KSDLIVENEWS

Real news for everyone

ദിലീപ് ഫോൺ മാറ്റി; പിടിച്ചെടുത്തത് പുതിയത്; ചോദ്യം ചെയ്യല്‍ അവസാനിച്ചു

SHARE THIS ON

കൊച്ചി∙ പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെ ചോദ്യം ചെയ്യുന്നത് അവസാനിച്ചു. മൂന്നു ദിവസങ്ങളിലായി 33 മണിക്കൂറാണ് ആകെ ചോദ്യം ചെയ്തത്. ദിലീപ് അടക്കം അഞ്ച് പ്രതികളെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യാൻ മൂന്നു ദിവസമാണ് ഹൈക്കോടതി അനുവദിച്ചത്.

വധഭീഷണി കേസിനു പിന്നാലെ ദിലീപ് അടക്കം നാല് പ്രതികൾ ഫോൺ മാറ്റിയെന്ന് കണ്ടെത്തി. ദിലീപിന്റെ വീട്ടിൽനിന്നു പിടിച്ചെടുത്തത് പുതിയ ഫോൺ ആണ്. തെളിവുകൾ നശിപ്പിക്കാനാണ് ഫോൺ മാറ്റിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അതേ സമയം, പഴയ ഫോൺ ഹാജരാക്കാൻ നോട്ടിസ് നൽകി. ഗൂഢാലോചനക്കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്നും ഇക്കാര്യം കോടതിയില്‍ ആവശ്യപ്പെടുമെന്നും ക്രൈംബ്രാഞ്ച് എസ്പി പറഞ്ഞു.

പൊലീസ് റെയ്ഡിൽ പിടിച്ചെടുത്ത ചില ഡിജിറ്റൽ സാമഗ്രികളുടെ ഫൊറൻസിക് റിപ്പോർട്ട് ലഭിക്കാനുണ്ട്. ഇതുകൂടി ലഭിച്ച ശേഷമേ അന്വേഷണ പുരോഗതി വ്യക്തമാക്കാൻ സാധിക്കൂവെന്ന് ക്രൈംബ്രാഞ്ച് എസ്പി വ്യക്തമാക്കി. മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിൽനിന്ന് ലഭിച്ച വിവരങ്ങളും തെളിവുകളും ഉൾപ്പെടെ വിശദമായ റിപ്പോർട്ട് വ്യാഴാഴ്ച ഹൈക്കോടതിയിൽ നൽകണം. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരെ ഇന്നലെ ഒരുമിച്ചും ഒറ്റയ്ക്കും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. മറ്റു 2 പ്രതികളായ ബൈജു ചെങ്ങമനാട്, അപ്പു എന്നിവരെയും വിശദമായി ചോദ്യം ചെയ്തു. പ്രതികളുടെ സമീപകാലത്തെ ഫോൺ വിളികളുടെ വിശദാംശങ്ങൾ കാണിച്ചും മറ്റു ചില സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലുമായിരുന്നു ചോദ്യം ചെയ്യൽ.

കേസിൽ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴികളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് ദിലീപും കൂട്ടുപ്രതികളും ഉന്നയിച്ച ആരോപണങ്ങളുടെ നിജസ്ഥിതിയും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!