69 വര്‍ഷങ്ങള്‍ക്ക് ശേഷം എയര്‍ ഇന്ത്യ ടാറ്റയ്ക്ക് സ്വന്തം; ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പിന് കൈമാറി

ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള വിമാന കമ്പനിയായ എയർ ഇന്ത്യയെ കേന്ദ്രസർക്കാർ ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പിന് കൈമാറി. എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും ടാറ്റയ്ക്ക് കൈമാറി നടപടികൾ പൂർത്തിയാക്കിയതായി കേന്ദ്രം അറിയിച്ചു. ഇതോടെ ഐതിഹാസികമായ ‘മഹാരാജ’ എയർലൈനിന്റെ പൂർണനിയന്ത്രണം ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു.
ഔദ്യോഗിക കൈമാറ്റത്തിന് മുന്നോടിയായി വ്യാഴാഴ്ച ഉച്ചയോടെ ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെ എയർ ഇന്ത്യയിലെ നിലവിലെ ബോർഡ് അംഗങ്ങൾ രാജിവച്ച് ടാറ്റയുടെ പുതിയ ബോർഡ് അംഗങ്ങൾ ചുമതലയേറ്റു. ഇതോടെ എയർ ഇന്ത്യ സ്വകാര്യ മേഖലയിലെ വിമാന സർവീസായി മാറി.
കനത്ത കടബാധ്യതയെ തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കേന്ദ്ര സർക്കാർ എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് വിറ്റത്. 18000 കോടി രൂപയ്ക്കായിരുന്നു കരാർ. ഉടമ്പടി പ്രകാരം ടാറ്റ ഗ്രൂപ്പിന് എയർ ഇന്ത്യ എക്സ്പ്രസും എയർ ഇന്ത്യ ഗ്രൗണ്ട് ഹാൻഡിലിങ് വിഭാഗത്തിന്റെ 50 ശതമാനം ഓഹരിയും ലഭിക്കും. കമ്പനിയുടെ അന്തിമ വരവ് ചെലവ് കണക്ക് എയർ ഇന്ത്യ കഴിഞ്ഞ ദിവസം തന്നെ ടാറ്റയ്ക്ക് കൈമാറിയിരുന്നു.
എയർ ഇന്ത്യയുടെ ആകെ കടത്തിൽ 15300 കോടി രൂപ ടാറ്റ ഏറ്റെടുത്തു. കൈമാറ്റത്തിന് മുന്നോടിയായി ടെൻഡർ തുകയിൽ ബാക്കിയുള്ള 2700 കോടി രൂപ കേന്ദ്രസർക്കാരിന് ലഭിച്ചതായി ഡി.ഐ.പി.എ.എം സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ അറിയിച്ചു.
69 വർഷത്തിനു ശേഷമാണിപ്പോൾ എയർ ഇന്ത്യയുടെ കോക്പിറ്റിലേക്ക് ടാറ്റാ ഗ്രൂപ്പ് മടങ്ങിയെത്തിയത്. 1932ൽ ടാറ്റ ഗ്രൂപ്പ് തുടക്കമിട്ട ടാറ്റ എയർലൈൻസ് പിന്നീട് 1949ലാണ് എയർ ഇന്ത്യ എന്നു പേര് മാറ്റിയത്. 1953ലാണ് ദേശസാത്കരണത്തിലൂടെ എയർ ഇന്ത്യയെ കേന്ദ്രസർക്കാർ ഏറ്റെടുത്ത് പൊതുമേഖലാ സ്ഥാപനമാക്കിയത്. ടാറ്റാ ഗ്രൂപ്പിന് 2.8 കോടിരൂപ കൊടുത്താണ് കമ്പനിയുടെ മുഴുവൻ ഓഹരികളും അന്ന് സർക്കാർ വാങ്ങിയത്.
ടാലാസ് എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റാ സൺസ് എയർ ഇന്ത്യയെ സ്വന്തമാക്കിയത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി പ്രവർത്തന സേവന നിലവാരം മെച്ചപ്പെടുത്താൻ 100 ദിവസത്തെ പദ്ധതി തയ്യാറാക്കുമെന്നും നേരത്തെ ടാറ്റ ഗ്രൂപ്പ് അറിയിച്ചിരുന്നു.

