എഎസ്ഐയെ കുത്തിയ ബൈക്ക് മോഷ്ടാവിനെ പിടികൂടുന്ന ദൃശ്യം പുറത്ത്

കൊച്ചി∙ കഴിഞ്ഞ ദിവസം കൊച്ചി ഇടപ്പള്ളി മെട്രോ സ്റ്റേഷനു സമീപം എഎസ്ഐ ഗിരീഷ് കുമാറിനെ കുത്തി പരുക്കേല്പിച്ച ബൈക്ക് മോഷ്ടാവ് ബിച്ചുവിനെ പൊലീസ് പിടികൂടുന്നതിന്റെ ദൃശ്യം പുറത്തുവന്നു. പൊലീസ് ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ആദ്യം വൈറ്റിലയിലേക്കുള്ള റോഡിൽ വച്ച് ബിച്ചുവിനെ കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടു. ഇടപ്പള്ളി ജംങ്ഷനിലേക്കു വന്ന ബിച്ചുവിനെ അവിടെ വച്ചു പൊലീസ് വളഞ്ഞിട്ടു പിടിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
പിന്നാലെ ഓടിയ എഎസ്ഐ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ, ബിച്ചു എഎസ്ഐയുടെ കയ്യിൽ കുത്തി. ഇതിനിടെ മറ്റു പൊലീസ് ഉദ്യോഗസ്ഥർ സാഹസികമായി കീഴടക്കുകയായിരുന്നു. ബിച്ചുവിനെതിരെ വധശ്രമത്തിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു. അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

