കാസർകോട് മെഡിക്കൽ കോളേജിൽ ജനറൽ ഒപി ജനുവരി 3 മുതൽ

കാസർകോട്
ഉക്കിനടുക്കയിലെ കാസർകോട് ഗവ. മെഡിക്കൽ കോളജിൽ ജനറൽ ഒപി മൂന്നിന് തുടങ്ങും. മുന്നൊരുക്കം ആരംഭിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ റംലാബീവി മെഡിക്കൽ കോളേജ് സന്ദർശിച്ചു. ആവശ്യത്തിനുള്ള ഡോക്ടർമാരെയും നേഴ്സിങ് ജീവനക്കാരെയും ഉടൻ നിയമിക്കും. മെഡിസിൻ വിഭാഗം, പനി ക്ലിനിക് തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. ന്യൂറോളജിസ്റ്റിന്റെ സേവനം മൂന്ന് മുതൽ ലഭ്യമാകും. ഔഷധം 30ന് എത്തും. വിപുലമായ സംവിധാനത്തോടെയുളള ഒപി മാർച്ചോടെ സജ്ജമാകും. കൂടുതൽ സാധനസമഗ്രികളും ഉപകരണങ്ങളും എത്തേണ്ടതുണ്ട്. പിന്നീട് സ്പെഷ്യാലിറ്റി സൗകര്യങ്ങളും ഒരുക്കും. അക്കാദമി ബ്ലോക്കിലാണ് താൽക്കാലിക ഒപി പ്രവർത്തിക്കുക.
നിർമാണം വിലയിരുത്താനാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സാങ്കേതിക സമിതി ഉദ്യോഗസ്ഥരുമായി ചൊവ്വാഴ്ച സന്ദർശിച്ചത്. അക്കാദമിക് ബ്ലോക്കിൽ കൂടുതലായി വേണ്ട സൗകര്യങ്ങൾ, ആശുപത്രി ബ്ലോക്കിന്റെ സിവിൽ, ഇലക്ട്രിക് ജോലികളിലെ പുരോഗതി ,നിർമാണം നടക്കുന്ന രണ്ട് കെട്ടിടങ്ങളുടെ പ്രവൃത്തി എന്നിവ പരിശോധിച്ചു. ചുമതലയുള്ള കിറ്റ്കോ എൻജിനിയർമാരുമായും കരാറുകാരുമായും ചർച്ച നടത്തി. ഇലക്ട്രിക് ജോലികൾ മാർച്ചിനു മുമ്പ് പൂർത്തിയാക്കാനും നിർദേശിച്ചു. ഓരോ വിഭാഗത്തിനും ലാബ് ഉൾപ്പെടെ ഒരുക്കേണ്ടതുണ്ട്. അടുത്ത വർഷം പകുതിയോടെ ആശുപത്രി ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കും. 500 കിടക്കയും 100 വിദ്യാർഥികളുമുള്ള സൗകര്യമാണ് ആദ്യഘട്ടത്തിൽ മെഡിക്കൽ കോളേജിലുണ്ടാവുക.

