സിൽവർലൈൻ: സാധ്യതാറിപ്പോർട്ടുകളിലെ കണക്കുകളിൽ വൻവ്യത്യാസം

കോട്ടയം : സിൽവർലൈൻ പദ്ധതി പ്രാഥമിക സാധ്യതാ പഠനറിപ്പോർട്ടും അന്തിമ സാധ്യതാപഠന റിപ്പോർട്ടും തമ്മിൽ ക്രമരഹിതമായ അന്തരം. അന്തിമ സാധ്യതാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ 2019-ൽ പദ്ധതിക്ക് തത്ത്വത്തിലുള്ള അനുമതിനൽകിയത്. സിസ്ട്ര എന്ന കമ്പനിയാണ് ഇൗ പഠനങ്ങൾ നടത്തിയത്. പ്രാഥമിക റിപ്പോർട്ടിൽനിന്ന് അന്തിമറിപ്പോർട്ടിൽ എത്തിയപ്പോൾ യാത്രികരുടെ എണ്ണം ഇരട്ടിയായി.
പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത് 2024 ആകുമ്പോൾ ദിവസ യാത്രികരുടെ എണ്ണം 37,750 ആകുമെന്നാണ്. എന്നാൽ, അന്തിമറിപ്പോർട്ടിൽ ഇത് 67,740 എന്നാണ്. പ്രാഥമിക റിപ്പോർട്ടിൽ 2028-ൽ ദിവസം 45,650 യാത്രികരെ പ്രതീക്ഷിക്കുമ്പോൾ അന്തിമറിപ്പോർട്ടിലിത് 82,266 പേരാണ്. 2019 മേയിലാണ് സിസ്ട്ര അന്തിമറിപ്പോർട്ട് നൽകിയത്. അതേവർഷം മാർച്ചിൽ നടത്തിയ പ്രാഥമിക സാധ്യതാ പഠനത്തെ അടിസ്ഥാനമാക്കിയാണ് അന്തിമറിപ്പോർട്ട് തയ്യാറാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നിട്ടും കണക്ക് ഇരട്ടിച്ചത് എങ്ങനെയെന്നു വ്യക്തമല്ല.
പദ്ധതി ലാഭക്കണക്കിലും വ്യക്തതവരുത്താൻ വിവിധ റിപ്പോർട്ടുകൾക്ക് കഴിഞ്ഞില്ല. പദ്ധതി ലാഭകരമാണോയെന്ന് പരിശോധിക്കുന്നത് മുടക്കുമുതലിന് അടിസ്ഥാനമായി വരുമാനമുണ്ടോ എന്നുനോക്കിയാണ്. പ്രാഥമിക, അന്തിമ, വിശദ റിപ്പോർട്ടുകൾ തയ്യാറാക്കിയപ്പോൾ ഇക്കാര്യത്തിൽ വലിയ അന്തരം കാണിച്ചിട്ടുണ്ട്. ആദ്യറിപ്പോർട്ടിൽ 30 വർഷത്തേക്ക് വരുമാനനിരക്ക് 14.5 ശതമാനമാണ്. പദ്ധതിയുടെ ലാഭം ശരാശരി 1604.9 കോടിയും. രണ്ടുമാസം കഴിഞ്ഞ് തയ്യാറാക്കിയ റിപ്പോർട്ടിൽ ഇത് യഥാക്രമം 16.08 ശതമാനവും 5578 കോടിയുമാണ്.
2020-ൽ വിശദപദ്ധതി റിപ്പോർട്ട് തയ്യാറാക്കിയപ്പോൾ ലാഭനിരക്ക് കുത്തനെ ഉയർന്നു. 50 വർഷത്തേക്ക് വരുമാനനിരക്ക് 24.04 ശതമാനവും ലാഭം 19,020 കോടിയുമായി. മൂന്ന് റിപ്പോർട്ടുകളിലും വിവിധ നിർമിതികൾക്കുള്ള ചെലവുകാര്യത്തിലും വലിയ അന്തരം കാണിക്കുന്നു.
ന്യായീകരിക്കാനാവാത്ത അന്തരം
മൂന്ന് റിപ്പോർട്ടുകളിലുമുള്ള വലിയ അന്തരം റെയിൽവേ ബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കൃത്രിമമായി കണക്കുകൾ ഉണ്ടാക്കിയെന്ന് പഠനത്തിൽ വ്യക്തമായി. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് തീവണ്ടിക്ക് യാത്രികർ 35,750 ആണ്. കേരളത്തിൽ 80,000 ആകുമെന്നു പറയുന്നത് വിശ്വസനീയമല്ല. പരിസ്ഥിതിപ്രവർത്തകനായ ശ്രീധർ രാധാകൃഷ്ണൻ നടത്തിയ പഠനത്തിൽ ലാഭക്കണക്കുകളിലെ പൊള്ളത്തരവും യാത്രക്കാരുടെ എണ്ണത്തിലെ പ്രശ്നങ്ങളും തുറന്നുകാട്ടിയിട്ടുണ്ട്.-എം.ടി. തോമസ്, ആക്ഷൻ കൗൺസിൽ രക്ഷാധികാരി

