KSDLIVENEWS

Real news for everyone

കേന്ദ്രം വെട്ടിയ നിശ്ചലദൃശ്യത്തെ ആഘോഷിച്ച് തമിഴ്നാട്; റിപ്പബ്ലിക് ദിനത്തിൽ വേറിട്ട പോരാട്ടം

SHARE THIS ON

ചെന്നൈ∙ റിപ്പബ്ലിക് ദിനാഘോഷത്തെ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പോരാട്ട വേദിയാക്കി തമിഴ്നാട്. ഡല്‍ഹിയിലെ ആഘോഷത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയ സ്വാതന്ത്ര്യസമര സേനാനികളുടെ നിശ്ചലദൃശ്യത്തെ സംസ്ഥാന തല ആഘോഷവേദിയിലെത്തിച്ചാണു തമിഴ്നാടിന്റെ വേറിട്ട സമരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും അടുപ്പക്കാരന്‍കൂടിയായ ഗവര്‍ണര്‍ ആര്‍.എന്‍.രവി പങ്കെടുത്ത വേദിയിലാണു കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം നടന്നത്. 

1248-tableau

ഝാന്‍സി റാണിക്കും മുന്‍പ് ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ പടനയിച്ച ശിവഗംഗ രാജ്ഞി വേലു നാച്ചിയാര്‍, സ്വന്തമായി കപ്പല്‍ സര്‍വീസ് നടത്തി ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച വി.ഒ.ചിദമ്പരനാര്‍, സാമൂഹിക പരിഷ്കര്‍ത്താവ് ഭാരതിയാര്‍ എന്നിവരുള്‍പ്പെട്ട നിശ്ചലദൃശ്യമായിരുന്നു തമിഴ്നാട് ഇത്തവണ ഡല്‍ഹിയില്‍ അവതരിപ്പിക്കാനിരുന്നത്.

കാരണം പോലും പറയാതെ നിശ്ചലദൃശ്യം കേന്ദ്ര സര്‍ക്കാര്‍ വെട്ടി. തുടര്‍ന്നാണു ചെന്നൈ മറീന കടല്‍ക്കരയിലെ സംസ്ഥാനതല ആഘോഷത്തില്‍ നിശ്ചലദൃശ്യം ഇടം പിടിച്ചത്. നിശ്ചലദൃശ്യം തമിഴ്നാട്ടില്‍ പര്യടനം തുടങ്ങി. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കും. ഡല്‍ഹിയിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ നിന്നു നിശ്ചലദൃശ്യം ഒഴിവാക്കിയതു വഴി തമിഴരെ കേന്ദ്ര സര്‍ക്കാര്‍ അപമാനിച്ചെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇതുവഴി പരമാവധി ബിജെപി വിരുദ്ധ വികാരമുയര്‍ത്തുകയാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെയും കൂട്ടരുടെയും ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!