ലോകായുക്ത ഓർഡിനൻസ്: ഗവര്‍ണര്‍ക്ക് മേല്‍ സര്‍ക്കാര്‍ സമ്മര്‍ദം

തിരുവനന്തപുരം:ലോകായുക്തയുടെ വിധി നടപ്പാക്കുന്ന കാര്യത്തിൽ സർക്കാരിന് തീരുമാനമെടുക്കാമെന്ന ഓർഡിനൻസിന് അംഗീകാരം ലഭിക്കാനായി ഗവർണറുടെ മേൽ സർക്കാർ സമ്മർദം. ഇതിനായി നിയമമന്ത്രി പി. രാജീവ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കഴിഞ്ഞ ദിവസം സന്ദർശിച്ചു. എന്നാൽ മന്ത്രിസഭ ഓർഡിനൻസിന് അംഗീകാരം നൽകിയ വിവരം പുറത്തുവന്ന് വിവാദമായതോടെ ഉടനടി അംഗീകാരം നൽകേണ്ടെന്ന നിലപാടിലാണ് ഗവർണറെന്ന് അറിയുന്നു. വിമർശനങ്ങളുടെ വിശദാംശങ്ങൾ ഗവർണർ രാജ്ഭവൻ ഉദ്യോഗസ്ഥരോട് ആരാഞ്ഞു.
അധികാരം സർക്കാരിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നുവെന്നും ഇത് ലോകായുക്ത സംവിധാനത്തെത്തന്നെ ദുർബലപ്പെടുത്തുമെന്നുമാണ് വിമർശനം. കുറ്റം തെളിഞ്ഞാൽ ആരോപിതനായ പൊതുപ്രവർത്തകൻ സ്ഥാനത്തിരിക്കാൻ അയോഗ്യനാണെന്ന വിധി നടപ്പാക്കേണ്ടിവരുന്നത് ലോകായുക്തയുടെ തീരുമാനം അന്തിമവാക്കായി മാറുന്നതിന് തുല്യമാണെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നുമാണ് സർക്കാരിന്റെ നിലപാട്.
ഹൈക്കോടതിയുടെ അധികാരത്തെ ബാധിക്കുന്ന തരത്തിലുള്ള നിയമനിർമാണങ്ങൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം വേണമെന്നതിനാൽ 1999-ൽ ലോകായുക്ത നിലവിൽവന്ന നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം സംസ്ഥാനം വാങ്ങിയിരുന്നു.
പൊതുപ്രവർത്തകരുടെ അഴിമതി ലോകായുക്തയിൽ തെളിഞ്ഞാൽ അവർക്ക് ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യതയില്ലെന്ന് ലോകായുക്തയ്ക്ക് പ്രഖ്യാക്കാം. ഇതനുസരിച്ച് അവർ സ്ഥാനത്തുനിന്ന് മാറിയ ശേഷമേ അപ്പീൽ അധികാരിയായ ഹൈക്കോടതിയെ സമീപിക്കാൻ കഴിയൂ. ലോകായുക്തയുടെ ഇത്തരം വിധി മൂന്ന് മാസത്തിനകം ബന്ധപ്പെട്ട അധികാരി (ഗവർണർ/മുഖ്യമന്ത്രി/സർക്കാർ ) ഹിയറിങ് നടത്തി തീർപ്പാക്കണമെന്നാണ് പുതിയ ഭേദഗതി നിർദേശിക്കുന്നത്. സ്വാഭാവികമായും ഹൈക്കോടതിയുടെ അധികാരത്തെകൂടി ബാധിക്കുന്ന ഭേദഗതിയായതിനാൽ രാഷ്ട്രപതിയുടെ അംഗീകാരം ഓർഡിനൻസിനും ആവശ്യമായിവരുമെന്നാണ് വാദം.
എന്നാൽ സർക്കാർ ഗവർണർക്ക് നൽകിയ കുറിപ്പിൽ സംസ്ഥാന വിഷയമായതിനാൽ തീരുമാനം ഇവിടെ തന്നെ എടുക്കാമെന്നും ഗവർണർക്കുതന്നെ അംഗീകാരം നൽകാമെന്നും ചൂണ്ടികാട്ടുന്നു. മൂല നിയമത്തിന് പിന്നീട് വന്ന ഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം വാങ്ങിയിരുന്നുമില്ല. എന്നാൽ ആ ഭേദഗതി ജനപ്രതിനിധികളുടെ സ്വത്ത് വിവരം സമർപ്പിക്കുന്നതിനുള്ള കാലാവധി ദീർഘിപ്പിക്കുന്നതിനുള്ളതായിരുന്നു. ഹൈക്കോടതിയുടെ അധികാരവുമായി ബന്ധപ്പെട്ട കാര്യമല്ലാത്തതിനാൽ രാഷ്ട്രപതിയുടെ അംഗീകാരത്തിന്റെ ആവശ്യമുണ്ടായിരുന്നുമില്ല.
നിലവിൽ മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികൾക്കെതിരേ വിജിലൻസ് അന്വേഷണത്തിനുപോലും ഗവർണറുടെ അനുമതി വേണം. സർക്കാരിന്റെ ഉപദേശമനുസരിച്ചാകും ഗവർണറുടെ തീരുമാനം. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ നിയമത്തിലൂടെ പൊതുരംഗത്തുള്ളവർക്കെതിരേ വിജിലൻസ് അന്വേഷണത്തിനുള്ള സാധ്യത പരിമിതപ്പെടുകയാണ്. ഇതിന് പുറമേയാണ് ലോകായുക്തയ്ക്കുള്ള അധികാരം കൂടി സർക്കാരിലേക്കാക്കാനുള്ള നിയമനിർമാണം.
യു.ഡി.എഫ്. ഗവർണറെ കാണും
ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ്. പ്രതിനിധിസംഘം ഗവർണറെ കാണും. വ്യാഴാഴ്ച രാവിലെ കാണാൻ അനുമതിതേടി. ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗവർണർക്ക് കത്ത് നൽകിയിരുന്നു.Q

