KSDLIVENEWS

Real news for everyone

മെഡിക്കൽ കോളജ് ഒപി തുടങ്ങി: ആദ്യദിനം എത്തിയത് 27 പേർ

SHARE THIS ON

ഉക്കിനടുക്ക ∙ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ‌ ഒപി വിഭാഗം മാത്രമായി പ്രവർത്തനമാരംഭിച്ച കാസർകോട് ഗവ. മെഡിക്കൽ കോളജിൽ ആദ്യദിനം ചികിത്സ തേടി എത്തിയത് 27 പേർ. ശാരീരിക അവശതകളുള്ള എൻഡോസൾഫാൻ ബാധിതയായ പുല്ലൂർ പെരിയയിൽ നിന്നുള്ള പെൺകുട്ടിയെയാണ് ന്യൂറോളജി ഒപി വിഭാഗത്തിൽ ഡോ.പി.ജിതിൻ രാജ് ആദ്യം പരിശോധിച്ചത്. ഇവർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് നേരത്തേ ചികിത്സ തേടിയിരുന്നത്.

എൻഡോസൾഫാൻ ദുരിതബാധിതർക്ക് ന്യൂറോളജിസ്റ്റിനെ കാണാൻ പരിയാരത്തും മംഗളൂരുവിലെയും ആശുപത്രിയിലേക്കു പോകേണ്ടി വരുന്ന ദുരിതം കാസർകോട് മെഡിക്കൽ കോളജിൽ ന്യൂറോളജിസ്റ്റിന്റെ സേവനം ലഭ്യമായതിലൂടെ കുറയും. ന്യൂറോളജി വിഭാഗത്തിലാണ് ഇന്നലെ കൂടുതൽ പേർ പരിശോധനയ്ക്കെത്തിയത്. അതേ സമയം ശസ്ത്രക്രിയാ സൗകര്യം കൂടി ഏർപ്പെടുത്തണമെന്നും എങ്കിൽ മാത്രമേ ഇതിന്റെ പൂർണ പ്രയോജനം ലഭിക്കൂ എന്നുമാണ് എൻ‍ഡോസൾഫാൻ ദുരിതബാധിതർ ആവശ്യപ്പെടുന്നത്.

പ്രവർത്തനം തുടങ്ങിയത് 3 ഒപികൾ

ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ന്യൂറോളജി എന്നീ 3 ഒപികളാണ് ഇപ്പോൾ പ്രവർത്തനം തുടങ്ങിയത്. ഏപ്രിൽ വരെ മിക്കവാറും ഈ ഒപികൾ മാത്രമാവും ഉണ്ടാവുക. കൂടുതൽ സ്പെഷ്യൽറ്റി ഒപികൾ തുടങ്ങുക അതിനു ശേഷം മാത്രമായിരിക്കും. ഒഫ്താൽമോളജി, ഇഎൻടി, ഡെന്റൽ, സർജറി വിഭാഗങ്ങളാണ് അടുത്ത ഘട്ടത്തിൽ പരിഗണിക്കുക.

റുമറ്റോളജി, നെഫ്രോളജി, ഡർമറ്റോളജി, പൾമനറി വിഭാഗം ഒപികളും പരിഗണനയിലുണ്ട്. സർജറി, ഇഎൻടി, ഒഫ്താൽമോളജി ഒപികൾ തുടങ്ങുന്നതിനുള്ള സാധ്യതയും പരിശോധിക്കും.രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ഒപി വിഭാഗം പ്രവർത്തിക്കുക. 6 മാസത്തേക്കുള്ള മരുന്നും ലഭ്യമാക്കിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പ‌ലിന് കാസർകോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ അധിക ചുമതല നൽകിയിട്ടുണ്ട്.

ഫോൺ കണക്ഷൻ ലഭ്യമാക്കണം

നിലവിൽ മെഡിക്കൽ കോളജിൽ ചികിത്സാ വിവരങ്ങൾ അറിയുന്നതിനോ ബുക്കിങ് സംബന്ധിച്ച അന്വേഷണങ്ങൾക്കോ ഫോൺ നമ്പർ ലഭ്യമാക്കിയിട്ടില്ല. അതതു ദിവസം ഏതെല്ലാം ഡോക്ടർമാരുണ്ട് എന്നറിയാനുള്ള സംവിധാനം ഇല്ല. പിആർഒയെയും നിയമിച്ചിട്ടില്ല.രോഗികൾക്ക് ചികിത്സാ വിവരങ്ങൾ അറിയുന്നതിന് ഇത് പ്രയാസം സൃഷ്ടിക്കുന്നു. തുടക്കമെന്ന നിലയിൽ ഇപ്പോൾ ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ന്യൂറോളജി ഒപികൾ എല്ലാ ദിവസവും ഉണ്ട്. എന്നാൽ പിന്നീട് ഇതിൽ‌ ജനറൽ മെഡിസിൻ ഒഴികെയുള്ള സ്പെഷൽ ഒപികൾ ആഴ്ചയിൽ 3 ദിവസം മാത്രമാവും. ഈ ദിവസങ്ങൾ ഏതെന്ന് ആദ്യ ആഴ്ചയിലെ പ്രവർത്തനം വിലയിരുത്തി പിന്നീട് തീരുമാനിക്കുമെന്ന് അധികൃതർ പറഞ്ഞു. അതതു ദിവസം ലഭ്യമായ ഡോക്ടർമാരുടെ വിവരം അറിയണമെങ്കിൽ മെഡിക്കൽ കോളജിൽ ഇതിനായി ഒരു ഫോൺ കണക്ഷൻ അനിവാര്യമാണ്.

ഘട്ടം ഘട്ടമായി സ്‌പെഷ്യൽറ്റി സേവനങ്ങൾ: മന്ത്രി

മെഡിക്കൽ കോളജിലെ ഒപി വിഭാഗത്തിൽ ഘട്ടം ഘട്ടമായി സ്‌പെഷ്യൽറ്റി സേവനങ്ങൾ ലഭ്യമാക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കോളജിലെ ഔട്ട് പേഷ്യന്റ് വിഭാഗം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.108 ആംബുലൻസിന്റെ സേവനം മെഡിക്കൽ കോളജിൽ ലഭ്യമാക്കും. കോളജിനടുത്തു പൊലീസ് സ്‌റ്റേഷൻ വേണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. ഇതിനുള്ള നടപടി സ്വീകരിക്കും. മെഡിക്കൽ കോളജിലെ കെട്ടിട നിർമാണങ്ങളുടെ പുരോഗതി ഉദ്യോഗസ്ഥർ സന്ദർശിച്ച് വിലയിരുത്തും. മന്ത്രി പറഞ്ഞു.

എൻ.എ. നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.ആശ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് ബി ശാന്ത, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ. റംലാ ബീവി, ജോയിന്റ് ഡയറക്ടർ ഡോ.തോമസ് മാത്യു, സ്‌പെഷൽ ഓഫിസർ ഡോ. റോയി, കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി. രാജേന്ദ്രൻ, കാസർകോട് മെഡിക്കൽ കോളജ് ഇൻചാർജ് ഡോ. എം.ബി. ആദർശ്, ഡിപിഎം ഡോ. റിജിത്ത് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!