KSDLIVENEWS

Real news for everyone

ഡിപിആർ അപൂർണം, ഫൈനൽ ലൊക്കേഷൻ സർവേ ഇല്ല; ന്യൂനത എണ്ണിപ്പറഞ്ഞ് ഇ. ശ്രീധരൻ

SHARE THIS ON

പാലക്കാട് ∙ സിൽവർലൈൻ സംബന്ധിച്ചു കേന്ദ്രത്തിന്റെ തുടർനീക്കം പദ്ധതിയുടെ വിവിധ വശങ്ങളെക്കുറിച്ച് റെയിൽവേ മന്ത്രാലയം ഉന്നയിച്ച സാങ്കേതിക, സാമ്പത്തിക സംശയങ്ങൾക്കും വിശദീകരണങ്ങൾക്കും സംസ്ഥാനത്തിന്റെ മറുപടി ലഭിച്ചശേഷമുണ്ടാകും. സംസ്ഥാന സർക്കാർ നൽകിയ സിൽവർലൈൻ പദ്ധതിയുടെ വിശദ റിപ്പോർട്ടിനുമേൽ നടത്തിയ അനൗദ്യോഗിക പരിശോധനയ്ക്കുശേഷമാണു മന്ത്രാലയം ചില വിശദീകരണങ്ങളും മറ്റും ചോദിച്ചതെന്നാണ് സൂചന.

∙ മുഖ്യമന്ത്രിയുടെ കത്ത് റെയിൽവേ മന്ത്രാലയത്തിൽ

സിൽവർലൈന് അനുമതിയും സഹകരണവും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് അയച്ച കത്ത് റെയിൽവേ മന്ത്രാലയത്തിന് കൈമാറിയതായാണ് കഴിഞ്ഞ ദിവസം മെട്രോമാൻ ഇ.ശ്രീധരൻ,കേന്ദ്ര മന്ത്രി വി.മുരളീധരൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, മുൻ പ്രസിഡന്റുമാരായ കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ് എന്നിവർ റെയിൽവേ മന്ത്രിയുമായി നടത്തിയ ചർച്ചകളിൽ വ്യക്തമായത്.

ഒന്നരമണിക്കൂർ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഡിപിആറിൽ അടിസ്ഥാനരഹിതമായ കണക്കുകളും, ഒളിപ്പിച്ചുവച്ച വസ്തുതകളും ഗുരുതരസാങ്കതിക പ്രശ്നങ്ങളും ഉണ്ടെന്നു ഇ.ശ്രീധരൻ മന്ത്രിയെ ധരിപ്പിച്ചു. റെയിൽവേ ബോർഡ് ഇൻഫ്രാസ്ട്രെക്ചർ വിഭാഗം അംഗവും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

∙ ഫീൽഡ് സർവേ ഇല്ലാതെ ഡിപിആർ

എല്ലാതലത്തിലും ഡിപിആർ(ഡീറ്റെയിൽഡ് പ്രോജക്റ്റ് റിപ്പോർട്ട്) അപൂർണമാണെന്ന് ഇ.ശ്രീധരൻ വിവിധകണക്കുകളും തൽസ്ഥിതിയും ഭാവികാര്യങ്ങളും അടിസ്ഥാനമാക്കി യോഗത്തിൽ വിശദീകരിച്ചു. പദ്ധതിക്ക് പ്രധാനമായും അടിസ്ഥാനമായും വേണ്ട ഫൈനൽ ലൊക്കേഷൻ സർവേ(എഫ്എൽഎസ്) ഫീൽഡ് അടിസ്ഥാനത്തിൽ കെ റെയിൽ തയാറാക്കിയിട്ടില്ല. നിലവിൽ അത് ഗൂഗിൾ മാപ്പിൽ മാത്രമാണുള്ളത്. എന്നാൽ ഗ്രൗണ്ട് ഗ്രൗണ്ട് സർവേ അടിസ്ഥാനമാക്കിയാണ് തുടർന്നു മുഴുവൻ നടപടികളും സ്വീകരിക്കേണ്ടത്.

