ദിലീപിന് നിർണായകദിനം; ഗൂഢാലോചന കേസിലെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കൊച്ചി∙ നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ദിലീപിനെക്കൂടാതെ, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ.സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകളാണു ജസ്റ്റിസ് പി.ഗോപിനാഥ് ഇന്ന് വിധി പറയാൻ മാറ്റിയത്.
ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മൊഴിയെ തുടർന്നു ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ മാസം പത്തിനാണു ദിലീപ് അടക്കമുള്ളവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അറസ്റ്റ് തടഞ്ഞ കോടതി ദിലീപ് അടക്കമുള്ളവരോടു ചോദ്യം ചെയ്യാനാനായി മൂന്നു ദിവസം ഹാജരാകാൻ നിർദേശം നൽകി. കൂടാതെ ചോദ്യംചെയ്യലിൽ ലഭിച്ച വിവരങ്ങളും രേഖകളും മുദ്രവച്ച കവറിൽ കോടതിയിൽ നൽകാനും പ്രോസിക്യൂഷനു നിർദേശം നൽകി.
അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ്, കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ.എസ്.സുദര്ശന് എന്നിവരടക്കമുള്ളവരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിനു ദൃക്സാക്ഷിയാണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. സംഭാഷണങ്ങളുടെ റിക്കോര്‍ഡ് ചെയ്ത ശബ്ദരേഖയും ബാലചന്ദ്രകുമാര്‍ കൈമാറിയിരുന്നു.
ഇതിനിടെ, നടൻ അടക്കമുള്ളവർ ഉപയോഗിച്ച 7 ഫോണുകൾ ഹാജരാക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടു പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഉപഹർജി നൽകി. ഫോണുകൾ ഹൈക്കോടതി റജിസ്ട്രാർ ജനറലിനു മുന്നിൽ ഹാജരാക്കാൻ തുടർന്നു കോടതി നിർദേശം നൽകി. തുടർന്ന് 6 ഫോണുകൾ ജനുവരി 31ന് മുദ്രവച്ച കവറിൽ കൈമാറി. ഫോണുകൾ കോടതിയുടെ മേൽനോട്ടത്തിൽ പരിശോധന നടത്തണമെന്ന് പ്രതികൾ ആവശ്യപ്പെട്ടതോടെ കേസ് പരിഗണിക്കുന്ന ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിക്ക് ഇവ കൈമാറാൻ നിർദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തുകയാണെന്നും വ്യാജതെളിവുകൾ ഉണ്ടാക്കാനുള്ള ശ്രമമാണു കേസിനു പിന്നിലെന്നുമാണു ദിലീപിന്റെ വാദം. തന്നോടു വ്യക്തിവൈരാഗ്യമുള്ള ബാലചന്ദ്രകുമാറിന്റെ മൊഴി മാത്രമാണുള്ളത്. ഗൂഢാലോചന കുറ്റം നിലനിൽക്കില്ലെന്നും വാദിച്ചു.
എന്നാൽ സമാനതകളില്ലാത്ത കേസാണിതെന്നും ഗൂഢാലോചന നടത്തിയതിനും തുടർനടപടികളെടുത്തതിനും തെളിവുകളുണ്ടെന്നു പ്രോസിക്യൂഷൻ അറിയിച്ചു. ദിലീപ് അടക്കമുള്ളവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെത്തുടർന്ന് പ്രതികൾ ഫോണുകൾ മാറ്റിയതു തന്നെ ഗൂഢാലോചനയ്ക്കു തെളിവാണെന്നും അറിയിച്ചു. ഫോണുകൾ മുംബൈയിലേക്ക് കടത്തിയത് അന്വേഷണം അട്ടിമറിക്കാനാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. പ്രോസിക്യൂഷനു വേണ്ടി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജിയും ദിലീപിനായി സീനിയർ അഭിഭാഷകൻ ബി.രാമൻ പിള്ളയും ഹാജരായി.

