ഏതു മൂര്‍ഖനും പതുങ്ങും റോഷ്‌നിക്ക് മുന്നില്‍; അണലിയെ വാലില്‍ പിടിച്ചാല്‍ പണി കിട്ടും

തിരുവനന്തപുരം∙ വനംവകുപ്പ് ജീവനക്കാരിയായ റോഷ്‌നിയുടെ മുന്നിലെത്തിയാല്‍ ഏതു മൂര്‍ഖനും ഒന്നു ഒതുങ്ങും; പിന്നെ അനുസരണയുള്ളവരായി ബാഗിലേക്കു കയറും. വനം വകുപ്പില്‍ സജീവമായുള്ള വിരലിലെണ്ണാവുന്ന പാമ്പു പിടുത്തക്കാരികളില്‍ ഒരാളാണ് പരുത്തിപ്പള്ളി റേഞ്ച് ഓഫിസിലെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗം റോഷ്‌നി. കാട്ടാക്കടയിലെ വീട്ടില്‍നിന്ന് റോഷ്‌നി മൂര്‍ഖനെ പിടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായതോടെ അഭിനന്ദന പ്രവാഹമാണ്.
2017ല്‍ ബീറ്റ് ഫോറസ്റ്റ് ഓഫിസറായാണ് റോഷ്‌നി ജോലിക്കു കയറുന്നത്. 2019ലാണ് പാമ്പു പിടിത്തത്തില്‍ വനംവകുപ്പിന്റെ പരിശീലനം ലഭിച്ചത്. എന്നാല്‍, പിന്നീടുള്ള കാലയളവില്‍ ഫീല്‍ഡില്‍ ജോലി ചെയ്യാനുള്ള സാഹചര്യം ലഭിക്കാത്തതിനാല്‍ പാമ്പിനെ പിടിക്കാന്‍ കഴിഞ്ഞില്ല. വന്യജീവികളോടുള്ള ഇഷ്ടം കാരണമാണ് അഞ്ചു മാസങ്ങള്‍ക്കു മുന്‍പ് റോഷ്‌നി റാപ്പിഡ് റെസ്‌പോണ്‍സ് ടീമിലേക്കു മാറ്റം ചോദിച്ചു വാങ്ങി എത്തിയത്. വിവിധ തരത്തിലുള്ള വന്യജീവികളെ രക്ഷപ്പെടുത്തി കാട്ടിലേക്കു വിടുന്ന ദൗത്യമാണ് ഈ ടീമിനുള്ളത്.
റോഷ്‌നി
ഈ ടീമിലെത്തിയശേഷം വീടിനടുത്തുനിന്നാണ് പാമ്പിനെ പിടിക്കാനുള്ള വിളി ആദ്യം എത്തുന്നതെന്നു റോഷ്‌നി പറഞ്ഞു. പരിശീലനം ലഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പാമ്പിനെ ഫീല്‍ഡില്‍പോയി പിടിക്കാന്‍ റോഷ്‌നിക്ക് അവസരം ലഭിച്ചിരുന്നില്ല. വനംവകുപ്പ് പരിശീലനം നല്‍കുന്നത് 2 ദിവസമാണ്. വിഷമില്ലാത്ത പാമ്പുകളെയാണ് പരിശീലനത്തിന് ഉപയോഗിക്കുന്നത്. പരിശീലനം കഴിഞ്ഞ് വര്‍ഷങ്ങളായതിനാല്‍ പാമ്പിനെ പിടിക്കാന്‍ കഴിയുമോ എന്ന ആശങ്ക ഉണ്ടായിരുന്നതായി റോഷ്‌നി പറയുന്നു. വീടിനടുത്തുള്ള സ്ഥലമായതിനാല്‍ ഉപകരണങ്ങളുമായി പോയി. പ്രശ്‌നങ്ങളൊന്നുമില്ലാതെ പാമ്പിനെ പിടിക്കാന്‍ കഴിഞ്ഞതോടെ ആത്മവിശ്വാസം വര്‍ധിച്ചു.
പിന്നീട് വിവിധയിടങ്ങളില്‍നിന്ന് മൂര്‍ഖനെയും അണലിയെയും പെരുമ്പാമ്പിനെയും പിടിച്ചു. വനംവകുപ്പ് നല്‍കിയിട്ടുള്ള ബാഗ്, പിവിസി പൈപ്പ്, കൊളുത്ത് ഉള്‍പ്പെടെയുള്ള ഉപകരണം ഉപയോഗിച്ച് സുരക്ഷിതമായാണ് പാമ്പു പിടുത്തം. പാമ്പ് പിടിക്കുമ്പോള്‍ പരമാവധി പാമ്പിനെ സ്പര്‍ശിക്കാതെയാണ് കവറിനുള്ളിലേക്ക് ആക്കുന്നത്. മൂര്‍ഖനെ പിടിക്കുമ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍ വാലില്‍ പിടിക്കാറുണ്ട്. അണലിയെ പിടികൂടുമ്പോള്‍ വാലില്‍ പിടിക്കുന്നത് അപകടമാണെന്ന് റോഷ്‌നി പറയുന്നു. താപനില വച്ചാണ് ചുറ്റുമുള്ള വസ്തുക്കളെ അണലി തിരിച്ചറിയുന്നത് എന്നതിനാല്‍ തിരിഞ്ഞു കൊത്താനുള്ള സാധ്യത കൂടുതലാണത്രേ.
റോഷ്‌നി പാമ്പു പിടുത്തത്തിനിറങ്ങിയപ്പോള്‍ വീട്ടുകാര്‍ക്ക് അനുകൂല നിലപാടായിരുന്നില്ല. ഇപ്പോഴും സഹോദരങ്ങള്‍ക്കും അമ്മയ്ക്കും റോഷ്‌നി പാമ്പു പിടിക്കുന്നതിനോട് താല്‍പര്യമില്ല. സഹകരണ വകുപ്പിലെ സീനിയര്‍ ഇന്‍സ്‌പെക്ടറായ ഭർത്താവ് സജിത് കുമാറിന്റെ പിന്തുണയാണ് ഈ ഫീല്‍ഡില്‍ തുടരാന്‍ റോഷ്‌നിയെ പ്രേരിപ്പിക്കുന്നത്. കൂടുതല്‍ ആളുകള്‍ പാമ്പു പിടുത്തത്തെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കണമെന്ന് റോഷ്‌നി പറയുന്നു.

