എൻഡോസൾഫാൻ: ചികിത്സയില്ല; കുരുന്നു മരണം കൂടുന്നു

കാഞ്ഞങ്ങാട് ∙ ഭരണകൂടത്തിന്റെ അനുമതിയോടെ തളിച്ച എൻഡോസൾഫാൻ വിഷമഴയേറ്റ് കുഞ്ഞു പൂവുകൾ ഒരോന്നായി കൊഴിഞ്ഞു വീഴുമ്പോഴും ദുരിതബാധിതരുടെ ആവശ്യങ്ങൾക്ക് നേരെ കണ്ണടച്ച് അധികൃതർ. കഴിഞ്ഞ രണ്ടു ദിവസങ്ങളായി മണിക്കൂറുകളുടെ ഇടവേളകളിൽ രണ്ടു കുട്ടികളാണ് മരിച്ചത്. ഒരു കുട്ടി എൻഡോസൾഫാൻ പട്ടികയിൽ പെട്ട കുട്ടിയാണെങ്കിൽ മറ്റേ കുട്ടി ക്യാംപ് നടത്തിയിരുന്നെങ്കിൽ പട്ടികയിൽ തീർച്ചയായും പെടേണ്ടതായിരുന്നു. ഇരുവർക്കും മതിയായ ചികിത്സ നൽകാൻ അധികൃതർക്ക് കഴിഞ്ഞില്ലെന്നതാണ് സത്യം.
മാണിക്കോത്തെ മൊയ്തുവിന്റെയും മിസിരിയയുടെയും മകൻ മുഹമ്മദ് ഇസ്മായിൽ (11) ആണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. എൻഡോസൾഫാൻ പട്ടികയിൽ പെട്ട ഈ കുട്ടിക്ക് സൗജന്യ ചികിത്സ നൽകാൻ അധികൃതർ ആദ്യം തയാറായില്ല. പിന്നീട് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതോടെയാണ് ചികിത്സാ സഹായം അനുവദിച്ചത്. ദീർഘകാലമായി അസുഖ ബാധിതനായി കിടപ്പിലായിരുന്നു ഇസ്മായിൽ.
കോടോം-ബേളൂർ പഞ്ചായത്തിലെ മുക്കുഴി പാൽക്കുളം മനുവിന്റെയും സുമിത്രയുടെയും മകൾ അമേയയുടെ മരണമാണ് രണ്ടാമത്തേത്. 5 വയസ്സുള്ള അമേയയുടെ രോഗം തല വളരുന്നതായിരുന്നു. സഹിക്കാൻ പറ്റാത്ത വേദനയിൽ കഴിഞ്ഞ മകൾക്ക് ചികിത്സ നൽകാൻ പാവപ്പെട്ട ഈ ദലിത് കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. ഒടുവിൽ എറണാകുളത്തെ ജ്യോതി നാരായണനും സുഹൃത്തുക്കളും ചേർന്നാണ് കുട്ടിയുടെ ചികിത്സ ഏറ്റെടുത്ത് ശ്രീചിത്രയിൽ പരിശോധനയ്ക്ക് എത്തിച്ചത്. ചികിത്സയിലിരിക്കെ അപ്രതീക്ഷിതമായിരുന്നു അമേയയുടെ മരണം. ദുരിതബാധിതരെ കണ്ടെത്താനുള്ള ക്യാംപ് നടത്തിയിരുന്നെങ്കിൽ അമേയ പട്ടികയിൽ പെടുമായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.
വാഗ്ദാനങ്ങൾ നടപ്പാകാതെ
കഴിഞ്ഞ 14 മാസമായി എൻഡോസൾഫാൻ സെൽ യോഗം ചേർന്നിട്ട്. മുൻപ് ദുരിതബാധിതർക്ക് സൗജന്യ ചികിത്സ ലഭിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ സൗജന്യ ചികിത്സ പോലും നൽകുന്നില്ല. സുപ്രീം കോടതി ദുരിതബാധിതർക്ക് 5 ലക്ഷം ധനസഹായമായി നൽകണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാൽ 3709 പേർക്ക് ഇനിയും സഹായം കിട്ടിയിട്ടില്ല. ഇതിൽ ആദ്യ ഗഡു ലഭിച്ച 1540പേർക്ക് രണ്ടാം ഗഡു ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ജില്ലയിൽ എത്തിയ മുഖ്യമന്ത്രി ദുരിതബാധിതരെ കാണാൻ പോലും തയാറായില്ലെന്നും പരാതിയുണ്ട്.

