‘സ്കൂളും കോളേജും മതകേന്ദ്രങ്ങളല്ല’; ഉഡുപ്പിയിലെ ഹിജാബ് വിവാദത്തില്‍ കര്‍ണാടക വിദ്യാഭ്യാസമന്ത്രി

ഉഡുപ്പിയിലെ ഗവണ്‍മെന്റ് പി യു കോളേജില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പ്രവേശിപ്പിക്കാത്ത സംഭവത്തില്‍ പ്രതികരണവുമായി കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ്. മുപ്പത് വര്‍ഷത്തോളമായി കോളേജിലെ യൂണിഫോം ചട്ടം നിലവിലുണ്ടെന്നും അന്നാെന്നും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും കര്‍ണാടക വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മതകേന്ദ്രങ്ങളല്ലെന്നും ഹിജാബ് ധരിക്കുന്നത് അച്ചടക്ക ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
‘പ്രശ്നങ്ങളൊന്നുമില്ലാതെ നൂറിലധികം മുസ്ലിം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. കുറച്ച് വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. സ്കൂളുകളും കോളേജുകളും മതകേന്ദ്രങ്ങളല്ല. ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കുന്നത് അച്ചടക്കമില്ലായ്ക്ക് തുല്യമാണ്. കാരണം മറ്റ് വിദ്യാര്‍ത്ഥികളും സമാനമായ ഇളവുകള്‍ പ്രതീക്ഷിക്കും,’ ബിസി നാഗേഷ് പറഞ്ഞു.
‘1985 മുതല്‍ കോളേജില്‍ യൂണിഫോം ഉണ്ട്. ഇതുവരെയും ഒരു പ്രശ്നവും ഇല്ല. യൂണിഫോം ഒരു പൊതുവായ ചിന്ത ഉണ്ടാക്കുന്നു. ഹിജാബ് മാത്രമല്ല കേസരി ഷാളുകളും കോളേജില്‍ അനുവദിക്കുന്നില്ല. ഈ ആറ് പെണ്‍കുട്ടികള്‍ക്ക് ഒന്നര വര്‍ഷം മുമ്ബ് വരെ യൂണിഫോമില്‍ യാതൊരു പ്രശ്നവും തോന്നിയിരുന്നില്ല. പെട്ടന്നാണ് അവര്‍ക്ക് പ്രകോപനം വന്നത്,’ ബിസി നാഗേഷ് പറഞ്ഞു.
ജനുവരി ഒന്നു മുതലാണ് ഉഡുപ്പിയിലെ കോളേജില്‍ ഹിജാബ് വിവാദം ഉടലെടുത്തത്. ഹിജാബ് ധരിച്ച ആറു പെണ്‍കുട്ടികളെ അധികൃതര്‍ ക്ലാസില്‍ നിന്നു പുറത്താക്കി. ഹിജാബ് യൂണിഫോം ചട്ടത്തിനെതിരാണെന്ന് പറഞ്ഞായിരുന്നു അധികൃതരുടെ വിലക്ക്, ഇതിനെതിരെ വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധിക്കുകയും ചെയ്തു. ഹിജാബ് ധരിക്കുന്നത് തങ്ങളുടെ അടിസ്ഥാന അവകാശമാണെന്നും അത് തടയാന്‍ കോളേജിനധികാരമില്ലെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. എന്നാല്‍ ക്യാമ്ബസില്‍ ഹിജാബ് ധരിക്കാമെന്നും ക്ലാസുകളില്‍ ഹിജാബ് ധരിച്ച് കയറാന്‍ പറ്റില്ലെന്നുമുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കോളേജ് അധികൃതര്‍. വിദ്യാര്‍ത്ഥിനികള്‍ ഇപ്പോഴും ക്ലാസിന് പുറത്താണ്.