ഇതുസംബന്ധിച്ചു പലതവണ വിശദാംശം ആവശ്യപ്പെട്ടെങ്കിലും മറുപടി കിട്ടിയില്ലെന്ന് റെയിൽ മന്ത്രാലയം ഉന്നത അധികൃതർ യോഗത്തിൽ വ്യക്തമാക്കിയതായാണ് സൂചന. കൃത്യമായ അലൈൻമെന്റും നൽകിയിട്ടില്ല. മറ്റു പല സാങ്കേതിക, സിവിൽ പ്രശ്നങ്ങളും വിശദമായ പദ്ധതി രേഖയിലുണ്ട്. സിൽവർലൈന് ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ 50 % കൂടുതൽ സ്ഥലം അതു പൂർത്തിയാക്കാൻ വേണ്ടിവരുമെന്നും മൊത്തം പ്രോജക്ടിന്റെ സ്വഭാവവും റൂട്ടും ആവശ്യമായ സുരക്ഷാസംവിധാനങ്ങളും ഉൾപ്പെടെ യോഗത്തിൽ ചർച്ചയായി. കൂടുതലായി വേണ്ട സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച വിവരങ്ങൾ രേഖയിൽ ഇല്ല. അതില്ലാതെ സിൽവർലൈൻ പ്രായോഗികമാകില്ല.

∙ കൂടുതൽ കെട്ടിടങ്ങൾ പൊളിക്കേണ്ടി വരും

യഥാർഥത്തിൽ ഇപ്പോൾ പദ്ധതിക്കായി പൊളിക്കേണ്ടിവരുന്ന വീടുകളുടെയും മറ്റു കെട്ടിടങ്ങളുടെയും 50% കൂടുതൽ കെട്ടിടങ്ങൾ പൊളിച്ചുമാറ്റേണ്ടിവരും. കേരളംപോലുളള സംസ്ഥാനത്ത് ഇതുണ്ടാക്കുന്ന സാമൂഹിക, സാമ്പത്തിക പ്രശ്നം ഗുരുതരമാകും. എത്ര വേഗത്തിൽ നടത്തിയാലും ഇപ്പോഴത്തെനിലയിൽ നിർമാണം പൂർത്തിയാകാൻ 10 മുതൽ 12 വർഷംവരെ വേണ്ടിവരും.

സ്ഥലം, അസംസ്കൃതവസ്തുക്കൾ, ഉപകരണങ്ങൾ തുടങ്ങി നിർമാണത്തിനാവശ്യമായ വിവിധവസ്തുക്കളുടെ ഇപ്പോഴത്തെ വിപണി അടിസ്ഥാനമാക്കിയാണ് ഡിപിആർ. ഇത്രയും വലിയ പദ്ധതിയുടെ ഭാവി ചെലവു കൂടി വിലയിരുത്താതെയുള്ള നീക്കങ്ങൾ തികച്ചും അശാസ്ത്രീയമാണെന്നും ചർച്ചയിൽ വിവിധ ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടതായാണു വിവരം. ഇപ്പോഴത്തെ പ്രോജക്റ്റ് ചെലവിന്റെ പലയിരട്ടിതുക ചെലവഴിക്കേണ്ടിവരും.

silverline-k-rail-stone
∙ വേണ്ടി വരും 3000 ൽ ഏറെ പാലങ്ങൾ

ഇപ്പോൾ നടത്തിയ സർവേയിൽ സിൽവർലൈൻ റൂട്ടിലെ വലിയപാലങ്ങൾ മാത്രമാണ് കാണാൻ കഴിഞ്ഞിട്ടുള്ളത്. കേരളത്തിന്റെ ഭൂമിശാസ്ത്രമനുസരിച്ച് ഏതാണ്ട് 3,000 പാലങ്ങളും ഇതിനിടയിൽ ഉണ്ടാകും. അവയും പുനർനിർമാണത്തിനാവശ്യമായ തുകയും ഡിപിആറിലെ മൊത്തം ചെലവിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഇ.ശ്രീധരൻ മന്ത്രിയെ ധരിപ്പിച്ചു. പദ്ധതിക്ക് ഭാവിയിലുണ്ടാകുന്ന ഭീമമായ ചെലവു മനഃപൂർ‌വം മറച്ചുവയ്ക്കുന്നതാണ് ഡിപിആർ‌ എന്നാണ് ചർച്ചയിൽ ഉയർന്ന വിലയിരുത്തലെന്നാണ് സൂചന.‌‌

