കുതിച്ചുയർന്ന് കോവിഡ്; 24 മണിക്കൂറിനിടെ രാജ്യത്ത് ഒന്നരലക്ഷത്തോളം പുതിയ രോഗികൾ; 21% വർധന

ന്യൂഡൽഹി: ആശങ്കക്കിടയാക്കിക്കൊണ്ട് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,750 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 123 മരണവും റിപ്പോർട്ട് ചെയ്തു. ഇന്നലെ 27,553 പേർക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ 1,45,582 ആയി ഉയർന്നു. 10,846 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ആകെ ഒമിക്രോൺ കേസുകൾ 1700 ആയി വർധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 639 പേരും രോഗമുക്തി നേടി.
ബിഹാർ മെഡിക്കൽ കോളജിലെ 87 ഡോക്ടർമാർക്ക് കോവിഡ്
പാട്ന: ബിഹാറിലെ നളന്ദ മെഡിക്കൽ കോളജ് ആശുപത്രിയിലെ 87 ഡോക്ടർമാർക്ക് കോവിഡ്. ഇവർ ആശുപത്രിയിൽ തന്നെ സമ്പർക്കവിലക്കിൽ കഴിയുകയാണ്. ചിലർക്ക് നേരിയ ലക്ഷണങ്ങളുള്ളപ്പോൾ മറ്റുള്ളവർക്ക് ലക്ഷണങ്ങളൊന്നുമില്ല.
നടൻ ജോൺ എബ്രഹാമിനും ഭാര്യക്കും കോവിഡ്
ബോളിവുഡ് നടൻ ജോൺ എബ്രഹാമിനും ഭാര്യ പ്രിയക്കും കോവിഡ്. ചെറിയ ലക്ഷണങ്ങൾ മാത്രമേയുള്ളൂവെന്നും രണ്ടുപേരും വാക്സിൻ സ്വീകരിച്ചിരുന്നുവെന്നും താരം അറിയിച്ചു.
15-18 വയസ്സുകാർക്ക് വാക്സിൻ നൽകിത്തുടങ്ങി
15 മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികൾക്ക് വാക്‌സിൻ വിതരണം ആരംഭിച്ചു. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കുക. കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പിങ്ക് നിറത്തിലുള്ള ബോര്‍ഡ് ഉണ്ടാകും. മുതിര്‍ന്നവരുടേതിന് നീല നിറവും. എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും ഡോക്ടറുടെ സേവനമുണ്ടാകും.

