വാക്സീൻ വിതരണം 150 കോടി ഡോസ് കടന്നു; അനേകം ജീവൻ രക്ഷിച്ചെന്ന് പ്രശംസിച്ച് മോദി

ന്യൂഡൽഹി ∙ രാജ്യത്തെ കോവിഡ് വാക്സീൻ വിതരണം 150 കോടി ഡോസ് കടന്നതിനു പിന്നാലെ അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘വാക്സിനേഷൻ പ്രക്രിയയിൽ ശ്രദ്ധേയമായ ഒരു ദിവസം. 150 കോടി എന്ന നാഴികക്കല്ല് പിന്നിട്ടതിൽ അഭിനന്ദനങ്ങൾ. നമ്മുടെ വാക്‌സിനേഷൻ ഡ്രൈവ് അനേകം ജീവനുകൾ രക്ഷിച്ചു. എങ്കിലും എല്ലാ കോവിഡ് അനുബന്ധ പ്രോട്ടോക്കോളുകളും പിന്തുടരുന്നത് തുടരണം.’– പ്രധാനമന്ത്രി വെള്ളിയാഴ്ച രാത്രി ട്വീറ്റ് ചെയ്തു.
വാക്സിനേഷൻ ഡ്രൈവ് വിജയിപ്പിച്ചതിന് ആരോഗ്യപ്രവർത്തകർ, മുൻനിര പോരാളികൾ, ഡോക്ടർമാർ തുടങ്ങിയവർക്കു പ്രധാനമന്ത്രി നന്ദി അറിയിച്ചു. കോവിഡിനെതിരായ പ്രതിരോധ കുത്തിവയ്പ് കഴിഞ്ഞ വർഷം ജനുവരി 16നാണ് ആരംഭിച്ചത്. ആദ്യം ആരോഗ്യംപ്രവർത്തകർക്കും മുതിർന്ന പൗരന്മാർക്കുമായിരുന്നു മുൻഗണന. പിന്നീട് 18 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവർക്കുമായി വിതരണം ആരംഭിച്ചു.
ഒക്ടോബർ 21നാണ് വാക്സീൻ വിതരണം 100 കോടി കടന്നത്. ഈ വർഷം ജനുവരി 3ന്, 15-18 വയസ്സിനിടയിലുള്ള കൗമാരക്കാർക്കും കുത്തിവയ്പ് ആരംഭിച്ചു. ഒമിക്രോൺ കേസുകൾ ഉൾപ്പെടെ വർധിക്കുന്ന സാഹചര്യത്തിൽ ജനുവരി 10 മുതൽ ആരോഗ്യ പ്രവർത്തകർ, 60 വയസ്സു മുതൽ പ്രായമുള്ള അനുബന്ധ രോഗികൾ എന്നിവർക്കു കരുതൽ ഡോസ് നൽകാനും ആരംഭിക്കും.

