സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമം; മധു കൊലക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കുടുംബം

അട്ടപ്പാടി: അട്ടപ്പാടിയിലെ മധു കൊലക്കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി കുടുംബം. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാൻ ശ്രമം നടന്നതായും മധുവിന്റെ സഹോദരി സരസു വെളിപ്പെടുത്തി.
മധുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിക്ക് രണ്ട് ലക്ഷം രൂപ വാഗ്ദാനം നൽകിയാണ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്ന് മധുവിന്റെ സഹോദരി സരസു ആരോപിക്കുന്നു. ഒരിക്കൽ മുഖം മറച്ച് രണ്ട് പേർ വീട്ടിലെത്തി തന്നെ ഭീഷണിപ്പെടുത്തുകയും കൈയിലുണ്ടായിരുന്ന ചോറ് വലിച്ചെറിഞ്ഞ് താൻ ഓടുകയായിരുന്നുവെന്നും സരസു പറഞ്ഞു.
അതേസമയം കേസ് ഒതുക്കി തീർക്കാൻ രാഷ്ട്രീയ സമ്മർദ്ദമുള്ളതായും മധുവിന്റെ സഹോദരി പറഞ്ഞു.
2018 ഫെബ്രുവരി 22നാണ് മധുവിനെ മോഷണ കുറ്റം ആരോപിച്ച് ഒരു സംഘം ആളുകൾ മർദ്ദിച്ച് കൊലപ്പെടുത്തിയത്. എന്നാൽ സംഭവം നടന്ന് നാല് വർഷം ആയിട്ടും കേസിന്റെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. കേസിലെ പതിനാറ് പ്രതികളും ജാമ്യത്തിലാണ് എന്നതാണ് മധുവിന്റെ കുടുംബത്തിന്റെ ആശങ്ക

