65 സീറ്റില്‍ ബിജെപി, അമരീന്ദറിന്റെ പാര്‍ട്ടിക്ക് 37: പഞ്ചാബില്‍ എന്‍ഡിഎ സീറ്റ് വിഭജനമായി

ചണ്ഡീഗഢ്: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൻഡിഎയുടെ സീറ്റ് വിഭജനം പൂർത്തിയായി. 65 സീറ്റുകളിൽ ബിജെപി മത്സരിക്കും. മുൻ മുഖ്യമന്ത്രി അമരീന്ദറിന്റെ പഞ്ചാബ് ലോക് കോൺഗ്രസ് 37 സീറ്റിലും ശിരോമണി അകാലിദൾ സംയുക്ത് പാർട്ടി 15 സീറ്റിലുമാണ് മത്സരിക്കുക.
ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ, ശിരോമണി അകാലിദൾ സംയുക്ത് നേതാവ് സുഖ്ദേവ് സിങ് ധിൻസ, ക്യാപ്റ്റൻ അമരീന്ദർ സിങ്ങ് എന്നിവർ ചേർന്ന് ഡൽഹിയിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായ വിവരം പ്രഖ്യാപിച്ചത്.
പ്രതിരോധം, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിൽ പഞ്ചാബ് മുൻപന്തിയിലാണ്. അതുകൊണ്ടുതന്നെ കേന്ദ്രത്തിന്റെ പ്രത്യേക പരിഗണന പഞ്ചാബിന് ആവശ്യമാണ്. സംസ്ഥാനവും കേന്ദ്രവുമായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഇരട്ട എഞ്ചിൻ സർക്കാരിനെയാണ് പഞ്ചാബിന് ആവശ്യമെന്ന് ജെപി നഡ്ഡ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ ശേഷം പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പേരിൽ സ്വന്തം പാർട്ടി രൂപീകരിച്ച അമരീന്ദറ് സിങ് ബി.ജെ.പി, ധിൻസയുടെ അകാലിദൾ എന്നീ പാർട്ടികളുമായി ചേർന്നുള്ള സഖ്യത്തിലാണ് മത്സരിക്കുന്നത്. തിരഞ്ഞെടുപ്പിനുള്ള പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക കഴിഞ്ഞദിവസം അമരീന്ദർ സിങ് പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ടത്തിൽ 22 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാംഘട്ട പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്നും അമരീന്ദർ സിങ് പറഞ്ഞു.
പഞ്ചാബിലെ 117 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 20നാണ് നടക്കുക.

