KSDLIVENEWS

Real news for everyone

മാസ്‌കിന് പകരം മുഖത്ത് സ്ത്രീകളുടെ അടിവസ്ത്രം; യാത്രക്കാരനെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു

SHARE THIS ON

വാഷിങ്ടൺ: മാസ്കിന് പകരം മുഖത്ത് സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചെത്തിയ യുവാവിനെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു. ഫ്ളോറിഡ കേപ്കോറൽ സ്വദേശിയായ ആദം ജെന്നെയെയാണ് യുണൈറ്റഡ് എയർലൈൻസിന്റെ വിമാനത്തിൽനിന്ന് ജീവനക്കാർ ഇറക്കിവിട്ടത്. ഫോർട്ട് ലൗഡർഡെയ്ൽ വിമാനത്താവളത്തിൽനിന്ന് വാഷിങ്ടണിലേക്ക് പോവുകയായിരുന്ന വിമാനത്തിലായിരുന്നു സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് തന്നെ ആദം ജെന്നെയെ ജീവനക്കാർ ഇറക്കിവിടുകയായിരുന്നു.

സ്ത്രീകളുടെ അടിവസ്ത്രമാണ് ധരിച്ചതെന്ന് ശ്രദ്ധയിൽപ്പെട്ടതോടെ കാബിൻ ക്രൂ ഇയാളോട് വിമാനത്തിൽനിന്നിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. എന്താണ് കാരണമെന്ന് ആദം തിരിച്ചുചോദിച്ചപ്പോൾ നിർദേശാനുസരണമുള്ള മാസ്ക് ധരിച്ചിട്ടില്ലെന്നായിരുന്നു കാബിൻ ക്രൂവിന്റെ മറുപടി. തുടർന്ന് വാക്കേറ്റത്തിനോ തർക്കത്തിനോ മുതിരാതെ ആദം വിമാനത്തിൽനിന്ന് ഇറങ്ങിയെന്നാണ് റിപ്പോർട്ട്. വിമാനത്തിലെ സഹയാത്രികർ മൊബൈലിൽ പകർത്തിയ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.


അതേസമയം, മാസ്ക് നിർബന്ധമാക്കിയതിനെതിരേയുള്ള തന്റെ പ്രതിഷേധമാണിതെന്നായിരുന്നു ആദത്തിന്റെ മറുപടി. മണ്ടത്തരം വ്യക്തമാക്കി നൽകാൻ അതേരീതി തന്നെയാണ് നല്ലതെന്നാണ് താൻ കരുതുന്നതെന്നും നേരത്തെ മറ്റുചില വിമാനങ്ങളിലും ഇതേരീതിയിൽ യാത്രചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിമാനങ്ങളിലെ ജീവനക്കാരിൽനിന്ന് വ്യത്യസ്തമായ പ്രതികരണങ്ങളാണ് നേരിടേണ്ടിവന്നത്. ചിലർ അഭിനന്ദിച്ചപ്പോൾ മറ്റുചിലർ എതിർക്കുകയായിരുന്നു. യുണൈറ്റഡ് വിമാനത്തിൽനിന്ന് തന്നെ പുറത്താക്കിയതിന് പിന്നാലെ തനിക്ക് പിന്തുണ അർപ്പിച്ച് മറ്റുചിലരും പുറത്തിറങ്ങിയെന്നും ആദം പറഞ്ഞു.

അതിനിടെ, വിഷയത്തിൽ കൃത്യമായി ഇടപെട്ട ജീവനക്കാരെ യുണൈറ്റഡ് എയർലൈൻസ് അഭിനന്ദിച്ചു. യാത്രക്കാരൻ കൃത്യമായരീതിയിൽ മാസ്ക് ധരിച്ചിരുന്നില്ലെന്നും അക്കാര്യം മനസിലാക്കി ടേക്ക് ഓഫിന് മുമ്പ് തന്നെ ജീവനക്കാർ വിഷയത്തിൽ ഇടപെട്ടെന്നും കമ്പനി പറഞ്ഞു. പാസഞ്ചർ ഇൻസിഡന്റ് റിവ്യൂ കമ്മിറ്റി സംഭവത്തിൽ പുനഃപരിശോധന നടത്തുന്നത് വരെ ആദം ജെന്നെയ്ക്ക് വിലക്കേർപ്പെടുത്തിയതായും യുണൈറ്റഡ് എയർലൈൻസ് അറിയിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!