മഞ്ചേശ്വരത്തിന്റെ ആരോഗ്യ മേഘലയ്ക്ക് പുത്തനുണർവ് നൽകി സ്വപ്ന പദ്ധതികളിലൊന്നായ ഡയാലിസിസ് കേന്ദ്രം 22 ന് നാടിന് സമര്‍പ്പിക്കും

കാസര്‍കോട്(www.kasaragodtimes.com 17.09.2020):ജില്ലയുടെ അതിര്‍ത്തിപ്രദേശമായ മഞ്ചേശ്വരത്തിന്റെ ആരോഗ്യമേഖലയ്ക്ക് പുതിയ ഊര്‍ജം പകര്‍ന്ന് ഡയാലിസിസ് കേന്ദ്രം തയ്യാറായി. ആരോഗ്യസേവനങ്ങള്‍ക്കായി മംഗലാപുരം, കാസര്‍കോട് തുടങ്ങിയ പ്രദേശങ്ങളെ ആശ്രയിച്ചിരുന്ന വടക്കന്മേഖലയിലെ ജനങ്ങള്‍ക്ക് ആശ്വാസമാവുന്ന ഡയാലിസിസ് കേന്ദ്രം ഈ മാസം 22ന് നാടിന് സമര്‍പ്പിക്കും. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള സ്വപ്ന പദ്ധതി മംഗല്‍പ്പാടിയിലെ താലൂക്ക് ആശുപത്രി കോംപൗണ്ടിലാണ് പ്രവര്‍ത്തന സജ്ജമായത്. കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തി കൊട്ടിയടച്ചപ്പോള്‍ ചികിത്സയ്ക്കായി മംഗലാപുരത്തെ ആശ്രയിച്ചിരുന്ന മഞ്ചേശ്വരത്തെയും മറ്റു ഭാഗങ്ങളിലെയും ജനങ്ങള്‍ വളരെയധികം പ്രയാസമാണ് നേരിട്ടത്. ചികിത്സ നിഷേധം മൂലം ഒരുപാട് ജീവനുകളാണ് നഷ്ടപ്പെട്ടത്. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബുവും എം സി കമറുദ്ദീന് എംഎല്‍എയും ബ്ലോക്ക് പഞ്ചായത്തും ദ്രുതഗതിയില്‍ നടപടികള്‍ സ്വീകരിച്ച് പദ്ധതി വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കുകയായിരുന്നുവെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്റഫ് പറഞ്ഞു.
അന്തരിച്ച എംഎല്‍എ പി ബി അബ്ദുല്‍ റസാഖിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതോടൊപ്പം ഉപ്പളയിലെ വ്യവസായിയും ഐഷ ഫൗണ്ടേഷന് ചെയര്‍മാനുമായ അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ് 80 ലക്ഷം രൂപയോളം വിലവരുന്ന 10 ഡയാലിസിസ് മെഷിനുകള്‍ സൗജന്യമായി നല്‍കിയതോടെ നടപടികള്‍ വേഗത്തിലായി. വൈദ്യുതീകരണം, ട്രാന്‍സഫോര്‍മര്‍ സ്ഥാപിക്കല്‍, ജനറേറ്റര്‍, പ്ലംബിങ്, എയര്‍ കണ്ടീഷന്‍ തുടങ്ങിയവയടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അമ്പത് ലക്ഷം രൂപയോളം ചെലവഴിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് ആര്‍ഒ പ്ലാന്റ്, ഡയാലിസിസ് സെന്ററിലെ ഇരിപ്പിട സൗകര്യം എന്നിവ തയ്യാറാക്കിയിട്ടുള്ളത്. രോഗികള്‍ക്കുള്ള കിടക്ക, കട്ടില്, മറ്റുപകരണങ്ങള്‍ എന്നിവ കാസര്‍കോട് വികസന പാക്കേജിലുള്‍പ്പെടുത്തിയാണ് ഒരുക്കിയത്.

