പാലക്കാട്ടെ യുവാക്കളുടെ അപകടമരണം; പിഴവ് കെഎസ്ആര്ടിസി ബസ് ഡ്രൈവറുടേത്, വലത്തേക്ക് വെട്ടിച്ചു

പാലക്കാട്: രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ പിഴവ് സംഭവിച്ചത് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ ഭാഗത്തെന്ന് തോന്നിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞദിവസം കുഴൽമന്ദം വെള്ളപ്പാറയിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങളാണ് ചൊവ്വാഴ്ച പുറത്തുവന്നത്. അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ പിന്നിലുണ്ടായിരുന്ന ഒരു കാറിലെ ഡാഷ്കാമിൽ പതിഞ്ഞ ദൃശ്യങ്ങളാണിത്.
കഴിഞ്ഞദിവസം രാത്രിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേരാണ് മരിച്ചത്. പാലക്കാട് കാവിശ്ശേരി സ്വദേശി ആദർശ് മോഹൻ, കാസർകോട് സ്വദേശി സബിത്ത് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. രണ്ടുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. അമിതവേഗത്തിലെത്തിയ ബൈക്ക് ലോറിയിലിടിച്ച് അപകടം സംഭവിച്ചെന്നായിരുന്നു ആദ്യനിഗമനം. എന്നാൽ ചൊവ്വാഴ്ച രാവിലെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അപകടത്തിനിടയാക്കിയത് കെ.എസ്.ആർ.ടി.സി. ബസാണെന്ന് വ്യക്തമായത്.
റോഡിന്റെ വലതുവശത്തുകൂടെ പോവുകയായിരുന്ന ലോറിയെ മറികടക്കുകയായിരുന്നു ബൈക്ക്. ഇതിനിടെ കെ.എസ്.ആർ.ടി.സി. ബസും ലോറിയെ മറികടക്കാൻ ശ്രമിച്ചു. ബസ് വരുന്നത് കണ്ട് ബൈക്ക് വലത്തേക്ക് മാറിയെങ്കിലും കെ.എസ്.ആർ.ടി.സി. ഡ്രൈവർ വീണ്ടും വലത്തോട്ട് വെട്ടിക്കുകയായിരുന്നു. ഇതോടെ ബൈക്ക് ബസിനും ലോറിക്കും ഇടയിൽ വീണു. ബൈക്കിന് മുകളിലൂടെ ബസ് കയറിയിറങ്ങുകയും ചെയ്തു.
ഇടതുഭാഗത്ത് സ്ഥലമുണ്ടായിട്ടും ബസ് മനഃപൂർവം വലത്തേക്ക് വെട്ടിച്ചതാണെന്നാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. സംഭവത്തിൽ കേസെടുത്ത കുഴൽമന്ദം പോലീസ്, അപകടത്തിനിടയാക്കിയ കെ.എസ്.ആർ.ടി.സി. ബസ് പിടിച്ചെടുത്തിട്ടുണ്ട്.

