ഒരു ലക്ഷം കടന്ന് ആഗോള ഒമിക്രോണ്‍ കേസുകള്‍

ആഗോളതലത്തില്‍ ഒരു ലക്ഷം കടന്ന് ഒമിക്രോണ്‍ കേസുകള്‍. കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ മാത്രം 15,000 പുതിയ ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടനിലും ഡെന്മാര്‍ക്കിലുമാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്.
ഇന്നലെ വരെയായി ആകെ 106 രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ബ്രിട്ടനില്‍ 60,508 ആണ് അവസാനമായി പുറത്തുവന്ന കണക്ക്. രണ്ടാം സ്ഥാനത്തുള്ള ഡെന്മാര്‍ക്കില്‍ 26,362 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നോര്‍വേ(3,871), കാനഡ(3,402), യുഎസ്(1,781) എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനത്തുള്ള രാജ്യങ്ങള്‍. ഒമിക്രോണ്‍ ആദ്യമായി കണ്ടെത്തിയ ദക്ഷിണാഫ്രിക്കയില്‍ 1,444 പേര്‍ക്കാണ് ഇതുവരെയായി കേസ് സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, ഒമിക്രോണ്‍ ബാധിച്ചവരില്‍ ആകെ 16 പേര്‍ക്ക് മാത്രമാണ് ആഗോളതലത്തല്‍ ഇതിനകം ജീവന്‍ നഷ്ടപ്പെട്ടിട്ടുള്ളത്.
അതിവ്യാപന ശേഷിയുള്ള കോവിഡ് വകഭേദമാണ് ഒമിക്രോണ്‍. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് 70 ഇരട്ടി വേഗത്തിലാണ് ഒമിക്രോണ്‍ പടരുന്നതെന്നാണ് ഹോങ്കോങ് സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയത്.

