KSDLIVENEWS

Real news for everyone

കോവിഡ് മരണനിരക്ക് ഉയരുന്നു; കേരളം വീണ്ടും ചർച്ചയാവുന്നു

SHARE THIS ON

തിരുവനന്തപുരം:പുതുക്കിയ മാനദണ്ഡപ്രകാരം കോവിഡ് മരണപ്പട്ടികയിൽ ഇതുവരെ കേരളം കൂട്ടിച്ചേർത്തത് 17,277 മരണങ്ങൾ. ഇപ്പോൾ പുറത്തുവരുന്ന ദിവസേനയുള്ള മരണക്കണക്കിൽ വലിയൊരു പങ്കും ഇത്തരത്തിൽ കൂട്ടിച്ചേർക്കുന്നതാണ്.

കോവിഡിന്റെ ആദ്യഘട്ടങ്ങളിൽ വളരെ താഴ്ന്നുനിന്ന കേരളത്തിന്റെ മരണനിരക്ക് ഇതോടെ കുത്തനെ ഉയർന്നത് ദേശീയതലത്തിൽ ചർച്ചയായിട്ടുണ്ട്. ഏറെ വാഴ്ത്തപ്പെട്ട കേരളത്തിന്റെ കോവിഡ് പ്രതിരോധ മാതൃക വ്യാജമായിരുന്നുവെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ മറ്റു സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമായി കേരളം പഴയ മരണങ്ങൾ കൂട്ടിച്ചേർക്കുന്നതിനാലാണ് നിരക്ക് ഉയരുന്നതെന്ന് മറുവിഭാഗം പറയുന്നു.


മരണനിരക്കിൽ കേരളം ഇപ്പോഴും ദേശീയ ശരാശരിയെക്കാൾ ഏറെ താഴെയാണ്. ദേശീയ ശരാശരി 1.38 ശതമാനമാണ്. 0.5 ശതമാനമായിരുന്ന കേരളത്തിന്റെ മരണനിരക്ക് ഇപ്പോൾ 0.92 ശതമാനമായി. 52,281 മരണങ്ങളുമായി മഹാരാഷ്ട്രയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ് കേരളം. 1,42,316 ആണ് മഹാരാഷ്ടയിലെ മരണം.

ജനുവരിയിൽ മാത്രം 5734 മരണങ്ങളാണ് കേരളം കൂട്ടിച്ചേർത്തത്. ജനുവരി 24-ന് ചേർത്ത 171 മരണങ്ങളിൽ 158-ഉം പഴയ മരണങ്ങളാണ്. രേഖകൾ ഹാജരാക്കുന്നതിൽ വരുന്ന താമസമാണ് കൂട്ടിച്ചേർക്കൽ നീട്ടുന്നത്. ഒക്ടോബർ 21 മുതലാണ് കേരളം മരണപ്പട്ടിക പരിഷ്കരിച്ചു തുടങ്ങിയത്. കോവിഡ് പോസിറ്റീവായി ഒരു മാസത്തിനകം മരണപ്പെട്ടവരെയെല്ലാം കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് പുതിയ നിർദേശം.


കോവിഡ് വന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് അമ്പതിനായിരം രൂപ സാമ്പത്തിക സഹായം നൽകുന്നിന്റെ മുന്നോടിയായാണിത്. എന്നാൽ, മരണപ്പട്ടിക പരിഷ്കരിക്കാൻ കേരളം കാണിക്കുന്ന ആവേശം മറ്റു സംസ്ഥാനങ്ങൾ കാണിക്കുന്നില്ല. ഔദ്യോഗിക കണക്കിൽ 10,094 മരണങ്ങൾ മാത്രം രേഖപ്പെടുത്തിയിട്ടുള്ള ഗുജറാത്ത് സർക്കാർ സാമ്പത്തിക സഹായത്തിനുള്ള 68,370 അപേക്ഷകൾ അംഗീകരിച്ചതായാണ് സുപ്രീംകോടതിയെ അറിച്ചിരിക്കുകയാണ്. 89,633 അപേക്ഷകളാണ് അവിടെ ലഭിച്ചത്.

മഹാരാഷ്ട്ര (23,000), ബിഹാർ (6375), മധ്യപ്രദേശ് (1478) സംസ്ഥാനങ്ങളും ചണ്ഡീഗഢു (256) മാണ് കേരളത്തെ കൂടാതെ കോവിഡ് മരണപ്പട്ടിക പരിഷ്കരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!