ക്ലബ്ബ്ഹൗസ് ആപ്പിലൂടെ മതവിദ്വേഷപ്രചാരണം; കോഴിക്കോട് സ്വദേശിനിയായ യുവതിയെ ഡല്‍ഹി പോലീസ് ചോദ്യംചെയ്യും

കോഴിക്കോട്: സാമൂഹികമാധ്യമമായ ക്ലബ്ബ് ഹൗസ് ആപ്പിലൂടെ ഒരുവിഭാഗം സ്ത്രീകൾക്കെതിരേ മതവിദ്വേഷപ്രചാരണം നടത്തിയെന്ന കേസിൽ ഡൽഹി പോലീസിന്റെ അന്വേഷണം കേരളത്തിലേക്ക്. ഡൽഹി പോലീസ് തിരിച്ചറിഞ്ഞ ആറുപേരിൽ ഒരാൾ മലയാളി പെൺകുട്ടിയാണ്. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരിയാണ്.
യുവതി മണിപ്പാലിൽ ഹോട്ടൽമാനേജ്മെന്റ് കോഴ്സിന് പഠിക്കുകയാണ്. ഇവരോട് ചോദ്യംചെയ്യലിന് ഹാജരാകാൻ ഡൽഹി പോലീസിലെ സൈബർസെൽ നിർദേശിച്ചു.
യുവതിക്ക് സംഭവത്തിൽ നേരിട്ടുപങ്കില്ലെങ്കിലും സാമൂഹികമാധ്യമത്തിൽ കമന്റിട്ടതിനാണ് മൊഴിയെടുക്കാൻ തീരുമാനിച്ചത്. യുവതിയുടെ ഫോണും ലാപ്ടോപ്പും നേരത്തെ ഡൽഹി പോലീസ് പരിശോധിച്ചിരുന്നു.
കേസിൽ ലഖ്നൗ സ്വദേശിയെ നേരത്തേ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ക്ലബ്ബ് ഹൗസ് ചർച്ചയിൽ പങ്കെടുത്തവർ സ്ത്രീകൾക്കെതിരേ വിദ്വേഷപരാമർശങ്ങൾ നടത്തിയെന്നാണ് പരാതി. ഇതിൽ കേസെടുക്കണമെന്നും കുറ്റവാളികളെ അറസ്റ്റുചെയ്യണമെന്നും ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മാലിവാൾ കഴിഞ്ഞയാഴ്ച പോലീസിനു നോട്ടീസയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡൽഹി പോലീസിന്റെ നടപടി.

