരുടെ എണ്ണം 54,000 കടന്നതായാണു വിവരങ്ങള്‍. 11ാം തിയതി ശനിയാഴ്ച മാത്രം 54,504 പേര്‍ മെട്രോയില്‍ യാത്ര ചെയ്തു. കോവിഡ് കാലത്ത് കനത്ത ഇടിവുണ്ടായെങ്കിലും കൂടുതല്‍ ഇളവുകള്‍ വരികയും കൂടുതല്‍ സുരക്ഷിത സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തതോടെ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു.
മെട്രോ സര്‍വീസ് പുനരാരംഭിച്ചതിനു പിന്നാലെ യാത്രക്കാരുടെ എണ്ണത്തില്‍ സ്ഥിരമായ വളര്‍ച്ചയാണു രേഖപ്പെടുത്തുന്നത്. ആദ്യ ലോക്ഡൗണിനുശേഷം സര്‍വീസ് ആരംഭിച്ചപ്പോള്‍ പ്രതിദിനം 18361 പേരാണ് യാത്രചെയ്തിരുന്നതെങ്കില്‍ രണ്ടാം ലോക്ഡൗണിനുശേഷം അത് 26,043 പേരായി വര്‍ധിച്ചു. നവംബറില്‍ അതു വീണ്ടും 41,648 പേരായി ഉയര്‍ന്നു. ഡിസംബറായതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം 54,500 കടന്നു. ഇതോടെയാണു കൂടുതല്‍ സര്‍വീസ് നടത്താന്‍, ട്രെയിനുകള്‍ക്കിടയിലെ സമയ ദൈര്‍ഘ്യം ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കുറയ്ക്കുന്നത്.
തിരക്കുള്ള സമയങ്ങളില്‍ ഏഴ് മിനിറ്റ് ഇടവിട്ടായിരുന്നു ട്രെയിനുകളെങ്കില്‍ 18ാം തീയതി മുതല്‍ ശനി, തിങ്കള്‍ ദിവസങ്ങളില്‍ 6.15 മിനിറ്റ് ഇടവിട്ട് ട്രെയിനുകളുണ്ടാകും. തിരക്കുകുറഞ്ഞ സമയങ്ങളില്‍ 8.15 മിനിറ്റ് ഇടവിട്ടായിരുന്നു ട്രെയിനുകളെങ്കില്‍ ഇനി അത് 7.30 മിനിറ്റ് ഇടവിട്ടായിരിക്കും. ഞായറാഴ്ചകളില്‍ ട്രയിനുകള്‍ക്കിടയിലെ സമയം 10 മിനിറ്റ് ആയിരുന്നു എങ്കില്‍ അത് 9 മിനിറ്റ് ആയി കുറച്ചു. ഇതോടെ ട്രെയിന്‍ സര്‍വീസിന്റെ എണ്ണം ഇപ്പോഴത്തെ 229 ല്‍ നിന്ന് ശനി, തിങ്കള്‍ ദിവസങ്ങളില്‍ 271 ആയി വര്‍ധിക്കും.
ചൊവ്വ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ ട്രെയിനുകള്‍ക്കിടയിലെ സമയത്തില്‍ മാറ്റമില്ല. തിരക്കുള്ള സമയങ്ങളില്‍ ഏഴു മിനിറ്റും മറ്റു സമയങ്ങളില്‍ 8.15 മിനിറ്റും ഇടവിട്ട് ട്രെയിനുകളുണ്ടാകും. യാത്രക്കാര്‍ക്കിടയില്‍ സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പാക്കാന്‍ തിരക്ക് കൂടിയാല്‍ സര്‍വീസ് നടത്താനായി കൂടുതല്‍ ട്രെയിനുകളും സജ്ജമാക്കിയിട്ടുണ്ടെന്ന് കെഎംആര്‍എല്‍ അറിയിച്ചു.
വിവിധ സ്റ്റേഷനുകളില്‍ നിന്ന് കൊച്ചി മെട്രോ യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ കൂടുതല്‍ ഫീഡര്‍ സര്‍വീസുകള്‍ ആരംഭിച്ചതും നിരക്കുകളില്‍ ഇളവ് നല്‍കിയതും, സ്റ്റേഷനുകളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചതും, വിശേഷ ദിവസങ്ങളില്‍ സൗജന്യനിരക്കുകള്‍ നല്‍കിയതും യാത്രക്കാരുടെ എണ്ണം അനുദിനം വര്‍ധിക്കാന്‍ സഹായകരമായി.
യാത്രയ്ക്ക് പുറമെ വിശേഷ ദിവസങ്ങളിലെ ആഘോഷത്തിനു ഒത്തുചേരാനുള്ള വേദി കൂടിയാകുകയാണ് കൊച്ചി മെട്രോ സ്റ്റേഷനുകള്‍. ക്രിസ്തുമസ്, പുതുവര്‍ഷ ആഘോഷങ്ങളോടനുബന്ധിച്ച് ശനിയാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്കായി മെട്രോ സ്റ്റേഷനുകളില്‍ സംഘടിപ്പിക്കുന്ന സ്റ്റാര്‍ നിര്‍മാണം, പുല്‍ക്കൂട് അലങ്കരിക്കല്‍, കരോള്‍ ഗാനാലാപനം, കേക്ക് നിര്‍മാണം തുടങ്ങിയ മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ നൂറു കണക്കിനു പേരാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

