സതീശൻ ‘രാജാവി’നോട് ചോദിച്ച് കാര്യങ്ങള്‍ മനസിലാക്കട്ടെ: പരിഹസിച്ച് ഗവർണർ

തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിപക്ഷ നേതാവ് പറയുന്ന കാര്യങ്ങള്‍ക്ക് മറുപടി അര്‍ഹിക്കുന്നില്ല. സര്‍ക്കാരിന്റെ അടുത്തയാളാണ് അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയനെ ‘രാജാവെ’ന്ന് വിശേഷിപ്പിച്ച ഗവർണർ, സതീശൻ രാജാവിനോട് ചോദിച്ച് കാര്യങ്ങള്‍ മനസിലാക്കട്ടെയെന്നും പറഞ്ഞു. ഗവർണർ ചാന്‍സലര്‍ പദവി ദുരുപയോഗം ചെയ്തെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.
അതേസമയം, ഗവര്‍ണറുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്ന് വിഡി.സതീശൻ പറഞ്ഞു. കണ്ണൂര്‍ വിസി നിയമനം നടന്നത് നിയമവിരുദ്ധമായാണ്. അക്കാര്യത്തില്‍ രണ്ടു കത്തുകള്‍ എഴുതി നിയമവിരുദ്ധമായി ഇടപെട്ട ഉന്നതവിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം. നിയമവിരുദ്ധ നടപടിക്ക് ഗവര്‍ണറും കൂട്ടുനിന്നു. പിന്നീട് അതു തെറ്റായിപ്പോയെന്ന് സമ്മതിച്ചു.
ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ ചാന്‍സലര്‍ പദവി ഉപയോഗിച്ച് വിസിയുടെ രാജി ആവശ്യപ്പെടുകയോ അല്ലെങ്കിലും നിയമനം റദ്ദാക്കുകയോ ചെയ്യണമായിരുന്നു. ഇതൊന്നും ചെയ്യാതെ ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ലെന്നാണ് ഗവര്‍ണര്‍ പറയുന്നത്. നിയമപരമായി പ്രവര്‍ത്തിക്കാന്‍ തയാറാകാത്ത ഗവര്‍ണര്‍ സര്‍ക്കാരിനെ സഹായിക്കുകയാണ്. ചാന്‍സലറുടെ അധികാരം ഉപയോഗിച്ചാല്‍ വിസി പുറത്താകും. എന്നാല്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കാന്‍ തയാറാകാത്തതിനാലാണ് ചാന്‍സലര്‍ പദവി വേണ്ടെന്നു ഗവര്‍ണര്‍ പറയുന്നത്.
ഡി ലിറ്റിന് ശുപാര്‍ശ ചെയ്‌തോയെന്ന് ഗവര്‍ണറോ സര്‍വകലാശാലയോ പറയുന്നില്ല. നിയമപരമായല്ല ഗവര്‍ണര്‍ ഇക്കാര്യം വിസിയോട് ആവശ്യപ്പെട്ടത്. ചെവിയില്‍ പറയുകയല്ല വേണ്ടത്. ഗവര്‍ണര്‍ ശുപാര്‍ശ ചെയ്‌തോ, സിന്‍ഡിക്കേറ്റ് ചര്‍ച്ച ചെയ്‌തോ എന്നൊക്കെയാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചോദിച്ചത്. കോണ്‍ഗ്രസിലെ ഏറ്റവും മുതിര്‍ന്ന നേതാവായ രമേശ് ചെന്നിത്തല എന്തെങ്കിലും അഭിപ്രായപ്രകടനം നടത്തിയാല്‍ അതില്‍ എന്താണ് തെറ്റ്?. ഞങ്ങള്‍ക്കിടയിലെ അഭിപ്രായ വ്യാത്യാസം കണ്ടുപിടിക്കാന്‍ പറ്റാത്തതാണ് നിങ്ങളുടെ പ്രശ്‌നം. രമേശ് ചെന്നിത്തലയ്ക്കും പ്രതിപക്ഷ നേതാവിനും കെപിസിസി അധ്യക്ഷനും ഒരേ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

