വധശ്രമ ഗൂഢാലോചന; ദിലീപടക്കമുള്ളവർ ഫോൺ കൈമാറണം: ഇന്ന് പ്രത്യേക സിറ്റിങ്

കൊച്ചി ∙ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വധശ്രമ ഗൂഢാലോചനക്കേസിൽ നടൻ ദിലീപടക്കമുള്ള പ്രതികളുടെ മൊബൈൽ ഫോണുകൾ കൈമാറണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷയിൽ ഹൈക്കോടതി വിശദമായി വാദം കേൾക്കും. രാവിലെ 11ന് പ്രത്യേക സിറ്റിങ് നടത്തിയാണു ജസ്റ്റിസ് പി.ഗോപിനാഥിന്റെ ബെഞ്ച് ഹർജി പരിഗണിക്കുക. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നാണ് പ്രോസിക്യൂഷന്റെ പ്രധാന ആക്ഷേപം.
കേസിലെ നിർണായക തെളിവായ മൊബൈൽ ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറാൻ ദിലീപ് തയാറാകുന്നില്ല. ഈ സാഹചര്യത്തിൽ ഏഴ് മൊബൈൽ ഫോണുകൾ കൈമാറാൻ ദിലീപിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷൻ ഉപഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഏർപ്പെടുത്തിയ അറസ്റ്റിനുള്ള വിലക്ക് അന്വേഷണത്തെ ബാധിക്കുന്നതായും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾ വന്നയുടൻ അഞ്ച് പ്രതികളും ഒരുമിച്ചു ഫോൺ മാറ്റിയത് ഗൂഢാലോചനയ്ക്കു തെളിവാണ്. ഈ സാഹചര്യത്തിൽ അറസ്റ്റിനുള്ള വിലക്ക് ഒഴിവാക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നു. എന്നാൽ ബാലചന്ദ്രകുമാറുമായുള്ള സംഭാഷണങ്ങളുടെ തെളിവുകൾ അടങ്ങിയ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് കൈമാറിയിരിക്കുകയാണ് എന്നാണ് ദിലീപിന്റെ മറുപടി.
ദിലീപിന്റെയും മറ്റു പ്രതികളുടെയും മൊബൈൽ ഫോണുകൾ ഹൈക്കോടതി റജിസ്ട്രിയുടെ കസ്റ്റഡിയിൽ വയ്ക്കുന്നതല്ലേ ഉചിതമെന്ന് ഹൈക്കോടതി ചോദിച്ചു. ഫോൺ കൈമാറിയില്ലെങ്കിൽ മുൻകൂർ ജാമ്യാപേക്ഷകൾ തള്ളേണ്ടി വരുമെന്നും മുന്നറിയിപ്പു നൽകി. തെളിവുകൾ കെട്ടിച്ചമയ്ക്കുമെന്നു ഭയമുണ്ടെന്നും ബാലചന്ദ്രകുമാറിന്റെ ആരോപണം വ്യാജമാണെന്നു തെളിയിക്കുന്ന വിവരങ്ങൾ ഫോണിലുണ്ടെന്നും ദിലീപ് അറിയിച്ചു. ഫോണുകൾ ആവശ്യപ്പെടുന്നതു സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു.