ജനങ്ങളുടെ കണ്ണിൽപൊടിയിടുന്ന കാര്യങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുതെന്ന കുറ്റപ്പെടുത്തലും ശ്രീധരനും സംഘവും ചർച്ചയിൽ ഉന്നയിച്ചു. റെയിൽവേ ബോർഡ ചെയർമാനുമായും ഇ.ശ്രീധരൻ കൂടിക്കാഴ്ച നടത്തി. പദ്ധതിയുടെ അപ്രായോഗികതയും സാങ്കേതികപ്രശ്നങ്ങളും ഭാവിയിലുണ്ടാക്കാവുന്ന ഭീമമായ സാമ്പത്തിക കുരുക്കും വിശദമാക്കുന്ന രേഖാമൂലമുളള റിപ്പോർട്ടും റെയിൽവേ മന്ത്രിക്കു കൈമാറി.
വിവിധകാര്യങ്ങളിൽ കെറെയിലിന്റെ മറുപടി കൂടി ലഭിച്ചശേഷം സിൽവർലൈൻ പദ്ധതിയോടുള്ള കേന്ദ്രത്തിന്റെ നിലപാട് റെയിൽവേ മന്ത്രാലയം രേഖാമൂലം സംസ്ഥാന സർക്കാരിനെ അറിയിക്കാനാണ് സാധ്യത.

അതേസമയം, കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ് നിയന്ത്രണങ്ങളിൽ ഇളവു വരുന്നതോടെ സിൽവർലൈൻ പദ്ധതിക്കെതിരായ സമരപരിപാടികൾ ആരംഭിക്കാനാണ് ബിജെപി തീരുമാനം. കഴിഞ്ഞമാസം അവസാനം ജില്ലാതലപദയാത്രകൾ ഉൾപ്പെടെയുളള സമരം ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും കോവിഡ് തീവ്രവ്യാപനത്തെ തുടർന്ന് മാറ്റുകയായിരുന്നു.

അംഗീകാരത്തിനുള്ള കടമ്പകൾ:

∙ പദ്ധതിയുടെ വിശദമായ പ്രോജക്റ്റ് റിപ്പോർട്ടിന്(ഡിപിആർ) റെയിൽവേ ബോർഡ് ആദ്യം ഔദ്യോഗിക അംഗീകാരം നൽകണം. തുടർന്ന് നിതി ആയോഗിന്റെ അംഗീകാരം ലഭിക്കണം.
∙ ഇത് ധനമന്ത്രാലയം, പ്ലാനിങ് ആൻഡ് ഇംപ്ലിമെന്റേഷൻ മന്ത്രാലയം, റെയിൽവേ ബോർഡ്, നിതി ആയോഗ് എന്നിവയുടെ പ്രതിനിധികൾ അടങ്ങിയ എക്സ്റ്റൻഡ് റെയിൽവേ ബോർഡ് പരിശോധിക്കും.
∙ അവിടെ അംഗീകാരം കിട്ടിയാൽ റെയിൽവേ മന്ത്രിയുടെ അനുമതിയോടെ വീണ്ടും ധനമന്ത്രാലത്തിനു കൈമാറും.
∙ തുടർന്ന് കാബിനറ്റ് കമ്മിറ്റിയുടെ അനുമതിയും ലഭിച്ചാൽ മാത്രമേ കേന്ദ്രസർക്കാരിന്റെ അംഗീകാരം ലഭിച്ചതായി പറയാൻ കഴിയൂ എന്നതാണ് നിലവിലെ വ്യവസ്ഥ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!