മഞ്ഞില്‍ പുതഞ്ഞ് വിമാനങ്ങള്‍; ഏറ്റവും തിരക്കേറിയ വിമാനത്താവളം അടച്ചു; ഈസ്താംബൂള്‍ കാഴ്ച

ഇസ്താംബൂൾ: യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഇസ്താംബൂൾ വിമാനത്താവളം കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് അടച്ചു. കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലുണ്ടായ അപൂർവമായ മഞ്ഞുവീഴ്ചയെത്തുടർന്ന് ഏഥൻസിൽ വാക്സിനേഷൻ കേന്ദ്രങ്ങളും അടച്ചു. ഇത് മേഖലയെ ഇരുട്ടിലാക്കുകയും വൻഗതാഗത കുരുക്കിനിടയാക്കുകയും ചെയ്തു.
കനത്ത മഞ്ഞുവീഴ്ചയിൽ ഇസ്താംബൂൾ വിമാനത്താവളത്തിലെ കാർഗോ ടെർമിനൽ തകർന്നുവീണു. ആർക്കും പരിക്കേറ്റിട്ടില്ല. മിഡിൽ ഈസ്റ്റിലേക്കും യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും ഏഷ്യയിലേക്കുമുള്ള വിമാനങ്ങൾ പറക്കാനാകാതെ ഇസ്താംബൂൾ വിമാനത്താവളത്തിൽ നിരന്ന് കിടന്നു.
ശൈത്യകാലത്തെ ആദ്യത്തെ മഞ്ഞുവീഴ്ച ഇസ്താംബൂളിലെ പുരാതന പള്ളികളുടെ ചത്വരങ്ങളിൽ രസകരമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചു. കുട്ടികൾ മഞ്ഞുകൊണ്ടുള്ള നിർമിതികളിലേർപ്പെടുന്നതിന്റേയും വിനോദസഞ്ചാരികൾ സെൽഫിക്ക് പോസ് ചെയ്യുന്നതിന്റേയും കാഴ്ചകൾ കാണാമായിരുന്നു.
എന്നാൽ തുർക്കിയിലെ ഏറ്റവും വലിയ നഗരത്തിലെ 16 ദശലക്ഷം നിവാസികൾക്ക് ഇത് ഒരു വലിയ തലവേദനയായി മാറിയിട്ടുണ്ട്. അനേകം കാറുകൾ റോഡിൽ നിന്ന് തെന്നിമാറി നിയന്ത്രണം വിട്ട് കൂട്ടിയിടിച്ച് കിടക്കുന്നതിന്റെ ദൃശ്യങ്ങളാണ് നഗരത്തിലുടനീളം. റോഡിൽ നിന്ന് തെന്നിമാറി വൻതാഴ്ചയിലേക്കും നിരവധി വാഹനങ്ങൾ പതിച്ചിട്ടുണ്ട്.
ഇസ്താംബൂൾ ഗവർണർ വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന്റെ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ബൾഗേറിയയുമായി ഗ്രീസുമായും അതിർത്തി പങ്കിടുന്ന മേഖലയിലാണ് കനത്ത മഞ്ഞുവീഴ്ചയുള്ള പ്രദേശം.
ഷോപ്പിങ് മാളുകളെല്ലാം അടച്ചുപൂട്ടിയിട്ടുണ്ട്. വിതരണക്കാർക്ക് മഞ്ഞുവീഴ്ചയിലൂടെ ചെന്നെത്താൻ സാധിക്കാത്തതിനാൽ ഫുഡ് ഡെലിവറികളും സ്തംഭിച്ചിരിക്കുകയാണ്.
ഇസ്താംബൂൾ വിമാനത്താവളം വഴി കഴിഞ്ഞ വർഷം 37 ദശലക്ഷത്തിലധികം യാത്രക്കാരാണ് കടന്നുപോയത്. ഇത് ഇതിനോടകം തന്നെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എയർ ഹബ്ബുകളിലൊന്നായി മാറിയിട്ടുണ്ട്

